സ്‌കൂളില്‍ വെള്ളമില്ല; 20 ലിറ്ററിന്റെ കാനില്‍ കൂട്ടുകാര്‍ക്ക് വെള്ളവുമായി ദേവതീര്‍ഥ്‌


പുല്ലാട് (പത്തനംതിട്ട): കൂട്ടുകാര്‍ക്ക് ദാഹിക്കുന്നതുകണ്ട് അവന്റെ നെഞ്ചുപിടഞ്ഞു. അവരുടെ തൊണ്ട വരളുന്നതറിഞ്ഞ് കണ്ണുകള്‍ നനഞ്ഞു. പിന്നെ അവന്റെ കരുതല്‍, കൂട്ടുകാരിലേക്ക് ആശ്വാസത്തിന്റെ തെളിനീരായി ഒഴുകിയിറങ്ങി.

കടപ്ര എം.ടി.എല്‍.പി. സ്‌കൂളിലാണ് ദേവതീര്‍ഥ് പഠിക്കുന്നത്. അമ്മ വിനീത ഇവിടത്തെ അധ്യാപികയും. ‘പാറേല്‍ പള്ളിക്കൂടം’ എന്നറിയപ്പെടുന്ന സ്‌കൂള്‍ കുന്നിന്‍മുകളിലാണ് സ്ഥിതിചെയ്യുന്നത്. പുല്ലാട് ജങ്ഷന് സമീപം പൈപ്പ്ലൈന്‍ പൊട്ടിയതിനാല്‍ രണ്ടുമാസമായി കടപ്രയിലേക്ക് കുടിവെള്ളം വിതരണം നിലച്ചിരിക്കുകയാണ്. ഇതോടെ സ്‌കൂളിലും വെള്ളം ഇല്ലാതായി.

വെള്ളം കിട്ടാതായതോടെ ദേവതീര്‍ഥിന്റെ സഹപാഠികള്‍ പലരും സമയത്ത് സ്‌കൂളില്‍ വരാതായി. ഇതോടെയാണ് വീട്ടില്‍നിന്ന് വെള്ളം കൊണ്ടുവരുന്നതിനെപ്പറ്റി ദേവതീര്‍ഥ് അമ്മയോട് പറഞ്ഞത്. 16 കിലോമീറ്റര്‍ അകലെ ചെങ്ങന്നൂര്‍ പാണ്ടനാട് പ്രയാറിലാണ് ദേവതീര്‍ഥിന്റെ വീട്.

വിനീതയും മകനും സ്‌കൂട്ടറിലാണ് സ്‌കൂളില്‍ വരുന്നത്. ദേവതീര്‍ഥ് സ്‌കൂളില്‍ കുടിവെള്ളം എത്തിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ വിനീതയാണ് 20 ലിറ്ററിന്റെ കാന്‍ വാങ്ങിയത്. ഇത് നിറയെ വെള്ളംനിറച്ച് സ്‌കൂട്ടറില്‍വെച്ചാണ് അമ്മയും മകനും ഇപ്പോള്‍ സ്‌കൂളില്‍ വരുന്നത്. കുട്ടികളുടെ കുടിവെള്ളക്ഷാമം ഇതോടെ പരിധിവരെ പരിഹരിക്കപ്പെട്ടു.

ഉച്ചഭക്ഷണം തയ്യാറാക്കാനും കുട്ടികളുടെ മറ്റാവശ്യങ്ങള്‍ക്കുമായി പ്രഥമാധ്യാപിക ലീന. സി. കുരുവിള സ്വന്തംകൈയില്‍നിന്ന് 650 രൂപ നല്‍കി ആഴ്ചയില്‍ 1000 ലിറ്റര്‍ വെള്ളവും വാങ്ങുന്നുണ്ട്.


Read Previous

മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് പരാതി; മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍

Read Next

ചാനല്‍ പോസ്റ്റുകള്‍ എളുപ്പത്തില്‍ പങ്കിടാം; പുതിയ ഫീച്ചറുമയി വാട്‌സ്ആപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular