അവര്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു, തൃശൂര്‍ പൂരത്തിലും രാഷ്ട്രീയക്കളി, ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതിയില്‍ വിശ്വാസികള്‍ക്ക് വിഷമം’; മോദി


തൃശൂര്‍: അഴിമതി അടക്കം വിവിധ കാര്യങ്ങളില്‍ ഇടതും കോണ്‍ഗ്രസും ഒന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും ഇടതും തമ്മില്‍ പേരില്‍ മാത്രമാണ് വ്യത്യാസമുള്ളത്. കേരളത്തില്‍ അഴിമതിയും കുടുംബാധിപത്യവുമാണ് നടക്കുന്നത്. ‘ഇന്ത്യ’ മുന്നണിയിലൂടെ ഇവരുടെ നിലപാട് വ്യക്തമായി. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസിലായി. കേരളത്തില്‍ വികസനം സാധ്യമാകണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്ക് മനസിലായിയെന്നും മോദി പറഞ്ഞു.

സംസ്ഥാനങ്ങളുടെ വികസനത്തിലൂടെയാണ് രാജ്യത്തിന്റെ വികസനം സാധ്യമാകുക എന്ന് ചിന്തിക്കുന്നവരാണ് ബിജെപി സര്‍ക്കാര്‍. രാജ്യത്ത് റോഡുകളും വിമാനത്താവള ങ്ങളും നിര്‍മ്മിച്ചു. എന്നാല്‍ ഇവിടെ മോദി വിരോധത്തിന്റെ പേരില്‍ ഒന്നും നടക്കുന്നില്ല. കൊള്ള നടത്താനുള്ള സ്വാതന്ത്ര്യമാണ് അവര്‍ക്ക് വേണ്ടത്. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കളളക്കടത്ത് നടന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി നല്‍കിയ പണത്തിന്റെ കണക്ക് പോലും ചോദിക്കരുത് എന്നാണ് അവര്‍ പറയുന്നത്. കേന്ദ്ര പദ്ധതികള്‍ക്ക് വരെ അവര്‍ തടസം സൃഷ്ടിക്കുന്നുവെന്നും മോദി ആരോപിച്ചു. ബിജെപി തൃശൂരിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

അവര്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെ കൊള്ളയുടെ മാര്‍ഗമായാണ് കാണുന്നത്. തൃശൂര്‍ പൂരത്തെ സംബന്ധിച്ച് നടക്കുന്ന രാഷ്ട്രീയ കളി ദൗര്‍ഭാഗ്യകരമാണ്. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികള്‍ക്ക് വിഷമം ഉണ്ടാക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണിതെന്നും മോദി വിമര്‍ശിച്ചു. എല്ലാവര്‍ക്കും ഒപ്പമാണ് കേന്ദ്രസർക്കാർ. എല്ലാവരുടെയും വിശ്വാസങ്ങളെ ആദരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും മോദി പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന പേരില്‍ നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് പത്തുകോടി ഉജ്വല കണക്ഷന്‍ നല്‍കി. ഇത് സാധ്യമായത് എങ്ങനെയാണ്? ‘മോദിയുടെ ഗ്യാരണ്ടി’. 11 കോടി സഹോദരിമാര്‍ക്ക് പൈപ്പ് വെള്ളം നല്‍കി. ശൗചാലയം നിര്‍മ്മിച്ച് നല്‍കി. വനിതാ സംവരണ ബില്‍ പാസാക്കി. മുസ്ലീം സ്ത്രീകളെ രക്ഷിക്കാന്‍ മുത്ത ലാഖ് നടപ്പാക്കി. ഇതെല്ലാം സാധ്യമായത് മോദിയുടെ ഗ്യാരണ്ടി വഴിയാണ്. ഇത്തരത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ സദസ്സും ഇത് ഏറ്റുവിളിച്ചു.

കേരളത്തിലെ ‘എന്റെ അമ്മമാരെ സഹോദരിമാരെ’ എന്ന് മലയാളത്തില്‍ അഭിസം ബോധന ചെയ്ത് കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. എന്നെ അനുഗ്രഹിക്കാന്‍ എത്തിയ എല്ലാ സ്ത്രീകളോടും നന്ദി. എല്ലാ വനിതകള്‍ക്ക് പുതുവത്സരാശംസകള്‍ നേരുന്നു. ഇന്നലെയായിരുന്നു മന്നത്ത് പത്മനാഭന്റെ ജയന്തി ദിനം. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. വാരാണസിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഇവിടെ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ മഹാദേവന്റെ മണ്ണില്‍ നിന്ന് സംസാരിക്കാന്‍ കഴിഞ്ഞത്. ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാവരിലും തൃശൂര്‍ പൂരത്തിന്റെ ആവേശമാണ് കാണുന്ന തെന്നും മോദി പറഞ്ഞു.കേരളത്തിലെ സ്ത്രീകള്‍ അഭിമാനം എന്ന് പറഞ്ഞ മോദി, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള അക്കാമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് അടക്കമുള്ളവരുടെ പേരുകള്‍ എടുത്തുപറഞ്ഞു.


Read Previous

ബൗളര്‍മാരുടെ പറുദീസ, ഒറ്റദിവസം വീണത് 23 വിക്കറ്റുകള്‍; രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 36 റണ്‍സിന് പിന്നില്‍

Read Next

സൗദിയിൽ 50 ൽ കൂടുതൽ പ്രായമുള്ള ഈ വിഭാഗത്തില്‍ പെടുന്നവർ കോവിഡ് വാക്‌സിൻ സ്വീകരിക്കണം: ആരോഗ്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular