തൃശ്ശൂർ പൂരം; വൻകിട ഹോട്ടലുകളിൽ പോലീസ്, സൗജന്യമായി മുറിയെടുക്കുന്നു,പരാതി; അന്വേഷിയ്ക്കും



തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് നൽകിയതായി അറിയുന്നു. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ കമ്മിഷണറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത് പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ സൂചനയാണെന്നു കരുതുന്നു.

തൃശ്ശൂരുമായും പൂരവുമായും ബന്ധമുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തിയത് അന്വേഷിയ്ക്കണമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. കമ്മിഷണറുടെ കർക്കശ നിലപാട് പോലീസ് സമൂഹത്തിന് ഒന്നടങ്കം കളങ്കമുണ്ടാക്കി. പൂരത്തിന് ഏറെ വിയർപ്പൊഴുക്കിയ പോലീസുകാരും പഴികേൾക്കേണ്ടിവന്നു. പൂരം ദിവസം നടത്തിയ ലാത്തിച്ചാർജ് അകാരണമായിരുന്നെന്നും ഒഴിവാക്കാൻ സാധിയ്ക്കുന്നതായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അങ്കിത് അശോകൻ കഴിഞ്ഞ വർഷത്തെ പൂരത്തിനിടെയും വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ ലാത്തിച്ചാർജ് നടത്തിയ കാര്യവും റിപ്പോർട്ടിലുണ്ട്.

പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പോലീസ് സൗജന്യമായി മുറിയെടുക്കുന്നെന്ന പരാതിയും ഉയർന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികളാണ് പൂരനാളുകളിൽ സൗജന്യമായി വാങ്ങുന്നത്. ഇതേപ്പറ്റിയും അന്വേഷണം നടത്താൻ നിർദേശമുണ്ട്.

ജോലി വിശദീകരിച്ചില്ല, പ്രശ്നമുണ്ടായാൽ ലാത്തിച്ചാർജിന് മാത്രം നിർദേശം

പൂരം ഡ്യൂട്ടിയുള്ള എല്ലാ സേനാംഗങ്ങൾക്കും പോലീസ് കമ്മിഷണറുെട നേതൃത്വത്തിലുള്ള ഡ്യൂട്ടി ബ്രീഫിങ്‌ എന്ന വിശദീകരണം ഇത്തവണ നടത്തിയില്ല. മേലുദ്യോഗസ്ഥർക്ക് മാത്രമായിരുന്നു ഡ്യൂട്ടി ബ്രീഫിങ്‌. മറ്റുള്ളവർക്ക് എവിടെയാണ് ഡ്യൂട്ടിയെന്നുപോലും അറിയില്ലായിരുന്നു. ഭൂരിഭാഗംപേരും ഡ്യൂട്ടി ബുക്ക് പോലും ഒപ്പിട്ടുവാങ്ങിയിട്ടില്ലെന്നും വിവരമുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവർ ഇതോടെ വലഞ്ഞു.

മറ്റു ജില്ലകളിൽനിന്നെത്തിയ പോലീസുകാരെയടക്കം പൂരം എങ്ങനെ നടക്കുമെന്ന് കൃത്യമായി ധരിപ്പിക്കാറുണ്ട്. ചടങ്ങുകളും സമയക്രമങ്ങളും അറിയിക്കും. ഇതനുസരിച്ചാണ് ഡ്യൂട്ടി ക്രമീകരിക്കുക. രാവിലെ വരുന്ന ഘടകപൂരങ്ങളുടെയും പ്രധാന പൂരത്തിന്റെയുമടക്കം തനിയാവർത്തനം രാത്രിയിലുമുണ്ടെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് അറിയില്ലായിരുന്നുവെന്നാണ് ആരോപണം.

ഇതാണ് പൂരം എത്തുന്നതിനുമുമ്പുതന്നെ ബാരിക്കേഡുകൾവെച്ച് വഴി അടയ്ക്കാനിടയാക്കിയതെന്നും പറയുന്നു. ജനങ്ങൾ തള്ളിക്കയറിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ലാത്തിച്ചാർജ് നടത്തുകയായിരുന്നു.


Read Previous

കെജരിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; ഇന്ത്യ റാലിയില്‍ സുനിതാ കെജരിവാള്‍: രാഹുല്‍ ഗാന്ധിക്ക് എത്താനായില്ല

Read Next

കണ്ണൂര്‍; 320 ബൂത്തുകളില്‍ പ്രശ്‌നസാധ്യത, രഹസ്യാന്വേഷണവിഭാഗം; സി.ആര്‍.പി.എഫും ദ്രുതകര്‍മസേനയും കണ്ണൂരിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular