പറഞ്ഞുപറ്റിച്ചു, അന്വേഷണം അട്ടിമറിച്ചു; ക്ലിഫ് ഹൗസിനുമുന്നില്‍ സമരം ചെയ്യും-സിദ്ധാര്‍ഥന്‍റെ പിതാവ്‌


തിരുവനന്തപുരം: ആൾക്കൂട്ട വിചാരണയെത്തുടർന്ന് പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചതായും അന്വേഷണം സംസ്ഥാന സർക്കാർ അട്ടിമറിച്ചെന്നും സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. സിദ്ധാര്‍ഥന്റെ 41ദിവസ മരണാനന്തര ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത് വന്നത്.

പോലീസിന്‍റെ അന്വേഷണവും സിബിഐയ്ക്ക് കൈമാറേണ്ട പ്രധാന വിവരങ്ങളും സർക്കാർ അട്ടിമറിച്ചു. സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ മൂന്ന് പേരെ സസ്പെൻസ് ചെയ്തത് പ്രഹസനമാണ്. റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോർട്ടിൽ നടപടി ഉണ്ടായില്ലെന്നും കേസിലെ പ്രതിയായ അക്ഷയിയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

എസ്എഫ്ഐ നേതാവ് അർഷോ നിരന്തരം കോളേജിൽ എത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണം. അർഷോയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും സിദ്ധാർഥനെതിരെ പരാതി കൊടുത്ത പെൺകുട്ടിയേയും കേസിൽ പ്രതി ചേർക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചമാകുന്ന മുറയ്ക്ക് നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കും. സിബിഐ അന്വേഷണം വൈകുന്നു എന്നതിനല്ല സമരം ചെയ്യുന്നത്, മറിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന് എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.


Read Previous

ഓണ്‍ലൈനില്‍ പിറന്നാള്‍ കേക്ക് വാങ്ങി; ഭക്ഷ്യവിഷബാധയേറ്റ് 10 വയസുകാരിയ്ക്ക് ദാരുണാന്ത്യം

Read Next

കുളിമുറിയില്‍ ഒളിക്യാമറവെച്ച് വീട്ടമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular