സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ; സൗദിയുമായും യുഎഇയുമായും ഇന്ത്യക്ക് വൈദ്യുത കണക്റ്റിവിറ്റി-വ്യാപാര കരാര്‍, സാങ്കേതിക പഠന വിവരങ്ങള്‍ ഇന്ത്യ സൗദി അറേബ്യയുമായി പങ്കിടും


ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി കടലിനടിയിലൂടെ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യ സാങ്കേതിക പഠനം ആരംഭിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യയുടെ ഊര്‍ജ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഈ വിവരം പുറത്തുവിട്ടത്.

സാങ്കേതിക പഠനങ്ങള്‍ക്കായി ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളായ സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി ഓഫ് ഇന്ത്യ, പവര്‍ഗ്രിഡ്, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സാങ്കേതിക പഠന വിവരങ്ങള്‍ ഇരു രാജ്യങ്ങളുമായി പങ്കിടുകയും മുന്നോട്ട് പോകു ന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഒമാനുമായും യുഎഇയുമായും സമാനമായ പദ്ധതികള്‍ക്കായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിന്റെ സാങ്കേതിക സാധ്യതകള്‍ നിര്‍ണയിക്കുന്ന സുപ്രധാനമായ പഠനം ഇതിനകം തുടങ്ങിയെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കടലിനടിയില്‍ ചില സ്ഥലങ്ങളില്‍ ആഴത്തിലുള്ള കിടങ്ങുകള്‍ ഉണ്ടാകാം. അത് ചിലപ്പോള്‍ വെല്ലുവിളിയാവാം. അത്തരത്തില്‍ എല്ലാവിധ സാങ്കേതിക വശങ്ങള്‍ മനസിലാക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പഠനം ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക പഠനം ഒരു തുടക്കം മാത്രമാണെന്ന് പഠന പദ്ധതിയുമായി ബന്ധപ്പെട്ട ടീമിന്റെ ഭാഗമായ ഈ ഉദ്യോഗസ്ഥന്‍ ഓര്‍മിപ്പിച്ചു. പഠനം എപ്പോള്‍ പൂര്‍ത്തായാവു മെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല. അതിന് ശേഷം നയതന്ത്ര ചര്‍ച്ചകളും ഭരണ പരമായ നടപടിക്രമങ്ങളും ഉണ്ടാവും. ചെലവ് പങ്കിടല്‍, ആരാണ് ലൈന്‍ നിര്‍മിക്കുക, സ്ഥാപിക്കേണ്ട റെഗുലേറ്ററി സംവിധാനങ്ങള്‍ തുടങ്ങിയ മറ്റ് ഭരണപരമായ വശങ്ങളും വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ സൗദി അറേബ്യയുമായും യുഎഇയുമായും വൈദ്യുത കണക്റ്റിവിറ്റി, വൈദ്യുത വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങള്‍ (എംഒയു) ഒപ്പുവച്ചിരുന്നു. സൗദിയുമായി 2023 ഒക്ടോബറിലും യുഎഇയുമായി കഴിഞ്ഞ മാസവുമാണ് എംഒയു ഒപ്പുവച്ചത്.


Read Previous

മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയില്‍, മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്.

Read Next

അൽഐനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular