കിണര്‍ റീച്ചാര്‍ജിങ്; സംസ്ഥാനത്ത് പുതുക്കിയ നിരക്കിന് അംഗീകാരം


പാലക്കാട്: സംസ്ഥാനത്ത് വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നായ കിണര്‍ റീച്ചാര്‍ജിങ്ങിനുള്ള യൂണിറ്റ് ചെലവ് പുതുക്കിനിശ്ചയിച്ചു. ചരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് 26,000 രൂപയും പരന്ന മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് 24,500 രൂപയുമാണ് പുതുക്കിയനിരക്ക്. ഇതടിസ്ഥാനമാക്കി ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയും മറ്റ് സാമ്പത്തികസഹായങ്ങളും അനുവദിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തദ്ദേശഭരണവകുപ്പ് അനുമതിനല്‍കി.

റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിങ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (ആര്‍.എച്ച്.ആര്‍.ഡി.സി.) മുഖേനയാണ് തദ്ദേശസ്ഥാപനങ്ങള്‍ കിണര്‍ റീച്ചാര്‍ജിങ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നത്. ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡിയും സാമ്പത്തികസഹായവും മറ്റും നല്‍കുന്നതിന് ജലശ്രീ ജലസുരക്ഷാ പദ്ധതിപ്രകാരം പുതുക്കിനിശ്ചയിച്ച നിരക്കാണ് മാനദണ്ഡമാക്കുകയെന്ന് തദ്ദേശഭരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുതുതായി നിര്‍മിക്കുന്ന വീടുകളുടെ മേല്‍ക്കൂരയില്‍നിന്നുള്ള മഴവെള്ളം മഴക്കുഴികളില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പ്ലാനുകളില്‍ തന്നെ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് മഴക്കുഴികളും മഴവെള്ളസംഭരണികളും നിര്‍മിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനാണ് തദ്ദേശസ്ഥാപനങ്ങള്‍ സബ്സിഡിയും സാമ്പത്തികസഹായങ്ങളും നല്‍കുന്നത്.

ഇതിന് മിക്ക തദ്ദേശസ്ഥാപനങ്ങളും പ്രത്യേകപദ്ധതി തയ്യാറാക്കിവരുന്നുണ്ടെങ്കിലും പുതുക്കിയ യൂണിറ്റ് നിരക്ക് നിശ്ചയിക്കാനുണ്ടായ കാലതാമസം തുക വിതരണത്തിന് തടസ്സമായിരുന്നു. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 2017-ല്‍ തയ്യാറാക്കിയ നിരക്കുപ്രകാരം പരന്ന മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് 6,348 രൂപയും ചെരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് 7,056 രൂപയുമാണ് യൂണിറ്റ് നിര്‍മാണ ചെലവായി കണക്കാക്കിയത്.


Read Previous

രണ്ടരവയസ്സുകാരിയുടെ മരണം: മകളെ ചവിട്ടിക്കൊന്നതെന്ന്, പിതാവ്; സഹോദരിയുടെ സാക്ഷിമൊഴി സഹായകമായി

Read Next

സമൂഹമാധ്യമംവഴി അടുത്തു 20-കാരൻ വീട്ടിൽ താമസിക്കാനെത്തി; 14-കാരിയായ മകളെ കടത്തിക്കൊണ്ടുപോയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular