രണ്ടരവയസ്സുകാരിയുടെ മരണം: മകളെ ചവിട്ടിക്കൊന്നതെന്ന്, പിതാവ്; സഹോദരിയുടെ സാക്ഷിമൊഴി സഹായകമായി


കാളികാവ്(മലപ്പുറം): ഉദരംപൊയിലിൽ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പു പൂർത്തിയായി. ജയിലിൽക്കഴിയുന്ന കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഫായിസ് ആദ്യം കുറ്റം നിഷേധിച്ചു. കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷമുള്ള തെളിവെടുപ്പിൽ ഫായിസ് കുറ്റം സമ്മതിക്കുകയായിരുന്നു. ചവിട്ടേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രതി മൊഴി നൽകി.

വീട്ടിലുണ്ടായിരുന്ന പ്രതിയുടെ സഹോദരിയുടെ സാക്ഷിമൊഴികൂടി തെളിവെടുപ്പു വേളയിൽ പോലീസിന് സഹായകമായി.
വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഫായിസ് കുട്ടി ഇരുന്നിരുന്ന സ്ഥലവും തന്റെ ചവിട്ടേറ്റ് കുട്ടി തെറിച്ചുവീണ സ്ഥലവും കാണിച്ചുകൊടുത്തു. വിവാഹത്തിനു മുൻപ് ഭാര്യയുമായി ഫായിസ് പ്രണയത്തിലായിരുന്നു. 2023- ൽ ആണ് വിവാഹം നടന്നത്. 2021-ൽ വിവാഹവാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി ഭാര്യ നൽകിയ കേസ് ഫായിസിനെതിരേ നിലനിൽക്കുന്നുണ്ട്. കേസ് പിൻവലിക്കാൻ നിരന്തരമായി ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. കേസ് പിൻവലിക്കാതിരുന്നതിന് ഭാര്യയെയും മർദിക്കാറുണ്ടായിരുന്നു.

ഭാര്യ നൽകിയ കേസ് വിചാരണാ ഘട്ടത്തിലേക്ക് നീങ്ങിയതതോടെ കുട്ടിക്കെതിരേ തിരിയാൻ തുടങ്ങി. മാർച്ച് 26-ന് വിചാരണയ്ക്ക് ഹാജരാകാൻ നോട്ടീസ് ലഭിച്ച ഫായിസ് വൈരാഗ്യം മൂത്ത് 24-ന് കുട്ടിയെ അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷിയുടെയും പ്രതിയുടെയും മൊഴി ഒരു പോലെയാണെന്നും കേസിൽ മറ്റാർക്കും ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കാളികാവ് പോലീസ് ഇൻസ്പെക്ടർ എം. ശശിധരൻപിള്ള പറഞ്ഞു.
ഫായിസിനെ ഒരു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

ഫായിസിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് സമീപ പ്രദേശങ്ങളിൽ നിന്നടക്കം ആളുകൾ ഉദരംപൊയിലിൽ എത്തിയിരുന്നു. തടിച്ചുകൂടിയവർ ഫായിസിനെതിരേ ആക്രോശിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കുംവരെ ഇവർ സംഭവസ്ഥലത്തുനിന്ന് പിൻമാറിയില്ല. ശക്തമായ പോലീസ് വലയത്തിലാണ് തെളിവെടുപ്പു നടത്തിയത്.


Read Previous

തായ്‌വാനില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

Read Next

കിണര്‍ റീച്ചാര്‍ജിങ്; സംസ്ഥാനത്ത് പുതുക്കിയ നിരക്കിന് അംഗീകാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular