ഭാര്യയെ കഴുത്തറുത്തുകൊന്ന്, ഭര്‍ത്താവ് തൂങ്ങിമരിച്ചു; മകളുടെ കഴുത്തിൽ കത്തിവെച്ചു, തീകൊളുത്താനും ശ്രമിച്ചു


പിറവം: പിറവം കക്കാട്ടില്‍ ഭാര്യയെ കഴുത്തറത്തുകൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നഴ്‌സിങ്ങിന് പഠിക്കുന്ന രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. കക്കാട് നെടിയാനിക്കുഴി ഭാഗത്ത് തറമറ്റത്തില്‍ ബേബി വര്‍ഗീസ് (58), ഭാര്യ സ്മിത ബേബി (47) എന്നിവരാണ് മരിച്ചത്. മൂത്തമകള്‍ ഫെബ സൂസന്‍ ബേബിക്ക് (21) കഴുത്തിലും ഇളയമകള്‍ അന്ന സാറ ബേബിക്ക് (18) വലത് കൈമുട്ടിലും ഇടത് ചൂണ്ടുവിരലിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു. ഇരുവരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച പുലര്‍ച്ചേ നാലേമുക്കാലോടെയാണ് സംഭവം. ജെ.എം.പി. ആശുപത്രി ഭാഗത്തുനിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് ഇവരുടെ വീട്. മുന്‍ ഭാഗത്തെ കിടപ്പുമുറിയില്‍ തറയിലായിരുന്നു സ്മിതയുടെ മൃതദേഹം. നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. പിന്‍ഭാഗത്തെ കിടപ്പുമുറിയിലാണ് ബേബിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡൈനിങ് ഹാളിന്റെ ഭിത്തിയില്‍ ‘തന്നെ എല്ലാവരും ഒറ്റപ്പെടുത്തിയെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ നീതി നടപ്പാക്കുകയാണെന്നും’ മറ്റും എഴുതിവെച്ചിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളുടെ മുറിയിലെത്തിയ ബേബി അവരെ വിളിച്ചുണര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് പ്രഥമവിവരമെന്ന് പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയന്‍ പറഞ്ഞു.

അമ്മയെ ഞാന്‍ കൊന്നു, നമുക്കെല്ലാവര്‍ക്കും മരിക്കാം’ എന്ന് പറഞ്ഞ ബേബി മൂത്തമകളുടെ കഴുത്തില്‍ കത്തിവെയ്ക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന ഫെബയും അനിയത്തി സാറയും കത്തി തട്ടിമാറ്റി അമ്മയുടെ മുറിയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ ബേബി അവിടെ വെച്ച് കുട്ടികളെ വെട്ടി. എല്ലാവരും കൂടി മരിക്കാമെന്ന് പറഞ്ഞ് ബേബി കുട്ടികളുടെ ദേഹത്തും മുറിയിലും മണ്ണെണ്ണയൊഴിച്ചുവെങ്കിലും തീ കൊളുത്തുംമുന്‍പേ കുട്ടികള്‍ ഓടി മുകളിലത്തെ മുറിയില്‍ കയറി വാതിലടച്ചു. കുട്ടികള്‍ രണ്ടുപേരും മരിക്കാന്‍ ശ്രമിച്ചതായും അന്നയുടെ ഇടത് കൈത്തണ്ടയിലെ മുറിവ് സ്വയം മുറിച്ചതാണെന്നും പോലീസ് പറഞ്ഞു. പിന്നീട് അളവില്‍ കൂടുതല്‍ ഗുളിക കഴിച്ച് ഉറങ്ങിപ്പോയ കുട്ടികള്‍ നേരം പുലര്‍ന്ന് എട്ടരയോടെയാണ് ഉണര്‍ന്നത്. ഇവര്‍ തൊട്ടടുത്ത വീട്ടില്‍ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു.

അയല്‍വാസികള്‍ വീട്ടിലെത്തി ഫെബയെയും അന്നയെയും ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വിരലടയാള വിദഗ്ധരും, ഫൊറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച് വാക്കത്തിയും മറ്റൊരു കത്തിയും കണ്ടെടുത്തു. പോലീസ് നായയെയും കൊണ്ടുവന്നിരുന്നു. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്കായി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന ഫെബയും അന്നയും അവധിപ്രമാണിച്ച് നാട്ടിലെത്തിയതാണ്. വിവാഹത്തിന് മുന്‍പ് കുറച്ചുനാള്‍ വിദേശത്തായിരുന്ന ബേബി പണമിടപാടുകള്‍ നടത്തിയിരുന്നതായി വിവരമുണ്ടെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫെബയുടെയും അന്നയുടെയും ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

പിറവം ജെ.എം.പി. ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായാണ് ഇവരെ മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടെയും പ്ലാസ്റ്റിക് സര്‍ജറി തിങ്കളാഴ്ച രാവിലെ നടക്കും.


Read Previous

അമ്മയ്ക്ക്, അധ്യാപികയായ മകളുടെ ക്രൂരപീഡനം;ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു, നിലത്തിട്ട് വലിച്ചിഴച്ചു

Read Next

ലാലേട്ടനോട് വന്ന് കാണാൻ പറഞ്ഞിട്ടുണ്ട്; ടി.പി.മാധവനെ ചേർത്തുപിടിച്ച് ​ഉറപ്പുനൽകി ഗണേഷ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular