വിജയകാന്തിന്‍റെ വിലാപയാത്രയ്ക്കെത്തിയത് 15 ലക്ഷം പേർ


ചെന്നൈ: ഡി.എം.ഡി.കെ. സ്ഥാപകനും മുൻ പ്രതിപക്ഷ നേതാവും നടനുമായ വിജയകാന്തിന് ജനലക്ഷങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് ചെന്നൈ കോയമ്പേടുള്ള ഡി.എം.ഡി.കെ. ആസ്ഥാന വളപ്പിലായിരുന്നു സംസ്കാരം. വിജയകാന്തിന്റെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് പാർട്ടി ആസ്ഥാനത്ത് സംസ്കാരച്ചടങ്ങുകൾക്ക് ചെന്നൈ കോർപ്പറേഷൻ പ്രത്യേക അനുമതി നൽകുകയായിരുന്നു. ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലതയുടെ സാന്നിധ്യത്തിൽ മക്കളായ ഷൺമുഖ പാണ്ഡ്യനും വിജയ് പ്രഭാകരനും അന്ത്യകർമങ്ങൾ നടത്തി.

വെള്ളിയാഴ്ച രാവിലെ മറീന കടൽക്കരയ്ക്കടുത്ത ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വെച്ചപ്പോഴേക്കും സിനിമാ പ്രവർത്തകരും രാഷ്ട്രീയനേതാക്കളും പൊതുജനങ്ങളുമുൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാൻ ഒഴുകിയെത്തി. ‌

ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ, പുതുച്ചേരി ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ, മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം, തമിഴ് മാനില കോൺഗ്രസ് അധ്യക്ഷൻ ജി.കെ. വാസൻ, നടന്മാരായ രജനീകാന്ത്, കമൽഹാസൻ, പ്രഭു, പാർഥിപൻ, ഭാഗ്യരാജ്, ഖുശ്ബു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

സൗഹൃദത്തിന്റെ മഹത്തായ മാതൃകയായിരുന്നു വിജയകാന്തെന്ന് രജനീകാന്ത് പറഞ്ഞു. ‘‘സുഹൃത്തുക്കളോടും രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടുമെല്ലാം ചിലപ്പോൾ ദേഷ്യപ്പെടാറുള്ള അദ്ദേഹത്തോട് ആരും തിരിച്ചു ദേഷ്യപ്പെട്ടില്ല. വിജയകാന്തിന്റെ ദേഷ്യത്തിനുപിന്നിൽ ന്യായമായ കാരണങ്ങളുണ്ടാകുമെന്നതാണ് അതിനു കാരണം’’ -രജനീകാന്ത് പറഞ്ഞു.

ലാളിത്യം, സൗഹൃദം, കഠിനാധ്വാനം, കൃതജ്ഞത തുടങ്ങിയ ഗുണങ്ങൾ ഒത്തുചേർന്ന ഒരാളെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് വിജയകാന്തായിരിക്കുമെന്നും താൻ അദ്ദേഹത്തിന്റെ ദേഷ്യത്തിന്റെ കൂടി ആരാധകനാണെന്നും കമൽ പറഞ്ഞു. ഐലൻഡ് ഗ്രൗണ്ടിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വിലാപയാത്ര കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്തേക്കു പുറപ്പെട്ടു.

പുഷ്പവൃഷ്ടി നടത്തിയും കണ്ണീരണിഞ്ഞും പതിനായിരങ്ങൾ വിലാപയാത്രയ്ക്കൊപ്പം ചേർന്നു. സംസ്കാരച്ചടങ്ങിൽ 200 പേർക്കുമാത്രമേ അനുമതി നൽകിയിരുന്നുള്ളൂ. തമിഴ്‌നാട് പോലീസ് ആചാരവെടി മുഴക്കി. തമിഴകത്ത് സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും അടയാളമായ വിജയകാന്ത് ഒടുവിൽ ഭൂമിയിലേക്കു മടങ്ങി. സംസ്കാരച്ചടങ്ങുകൾ പൂർത്തിയാവുന്നതു വരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവിടെത്തന്നെയുണ്ടായിരുന്നു.

വിജയകാന്തിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ 15 ലക്ഷത്തോളം പേർ എത്തിയിരുന്നുവെന്ന് ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലത. വിജയകാന്തിന്റെ മനുഷ്യ സ്നേഹവും സദ്പ്രവൃത്തികളുമാണ് ഇത്രയധികം ആളുകളെത്താനുള്ള കാരണം. തമിഴ്‌നാട്ടിൽ മറ്റൊരുനേതാവിനും ഇത്തരമൊരു അന്ത്യയാത്ര ഉണ്ടായിട്ടില്ല. ഡി.എം.ഡി.കെയുടെ മുദ്രയുള്ള മോതിരം അണിയിച്ച്, പാർട്ടിപതാക പുതപ്പിച്ചാണ് അദ്ദേഹത്തെ സംസ്കരിച്ചത്. വിജയകാന്തിന്റെ അഭിലാഷം പൂർത്തീകരിക്കാൻ തങ്ങൾ പരമാവധിശ്രമിക്കുമെന്നും സംസ്കാരചടങ്ങുകൾക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രേമലത പറഞ്ഞു.

നേതാവിന് അന്ത്യാഞ്ജലിയർപ്പിച്ച എല്ലാവർക്കും അവർ നന്ദി അറിയിച്ചു. ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കാൻ അനുമതിനൽകിയ തമിഴ്നാട് സർക്കാരിനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർക്കും അന്ത്യാഞ്ജലിയർപ്പിച്ച രാഷ്ട്രീയനേതാക്കൾക്കും സിനിമ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി .സർക്കാർ ഉദ്യോഗസ്ഥർ, പോലീസ്, ചെന്നൈ കോർപ്പറേഷൻ അധികൃതർ തുടങ്ങിയ ചടങ്ങുകളിൽ സഹകരിച്ചവർക്കും പ്രേമലത നന്ദി പറഞ്ഞു.


Read Previous

പഞ്ചായത്തം​ഗത്തിന്‍റെ വീട്ടുമുറ്റത്തേയ്ക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞെന്ന് പരാതി

Read Next

പഠനയാത്രക്കിടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയോടൊത്ത് ഫോട്ടോ ഷൂട്ട്; പ്രഥമാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular