കേരളം വേനല്‍ ചൂടില്‍ ഉരുകുകയാണ്. ഈ സമയത്താണ് വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നതിനെ പറ്റി പലരും ചിന്തിക്കുക. വീടിന് ഉയരം കൂട്ടി, ധാരാളം വെന്റിലേഷന്‍ നല്‍കിയും ചൂട് കുറയ്ക്കാന്‍ പലവഴികള്‍ പുതിയ വീടുകളില്‍ പരീക്ഷിക്കുന്നുണ്ട്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അനീഷ് സി.പിയും കുടുംബവും മറ്റൊരു വഴിയാണ് പരീക്ഷിച്ചത്. പ്രകൃതിയോട് ഇണങ്ങുന്ന മണ്‍വീടാണ് ഇവര്‍ പണികഴിപ്പിച്ചത്, ‘നീഹാരം’.

എട്ട് സെന്റ് സ്ഥലത്ത് 1700 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി മൂന്ന് ബെഡ്‌റൂമും ലിവിങ്-ഹാള്‍ സ്‌പേസും അടുക്കളയും ഡൈനിങ് ഏരിയയും ഒരുക്കിയ ഒരു സാധാരണവീട്. മുകളില്‍ ഒറ്റമുറി മാത്രമാണ് ഉള്ളത്. മുറിക്ക് ചുറ്റും ഓപ്പണ്‍ ടെറസ്സാണ്.

വീടിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ മണ്ണുകൊണ്ടുള്ള പ്ലാസ്റ്ററിങ് തന്നെയാണ്. ചൂടുകൊണ്ടുള്ള പ്രശ്‌നങ്ങള്‍, ഭാവിയില്‍ വീട് പൊളിക്കുമ്പോള്‍ കോണ്‍ക്രീറ്റ് എങ്ങനെ നശിപ്പിക്കും എന്ന തലവേദന, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള പെയിന്റുകള്‍.. ഇവയെല്ലാം ആലോചിച്ചപ്പോള്‍ നല്ലത് മണ്‍വീട് തന്നെയെന്ന് അവര്‍ തീരുമാനിച്ചു. വീടിന് പുറംഭാഗം തറയില്‍ നിന്ന് മൂന്നടി ഉയരത്തില്‍ കൊണ്‍ക്രീറ്റ് പ്ലാസ്റ്ററിങ് നല്‍കി, ബാക്കി വീട് മുഴുവന്‍ മണ്‍ പ്ലാസ്റ്ററിങ്ങും.

റൂഫ് ട്രെസ് വര്‍ക്കാണ് ചെയ്തിരിക്കുന്നത്. കോണ്‍ക്രീറ്റ് കുറക്കുക തന്നെയായിരുന്നു അതിന്റെയും ഉദേശം. സാധാരണ കമ്പി കൊണ്ട് ട്രെസ് ചെയ്തിട്ട് സെക്കന്‍ഡ് ഹാന്‍ഡ് ഓട് വാങ്ങി അത് പെയിന്റ് ചെയ്ത് ഭംഗിയാക്കിയ ശേഷം ഉപയോഗിച്ചിരിക്കുന്നു. അതിന് ഉള്ളില്‍ സീലിങ് ഓട് നല്‍കിയിരിക്കുന്നു. പണ്ട് വീടുകളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന തറയോടാണ് സീലിങ് ഓടായി ഉപയോഗിച്ചിരിക്കുന്നത്. സീലിങിന് ഉപയോഗിച്ചതില്‍ ബാക്കിയായവ വീടിന്റെ മുകള്‍ നിലയുടെ ഫ്‌ളോറിങിനും ഉപയോഗിച്ചിരിക്കുന്നു. പ്രധാന ഫ്‌ളോറിങ്ങിനും തറയോട് ഉപയോഗിക്കാനായിരുന്നു ആദ്യം പ്ലാന്‍. പക്ഷേ ഈര്‍പ്പം കൂടുതല്‍ വലിച്ചെടുക്കുന്നതുകൊണ്ടും ദീര്‍ഘകാലം ഈട് നില്‍ക്കാത്തതുകൊണ്ടും താഴത്തെ നിലയില്‍ ഗ്രാനൈറ്റാണ് ഉപയോഗിച്ചത്.

ആദ്യത്തെ കൗതുകമൊക്കെ കഴിയുമ്പോള്‍ ബാല്‍ക്കണി പിന്നീട് ഉപയോഗശൂന്യമായി മാറാറുണ്ട്. അതുകൊണ്ട് ബാല്‍ക്കണി ഒഴിവാക്കി. പകരം കുടുംബാംഗങ്ങള്‍ ഒന്നിച്ചുകൂടുന്ന കോമണ്‍ ഏരിയ കൂടുതല്‍ വലിപ്പത്തില്‍ ഒരുക്കി. ബെഡ്‌റൂമുകള്‍ക്കും അമിതമായി വലിപ്പം നല്‍കിയില്ല. പകരം ലിവിങ് സ്‌പെയിസും ഹാളും മൂന്ന് മുറികളുടെ വലുപ്പത്തിലാണ് പണിതിരിക്കുന്നത്. ഹാളിന് ഉള്ളില്‍ നടുമുറ്റം പോലെ ചെറിയൊരു ഏരിയ നല്‍കി.

ഇവിടെയാണ് പൂജാമുറിയും ഒരുക്കിയിരിക്കുന്നത്. ഹാളിന് ഡബിള്‍ ഹൈറ്റ് നല്‍കി പരമാവധി വായുസഞ്ചാരം ഉറപ്പാക്കുന്നുണ്ട്. ഇതും വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. ഹാളിന് മുകളിലായി പര്‍ഗോള പോലെ നല്‍കി റൂഫിങ് പോളികാര്‍ബണേറ്റ് ഷീറ്റ് ഉപയോഗിച്ചിരിക്കുന്നു. വായുവും വെളിച്ചവും ധാരാളം കയറുന്നരീതിയിലാണ് ഈ റൂഫിങ്. ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കാനാണ് ഇത്. മാത്രമല്ല ആറടി ഉയരമുള്ള വലിയ ജനാലകളാണ് ഈ വീടിന്.

തടിയുടെ ഉപയോഗവും പരമാവധി കുറച്ചാണ് ജനാലകളും വാതിലുകളും നിര്‍മിച്ചിരിക്കുന്നത്. ജനല്‍ പാളികള്‍ മാത്രമാണ് തടിയില്‍. അഴികളും ഫ്രെയ്മും എല്ലാം ഇരുമ്പാണ്. മണ്‍വീട് ആയതിനാല്‍ ചിതല്‍ ശല്യം ഒഴിവാക്കുന്നതിന് വേണ്ടികൂടിയാണ് ഇങ്ങനെ ചെയ്തത്. പ്രധാന വാതില്‍ സ്റ്റീലിലാണ്. ഇതിലൂടെയെല്ലാം വീടിന്റെ നിര്‍മാണച്ചെലവ് കുറയ്ക്കാനായി.

വീട്ടിലെ എല്ലാ മുറികളും അറ്റാച്ച്ഡാണ്. മുറിയില്‍ ഇന്‍ബില്‍റ്റ് കബോര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. അതിന് അലുമിനിയം ഫാബ്രിക്കേഷന്‍ ഡോറുകളാണ് നല്‍കിയത്. ബെഡ്‌റൂമുകളില്‍ പഴയ സാധനങ്ങള്‍ വയ്ക്കാനുള്ള റാക്കുകള്‍ സാധാരാണ നിര്‍മിക്കാറുണ്ട. ഇത് ഒഴിവാക്കി. താഴത്തെ നിലയിലെ രണ്ട് റൂമുകള്‍ ഒരേ നിരയിലാണ് പണിതിരിക്കുന്നത്. ഇതിന്റെ ബാത്ത്‌റൂമുകളും അതേരീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് മുകളില്‍ ഒരു കോമണ്‍ സ്‌പേസ് നല്‍കി പഴയ സാധനങ്ങള്‍ സൂക്ഷിക്കാനായി സ്ഥലമുണ്ടാക്കി.

ഡൈനിങ്, കിച്ചണ്‍ ഏരിയ, വര്‍ക്ക് ഏരിയ എന്നിവ സാധാരണ പോലെയാണ് പണിതിരിക്കുന്നത്. വര്‍ക്ക് ഏരിയയില്‍ നിന്ന് പുറത്തേക്ക് ഒരു വാതില്‍ നല്‍കിയിട്ടുണ്ട്. ഹാളില്‍ നിന്നാണ് മുകള്‍ നിലയിലേക്കുള്ള പടി. സാധാരണ പടികള്‍പോലെ കോണ്‍ക്രീറ്റ് കൊണ്ടാണ് ഇത് നിര്‍മിച്ചത്. കൈവരികള്‍ സ്‌ക്വയര്‍ പൈപ്പുകള്‍ കൊണ്ട് സെറ്റ് ചെയ്തിരിക്കുന്നു. സ്റ്റെയര്‍ കേസിന്റെ താഴഭാഗത്തുള്ള സ്‌പേസ് ചെറിയൊരു സ്റ്റഡി ഏരിയ ആക്കി മാറ്റിയിട്ടുണ്ട്.

വീടിനുള്ളില്‍ വാം ലൈറ്റുകളാണ് കൂടുതല്‍ നല്‍കിയിരിക്കുന്നത്. പഠന മുറി പോലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ വെളിച്ചം ലഭിക്കുന്ന സാധാരണ വൈറ്റ് ലൈറ്റിങും നല്‍കി. ബെഡ്‌റൂമില്‍ രണ്ട് ഭിത്തികള്‍ വീതം സാധാരണ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിങ് നല്കി, പ്രത്യേകിച്ചും ബാത്ത്‌റൂമിനോട് ചേര്‍ന്നുള്ള ഇടങ്ങള്‍. നോര്‍മല്‍ പ്ലാസ്റ്ററിങ്ങുള്ള സ്ഥലത്ത് വൈറ്റ് ലൈറ്റും മണ്‍ പ്ലാസ്റ്ററിങ് ഉള്ള സ്ഥലങ്ങളില്‍ വാം ലൈറ്റുമാണ് നല്‍കിയിരിക്കുന്നത്.

മുറ്റം ബേബി മെറ്റല്‍ വിരിച്ച് ഭംഗിയാക്കിയിരിക്കുന്നു. മഴവെള്ളം ധാരാളം മണ്ണിലേക്ക് തന്നെ ഇറങ്ങാനായി ടൈല്‍ ഒഴിവാക്കി. കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പതിച്ചാല്‍ വീടിന് ചുറ്റും ചൂട് വീണ്ടും കൂടും എന്നതുകൊണ്ട് അതും ഒഴിവാക്കി. വീടിനരികില്‍ ഉള്ള കിണറാണ് പ്രധാന ജലശ്രോതസ്സ്. റൂഫില്‍ നിന്ന് വരുന്ന മഴവെള്ളം പുനരുപയോഗിക്കാനുള്ള സംവിധാനങ്ങളും വീട്ടില്‍ ഒരുക്കിയിരിക്കുന്നു.


Read Previous

സഞ്ചാരികള്‍ക്ക് അത്ഭുതമായി ശൈത്യകാലം മരവിപ്പിച്ച നയാഗ്ര വെള്ളച്ചാട്ടം

Read Next

കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular