തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; മമ്മുട്ടി.


തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനുമെന്നും മോഹൻലാൽ അനുസ്മരിച്ചു. ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പിലാണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്.

സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ് എന്ന് മോഹൻലാൽ അനുസ്മരിച്ചു. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധമെന്നും മോഹൻലാൽ പറഞ്ഞു.

മമ്മുട്ടിയുടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു

മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്,

എന്റെ പ്രിയപ്പെട്ട ഡെന്നീസിനു വേണ്ടി ഈ വരികള്‍ കുറിക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്ന പോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു

ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…
പ്രണാമം ഡെന്നീസ്.

ഹൃയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരം ആയിരുന്നു ഡെന്നീസ് ജോസഫിന്റെ അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്. ന്യൂഡൽഹി, രാജാവിന്റെ മകൻ, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി നാൽപ്പഞ്ചിൽ അധികം സിനിമകളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് ഉയർന്ന് സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേത് ആയിരുന്നു.

ഡെന്നിസ് ജോസഫ് ഒരുക്കിയ മനു അങ്കിൾ 1988ൽ ദേശീയ പുരസ്കാരം നേടിയിരുന്നു.

മലയാളസിനിമയുടെ ഇന്നത്തെ മുഖം സൃഷ്ടിക്കുന്നതിന് വലിയൊരു അളവ് പങ്കുവഹിച്ച സിനിമാ പ്രവർത്തകനാണ് ഡെന്നീസ് ജോസഫ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ ജീവിതത്തേ ക്കുറിച്ച് അദ്ദേഹമെഴുതിയ ‘നിറക്കൂട്ടുകളില്ലാതെ’എന്ന പുസ്തകം നടൻ മമ്മൂട്ടി ആയിരുന്നു പ്രകാശനം ചെയ്തത്. 1985ൽ ആയിരുന്നു ‘മമ്മൂട്ടി’ നായകനായ ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എത്തിയത്. ആ പേര് തന്നെയാണ് ഡെന്നിസ് ജോസഫ് തന്റെ പുസ്തകത്തിനും നൽകിയത്.

ഡെന്നീസ് ജോസഫ് എന്ന ഏറ്റുമാനൂരുകാരൻ സിനിമയിലേക്ക് നടന്നു കയറിയത് വലിയ പ്രയാസ പ്പെടാതെ ആണെന്നു പറയാം. സിനിമാ ബന്ധമുള്ള ഒരു കുടുംബത്തിൽ ജനിച്ചതു കൊണ്ട് തിരക്കഥാ കൃത്ത് എന്ന നിലയിലേക്ക് വരാൻ വെള്ളം കോരുകയും വിറക് വെട്ടുകയും ഒന്നും വേണ്ടി വന്നില്ല, ആദ്യ ചിത്രത്തിൽ സ്വന്തം ക്രെഡിറ്റ് നഷ്ടമായി എന്നതൊഴിച്ചാൽ. അഞ്ചു സൂപ്പർ ഹിറ്റുകൾ തുടർക്കഥയായതോടെ രചനാ തന്ത്രം കൊണ്ട് തിരയെഴുത്തിന്റെ ലോകത്ത് ആ ചെറുപ്പക്കാരൻ സ്വന്തം കസേര വലിച്ചിട്ട് ഇരിക്കാൻ അധികം താമസമുണ്ടായില്ല.

ഒരു വർഷം കൊണ്ട് ഇന്ദ്രജാലം പോലെ ഡെന്നീസിന്റെ അക്ഷരങ്ങൾക്ക് പൊന്നും വിലയായി. മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി മോഹൻലാൽ സൂപ്പർ സ്റ്റാറായ രാജാവിന്റെ മകൻ, താരപരിവേഷത്തിനപ്പുറം നിന്ന് മമ്മൂട്ടിക്ക് കച്ചവട സിനിമയിൽ കുതിപ്പ് നൽകിയ നിറക്കൂട്ട്, സിനിമ യിൽ നിന്നും ഇല്ലാതാകുമോ എന്ന് ഭയന്ന കാലത്ത് മമ്മൂട്ടി എന്ന നടനെയും താരത്തെയും തിരികെ കൊണ്ടുവന്ന ന്യൂഡൽഹി അങ്ങനെ സൂപ്പർ ഹിറ്റുകളുടെ വർഷ കാലം.


Read Previous

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ.

Read Next

ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി. നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

Leave a Reply

Your email address will not be published. Required fields are marked *

Most Popular