ആത്മവിശ്വാസമില്ലെന്ന് അംഗീകരിച്ച്, റായ്ബറേലിയിലേക്കുള്ള രാഹുലിന്‍റെ മാറ്റം; ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന


ന്യൂഡൽഹി: അമേഠിയിൽ വീണ്ടും മത്സരിക്കാനുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിരന്തര വെല്ലുവിളി സ്വീകരിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് അംഗീകരിക്കുന്നതായി റായ്ബറേലിയിലേക്കുള്ള രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ മാറ്റം. കാൽനൂറ്റാണ്ടിനുശേഷം മണ്ഡലം കൈവിടുമ്പോൾ ഇനി ഉത്തർപ്രദേശിൽ ഗാന്ധികുടുംബത്തിന്റെ തട്ടകമായി ബാക്കിയുള്ളത് റായ്ബറേലിമാത്രം.

കഴിഞ്ഞതവണ സോണിയാഗാന്ധിയുടെ ഭൂരിപക്ഷം റായ്ബറേലിയിൽ കുറഞ്ഞിരുന്നെങ്കിലും മണ്ഡലം കൈവിട്ടുപോകില്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. റായ്ബറേലിയിൽ ജയിച്ചാൽ രാഹുൽ വയനാട്ടിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂവിലെ മണ്ഡലം നിലനിർത്തുമെന്ന് ചുരുക്കം. ഭാരത് ജോഡോ യാത്രാസമയത്തും ന്യായ് യാത്രാസമയത്തും അമേഠിയിൽനിന്നെത്തിയ പൗരപ്രമുഖരും വിവിധ സാമൂഹികനേതാക്കളും രാഹുൽ അവിടെ മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പുകഴിഞ്ഞാവും പ്രഖ്യാപനമെന്ന സൂചനയും നേതാക്കൾ നൽകിയിരുന്നു. മണ്ഡലം പരസ്പരം മാറുന്നതിനെക്കുറിച്ചും ആലോചനകൾ നടന്നു. സ്മൃതി ഇറാനിയെ നേരിടാൻ പ്രിയങ്കയാണ് പറ്റിയ സ്ഥാനാർഥി എന്ന അഭിപ്രായം ഉയർന്നതോടെയാണിത്. എന്നാൽ, വദ്രയടക്കം താത്‌പര്യം പ്രകടിപ്പിച്ച അമേഠിയിൽ വീണ്ടും ഒരു തോൽവി സംഭവിച്ചാൽ പ്രിയങ്കയുടെ രാഷ്ട്രീയജീവിതത്തിൽ അത് വലിയ കരിനിഴൽ വീഴ്ത്തും. ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ പ്രചാരണസാരഥ്യം ഏറ്റെടുത്തിട്ടും കനത്തതോൽവി ഏറ്റുവാങ്ങേണ്ടിവന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

ബി.ജെ.പി.യുടെ പരിവാർ രാഷ്ട്രീയപ്രചാരണവും വദ്രയിലൂടെ ഉണ്ടാകാവുന്ന നീക്കങ്ങളും മുന്നിൽക്കണ്ട് പ്രിയങ്ക വിസമ്മതം തീർത്തുപറഞ്ഞതോടെ രാഹുലിനെ സുരക്ഷിതമണ്ഡലമെന്ന നിലയിൽ റായ്ബറേലിയിലേക്ക് മാറ്റി. ആദ്യം രാഹുൽ എതിർത്തെങ്കിലും സമ്മതിപ്പിക്കുന്നതിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അടുത്തവൃത്തങ്ങളും നിർണായക പങ്കുവഹിച്ചു. അമേഠിയിൽനിന്ന് മാറുമ്പോൾ രാഹുൽ ഭയന്നോടിയെന്ന പ്രചാരണമുണ്ടാകുമെന്ന് പാർട്ടിവൃത്തങ്ങൾക്കുറപ്പുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്മൃതി ഇറാനിയും വയനാട്ടിൽ രാഹുലിനെതിരേ മത്സരിച്ച സി.പി.ഐ. നേതാവ് ആനി രാജയും വരെ ഇത് തെളിയിക്കുകയുംചെയ്തു. എന്നാൽ, റായ്ബറേലിയിൽ ജയിക്കുന്നതോടെ ഹിന്ദിമേഖലയിൽ സ്ഥാനമുറപ്പാക്കാനും സംഘടനാനവീകരണപ്രവർത്തനം തുടങ്ങാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടിനേതാക്കളെല്ലാം. വയനാട് തന്റെ കുടുംബംപോലാണെന്ന് നിരന്തരംപറയുന്ന രാഹുലിന് മണ്ഡലം വിടേണ്ടിവരുന്നതിലും വിഷമമുണ്ട്. തന്നെ വളരെയധികം സ്നേഹിക്കുന്ന കേരളത്തിൽ, വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയടക്കം അദ്ദേഹം പങ്കുവെച്ചതായറിയുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ ഫിറോസ് ഗാന്ധി മത്സരിക്കുന്നതോടെയാണ് റായ്ബറേലി ഗാന്ധികുടുംബത്തിന്റെ ഭാഗമാവുന്നത്. 57-ലും അദ്ദേഹം ജയിച്ചു.1967-ലും 71-ലും 80-ലും ഇന്ദിരാഗാന്ധിയെത്തി. പിന്നീട് ഗാന്ധികുടുംബാംഗങ്ങൾതന്നെയായ അരുൺ നെഹ്രുവും ഷീല കൗളും രണ്ടുതവണവീതം ജയിച്ചു. 2004മുതൽ 2019വരെ സോണിയാഗാന്ധിയും.


Read Previous

വൈദ്യുതി പ്രതിസന്ധി; പ്രാദേശികതലത്തിൽ പലയിടത്തും നിയന്ത്രണം തുടങ്ങി

Read Next

കയറ്റവും സിഗ്നലും ഉള്‍പ്പെടെ 10 മിനിറ്റ് റോഡ് ടെസ്റ്റ്, പാസായാല്‍ എച്ച്; ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം

Leave a Reply

Your email address will not be published. Required fields are marked *

Most Popular