വൈദ്യുതി പ്രതിസന്ധി; പ്രാദേശികതലത്തിൽ പലയിടത്തും നിയന്ത്രണം തുടങ്ങി


തിരുവനന്തപുരം/പാലക്കാട് : വൈദ്യുതി പ്രതിസന്ധി പരിഹരിയ്ക്കാൻ സംസ്ഥാനവ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കിൽ വിതരണം നിയന്ത്രിക്കാൻ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർക്ക് നിർദേശം നൽകി.

രാത്രിയിൽ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ വിതരണം തടസ്സപ്പെടും. രാത്രി ഏഴിനും ഒന്നിനും ഇടയ്ക്കുള്ള സമയത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായാൽ വൈദ്യുതി വിതരണലൈനുകൾ ഓഫ് ചെയ്യുമെന്നുള്ള അറിയിപ്പാണ് കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പുറത്തിറക്കിയത്.

പല ജില്ലകളിലും ഉഷ്ണതരംഗസാഹചര്യം നിലനിൽക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വ്യാഴാഴ്ച 5854 മെഗാവാട്ട് ആയിരുന്നു. 11.42 കോടി യൂണിറ്റ് ഉപയോഗിച്ചു. ഇത് സർവകാല റെക്കോഡാണ്.

4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേർത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലയ്ക്കുള്ളൂ. ഈ ശേഷി മറികടന്നാൽ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനാകില്ല.

ലോഡുകൂടി പലേടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയുംചെയ്യും. മഴപെയ്ത് ചൂടുകുറഞ്ഞ് ഉപഭോഗം കുറയുന്നതുവരെ ഈ സ്ഥിതി തുടരും.

നിയന്ത്രണസാധ്യത ഇങ്ങനെ
220 കെ.വി. മാടക്കത്തറ- ഷൊർണൂർ, 110 കെ.വി. വെണ്ണക്കര – മണ്ണാർക്കാട്, ഷൊർണൂർ – എടപ്പാൾ, പാലക്കാട്-കൊല്ലങ്കോട് ലൈനുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിസമയത്ത് താങ്ങാവുന്ന ശേഷിയിലധികം ലോഡാകുന്ന അവസ്ഥയുണ്ട്.

അതിനാൽ, പാലക്കാട് ട്രാൻസ്‌മിഷൻ സർക്കിളിനുകീഴിൽ വരുന്ന മണ്ണാർക്കാട്, അലനല്ലൂർ, ഷൊർണൂർ, കൊപ്പം, കൂറ്റനാട്, ഒറ്റപ്പാലം, ആറങ്ങോട്ടുകര, പട്ടാമ്പി, പത്തിരിപ്പാല, ചെർപ്പുളശ്ശേരി, തൃത്താല, തിരുവേഗപ്പുറ, ചാലിശ്ശേരി, മരുതൂർ, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കൊടുവായൂർ, ചിറ്റൂർ, ഒലവക്കോട്, വൈദ്യുതിഭവനം സബ്സ്റ്റേഷനുകളിൽനിന്നും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി സബ്സ്റ്റേഷനുകളിൽനിന്നുമുള്ള 11 കെ.വി. ലൈനുകളിൽ ഇടവിട്ട് വിതരണം നിയന്ത്രിച്ചേക്കും.

കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ

ആവശ്യമെങ്കിൽമാത്രം

പ്രാദേശികതലത്തിൽ വൈദ്യുതി വിതരണത്തിലെ നിയന്ത്രണം ആവശ്യമെങ്കിൽമാത്രമേ ഉണ്ടാകൂ. കുറച്ചുമിനിറ്റുകൾ മാത്രമേ ഇതു വേണ്ടിവരൂ

-കെ. കൃഷ്ണൻകുട്ടി, വൈദ്യുതിമന്ത്രി

സ്വീകരണമുറിയിൽ ടി.വി കാണുന്ന കുടുംബം മറ്റു മുറികളിലെ ആവശ്യമില്ലാത്ത ഫാനുകളും ലൈറ്റുകൾ, എ.സി.യും ഓഫാക്കിയാൽ ഒരുശതമാനം യൂണിറ്റ് ലാഭിക്കാം. കേരളത്തിൽ 1.04 കോടി ഗാർഹിക ഉപഭോക്താക്കളാണുള്ളത്. ഇവർ പീക്ക് സമയം ഒരു യൂണിറ്റ് ഉപഭോഗം കുറച്ചാൽ ഒരുകോടി യൂണിറ്റ് ലാഭിക്കാം. ഇതിനൊപ്പം വ്യവസായ-വാണിജ്യം ഉൾപ്പെടെ 27.24 ലക്ഷം ഉപയോക്താക്കളും സഹകരിക്കണം.

ആകെയുള്ള 1.38 കോടി ഉപയോക്താക്കൾ ഒരു യൂണിറ്റ് ഉപഭോഗം കുറച്ചാൽ 1.38 കോടി യൂണിറ്റ് ലാഭിക്കാമെന്നാണ് വൈദ്യുതിവകുപ്പിന്റെ കണക്ക്. ഇപ്പോൾ ഉപയോഗിക്കുന്ന 5500 മെഗാവാട്ടിൽ 500 മെഗാവാട്ട് കുറഞ്ഞു കിട്ടിയാൽത്തന്നെ 15 മിനിറ്റുള്ള അപ്രഖ്യാപിത ലോഡ് ഷെഡിങ് ഒഴിവാക്കാമെന്നും ബോർഡ് വിലയിരുത്തുന്നു.

വൈദ്യുതി നിയന്ത്രിച്ചില്ലെങ്കിൽ പൊതുമേഖലാസ്ഥാപനങ്ങളുടെ കണക്‌ഷൻ വിച്ഛേദിയ്ക്കും

വൈദ്യുതിത്തുക കുടിശ്ശികയുള്ള ജലഅതോറിറ്റി ഉൾപ്പടെയുള്ള പൊതുമേഖലാസ്ഥാപനങ്ങൾ രാത്രി വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കാൻ തീരുമാനം. ജലഅതോറിറ്റിക്ക് 24 മണിക്കൂറും പമ്പിങ് നടത്തേണ്ടതുണ്ടെങ്കിൽ ഇളവുനൽകും. വൻകിട ഉപഭോക്താക്കൾ ഒരുമാസത്തേക്ക് ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. സർക്കുലർ പുറത്തിറക്കി.


Read Previous

കേരളത്തെ ഞെട്ടിച്ച, നവജാതശിശുവിന്‍റെ കൊലപാതകം; പ്രതിയെ കണ്ടെത്തിയത് വെറും മൂന്നുമണിക്കൂറില്‍

Read Next

ആത്മവിശ്വാസമില്ലെന്ന് അംഗീകരിച്ച്, റായ്ബറേലിയിലേക്കുള്ള രാഹുലിന്‍റെ മാറ്റം; ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular