കേരളത്തെ ഞെട്ടിച്ച, നവജാതശിശുവിന്‍റെ കൊലപാതകം; പ്രതിയെ കണ്ടെത്തിയത് വെറും മൂന്നുമണിക്കൂറില്‍


കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി സംസ്ഥാനം വിട്ട ‘ബിഹാർ റോബിൻഹുഡി’നെ 14 മണിക്കൂറിനുള്ളിൽ കുടുക്കിയ സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വെള്ളിയാഴ്ച കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതിയെ കണ്ടെത്താൻ വേണ്ടിവന്നത് വെറും മൂന്നുമണിക്കൂർ.

പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്ളാറ്റിൽനിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞുകൊന്ന കേസിലെ അതിവേഗ അന്വേഷണം കൊച്ചി പോലീസിന്റെ മികവിന് മറ്റൊരു ഉദാഹരണം കൂടിയായി.

തിരക്കേറിയ ഇടങ്ങളിലൊന്നിലുണ്ടായ സംഭവമറിഞ്ഞ് പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ പോലീസ് സംഘം സ്ഥലത്തെത്തി. തൊട്ടുപിന്നാലെ എ.സി.പി. രാജ്കുമാറും. ജോഷിയുടെ വീട്ടിലെ മോഷണം തെളിയിച്ച സംഘത്തിലുണ്ടായിരുന്ന സൗത്ത് സി.ഐ. പ്രേമാനന്ദ കുമാറും പാലാരിവട്ടം സി.ഐ. റിച്ചാർഡ് വർഗീസുമായിരുന്നു ഇക്കുറി എ.സി.പി.ക്കൊപ്പമുണ്ടായിരുന്നത്. പോലീസ് അന്വേഷണ വഴി ഇങ്ങനെ:

തെറ്റായ വിവരത്തിൽ തുടക്കം

രാവിലെ എട്ടരയോടെയാണ് തുടക്കം. തെറ്റായ വിവരമാണ് ഫ്ളാറ്റിലുണ്ടായിരുന്നവരിൽനിന്ന് ആദ്യം പോലീസിനു കിട്ടിയത്. ഫ്ളാറ്റുകളിലെ താമസക്കാരിൽ ഗർഭിണികളാരുമില്ലെന്നും തുറന്നുകിടന്ന ഗേറ്റിലൂടെ ആരോ ഉള്ളിൽ പ്രവേശിച്ച് കുഞ്ഞിനെ വലിച്ചെറിഞ്ഞതാകാമെന്നുമായിരുന്നു ആദ്യം മൊഴി നൽകിയവർ പറഞ്ഞത്. അതിനുപിന്നാലെയായിരുന്നു പോലീസിന്റെ യാത്രയെങ്കിൽ ക്രൂരമായ കൊലപാതകം ഇത്രയും പെട്ടെന്ന് തെളിയിക്കാനാകില്ലായിരുന്നു.

ഉയരത്തിലേക്ക് മെല്ലെ

ഫ്ളാറ്റിലുള്ളവർ പറഞ്ഞത് വിശ്വസിക്കാതെ പോലീസ്‌ സംഘം ഓരോ ഫ്ളാറ്റിലായി കയറി പരിശോധന തുടങ്ങി. അതിനൊപ്പം സി.സി.ടി.വി. ദൃശ്യങ്ങളിലേക്കും കണ്ണെത്തി. അതിൽനിന്നാണ് കുഞ്ഞ് റോഡിലേക്ക് വീഴുന്ന ദൃശ്യം കിട്ടിയത്. 8.14 ആണ് അപ്പോഴത്തെ സമയം. തറയിൽ വീണതിനുശേഷം കുഞ്ഞിനെ പൊതിഞ്ഞ കവർ മുകളിലേക്ക് അല്പം ഉയർന്ന് വീണ്ടും നിലംപതിക്കുന്നത് സൂക്ഷ്മപരിശോധനയിൽ കണ്ടു. ഒന്ന്, രണ്ട് നിലകളിൽനിന്ന് വലിച്ചെറിഞ്ഞാൽ ഇങ്ങനെ സംഭവിക്കില്ല. കുറച്ചുകൂടി ഉയരത്തിലുള്ള ഫ്ളാറ്റിൽനിന്നാകാം എന്ന നിഗമനത്തിലായി അതോടെ പോലീസ്.

ഏഴാം നിലയിലെ ടെറസ്

ഏറ്റവും ഉയരത്തിലുള്ള ഏഴാം നിലയിൽനിന്ന് താഴേക്കായിരുന്നു അന്വേഷണം. ഏഴാം നിലയ്ക്കു മുകളിലെ ടെറസിലേക്ക് എത്താൻ കഴിയുന്നത് ആർക്ക് എന്നതും പരിശോധിച്ചു. പിന്നെ പതിയെ ഓരോ നിലയായി താഴേക്ക്. ഫ്ളാറ്റിലെ താമസക്കാരിൽ നിന്ന് ആരിൽനിന്നും സഹായകരമായ വിവരങ്ങൾ കിട്ടിയില്ല.

സംശയത്തിന്റെ ഗന്ധം

അറസ്റ്റിലായ യുവതിയുടെ അഞ്ചാം നിലയിലെ ഫ്ളാറ്റിലും പോലീസ് എത്തി. മാതാപിതാക്കളാണ് സംസാരിച്ചത്. കൂടെ മറ്റൊരു സ്ത്രീയും. യുവതി ഇതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. അതിൽ പോലീസിന് അസ്വാഭാവികത തോന്നി. ഇത്രയും വലിയൊരു സംഭവം നടന്നിട്ടും പോലീസ് വീട്ടുവാതിൽക്കലെത്തിയിട്ടും യാതൊരു പ്രതികരണവുമില്ലാതെയിരിക്കുന്ന യുവതിയിലേക്ക് ആദ്യ സംശയം അങ്ങനെ എത്തി. പ്രത്യേക തരത്തിലുള്ള ഗന്ധവും അവിടെയുണ്ടായിരുന്നു. പക്ഷേ ഉറപ്പിക്കത്തക്ക തെളിവൊന്നുമില്ലാത്തതിനാൽ കൂടുതൽ ചോദ്യം ചെയ്യാനായില്ല. യുവതി മനോവൈകല്യമുള്ളയാളല്ലെന്ന് ഉറപ്പിച്ച് വീണ്ടും താഴേക്ക്. എറിഞ്ഞാൽ തെക്കുവശത്തെ റോഡിലേക്ക് വീഴാൻതക്ക ബാൽക്കണിയുള്ള ഫ്ളാറ്റുകളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചുകൊണ്ടും താമസക്കാരിൽതന്നെ സംശയമുറപ്പിച്ചും പോലീസ് മുന്നോട്ട്.

പതിനഞ്ച് മിനിറ്റിൽ കുറ്റസമ്മതം

ഇതിനൊപ്പം കുഞ്ഞിനെ പൊതിഞ്ഞിരുന്ന ആമസോൺ കൂറിയറിന്റെ കവറിലെ വിലാസം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ടായിരുന്നു. കവറിലെ വിലാസം രക്തംപുരണ്ട് മറഞ്ഞ നിലയിലായിരുന്നു. അതിലെ ബാർകോഡിന്റെ പരിശോധനയിലൂടെ വിലാസം കിട്ടി. അത് അഞ്ചാംനിലയിൽ പ്രത്യേക തരത്തിലുള്ള ഗന്ധം തങ്ങിനിന്ന ഫ്ളാറ്റിന്റേതായിരുന്നു. തുമ്പുകിട്ടിയ പോലീസ് സംഘം അവിടെയുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ പതിനഞ്ചു മിനിറ്റിനുള്ളിൽ യുവതി കുറ്റം സമ്മതിച്ചു. അപ്പോൾ സമയം 11.30. പ്രസവം നടത്തിയ കുളിമുറി കഴുകി വൃത്തിയാക്കിയിരുന്നുവെങ്കിലും രക്തത്തുള്ളികൾ ബാക്കിയുണ്ടായിരുന്നു. അതുകൂടി കണ്ടെത്തിയതോടെ യുവതിയുടെ മേൽ കൊലക്കുറ്റം ഉറച്ചു.

ചുവപ്പുനിറമുള്ള പാവക്കുട്ടിയെപ്പോലെയായിരുന്നു ആദ്യം കണ്ടവർക്ക് ആ ചോരക്കുഞ്ഞ്. അടുത്തേക്ക് ചെന്നപ്പോഴായിരുന്നു ഞെട്ടൽ. എത്രയോ മൃതദേഹങ്ങൾക്കരികെ നിന്ന അനുഭവമുള്ള പോലീസിന്റെ ഫോട്ടോഗ്രാഫർക്കു പോലും ആ കാഴ്ചയിൽ കൈവിറച്ചു; കേരളം നടുങ്ങിയ ഒരു ദിവസത്തിന്റെ തുടക്കം.

യുവതിയുടെ വിശദമായചോദ്യംചെയ്യൽ പിന്നീട്

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് പിഞ്ചുകുഞ്ഞിനെ താഴേക്കെറിഞ്ഞുകൊന്ന കേസിൽ യുവതിയുടെ വിശദമായ ചോദ്യംചെയ്യൽ പിന്നീട്. അതിനുശേഷം മാത്രമേ പൊക്കിൾകൊടി മുറിച്ച് കുഞ്ഞിനെ വേർപെടുത്തിയതെങ്ങനെയെന്നതിലുൾപ്പെടെ വ്യക്തത വരൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സൗത്ത് എ.സി.പി. പി. രാജ്കുമാർ പറഞ്ഞു.

കുറ്റം സമ്മതിച്ചെങ്കിലും പ്രസവിച്ച ഉടനെയായതിനാൽ യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 48 മണിക്കൂർ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പോലീസ് കൂടുതൽ ചോദ്യംചെയ്യൽ നടത്തിയിട്ടില്ല.

ആശുപത്രി വിട്ടതിനുശേഷം അതിലേക്ക് കടക്കാനാണ് തീരുമാനം. പ്രസവശേഷം കുഞ്ഞിനെ വേർപെടുത്തുന്ന രീതി യു ട്യൂബിൽനിന്ന് കണ്ടുമനസ്സിലാക്കിയിരുന്നോ എന്നറിയാൻ ഫോൺ പരിശോധിക്കും. മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല എന്നാണ് പറയുന്നതെങ്കിലും ഇത് വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. കൊലപാതകം നടത്തിയ രീതിയും തുടർ ചോദ്യംചെയ്യലിൽ മാത്രമേ വ്യക്തമാകൂ.

ശനിയാഴ്ച റിമാൻഡ് റിപ്പോർട്ട് നൽകും. തുടർന്ന് കോടതി നിർദേശാനുസരണമായിരിക്കും മറ്റ് നടപടികൾ.

കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച് – പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പനമ്പിള്ളി നഗറിൽ യുവതി ഫ്ലാറ്റിൽ നിന്നെറിഞ്ഞ കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന്‌ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽനിന്ന്‌ റോഡിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ തലയോട്ടിക്കും കീഴ്താടിക്കും പരിക്കുണ്ട്. ഇത്‌ താഴെ റോഡിൽ മൃതദേഹം വീണപ്പോൾ വാഹനം കയറിയിറങ്ങിയതുമൂലമാണെന്ന്‌ സംശയിക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്.

ബാലാവകാശ കമ്മിഷൻ കേസെടുത്തു

നവജാതശിശു കൊല്ലപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവസ്ഥലം ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ സന്ദർശിച്ചു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ സജ്ജമാക്കിയ സാഹചര്യത്തിൽ കൊലപാതകം ഏറെ ഗൗരവമുള്ളതാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.


Read Previous

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Read Next

വൈദ്യുതി പ്രതിസന്ധി; പ്രാദേശികതലത്തിൽ പലയിടത്തും നിയന്ത്രണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular