കെജ്‌രിവാളിന്‍റെ അറസ്റ്റ്: എ.എ.പി, ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും


ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി (എഎപി). ചൊവ്വാഴ്ച എഎപിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതി വളയും. തിങ്കളാഴ്ച ഹോളി ആ​ഘോഷങ്ങളും എഎപി ബഹിഷ്കരിച്ചിരുന്നു. കൂടാതെ ‘മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ’ എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.

അതേസമയം, കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിൽ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് ബിജെപി മെഗാ മാർച്ച് നടത്തും.

മദ്യനയക്കേസിൽ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

അതേസമയം, അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.


Read Previous

#City Flower Department store,Al Qurayyat Grand Opening March 27 | ഒലീവിന്റെയും, ഉപ്പിനറെയും നാടായ അല്‍ ഖുറയാത്തില്‍ സിറ്റി ഫ്ലവര്‍ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ മാര്‍ച്ച് 27ന് ഉത്ഘാടനം ചെയ്യുന്നു.

Read Next

കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി വേണമെന്ന് വനിതാ കമ്മീഷന്‍, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular