ആ ബന്ധത്തില്‍നിന്നു പുറത്തുവന്നു, എന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചു; സമൂഹത്തിന് എന്താണ് ഇത്ര പ്രശ്‌നം?’


കൊച്ചി: ഷഫിന്‍ ജഹാനുമായി പിരിഞ്ഞെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്‌തെന്നും, സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മതപരിവര്‍ത്തനകേസിലെ ഹാദിയ. മകളെക്കുറിച്ച് വിവരമില്ലെന്നും തടങ്കലില്‍ ആണെന്നു സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് ഹാദിയയുടെ വെളിപ്പെടുത്തല്‍.

വിവാഹിതയാകാനും അതില്‍നിന്ന് പുറത്തുവരാനും ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് ഹാദിയ അഭിമുഖത്തില്‍ പറയുന്നു. ”ഇത് സമൂഹത്തില്‍ സാധാരണ നടക്കുന്നതാണ്. എന്റെ കാര്യത്തില്‍ മാത്രം സമൂഹത്തിന് എന്താണ് ഇത്ര പ്രശ്‌നം എന്ന് മനസ്സിലാകുന്നില്ല. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തയായ ഒരു സ്ത്രീയാണ് ഞാന്‍.

എനിക്ക് വിവാഹബന്ധവുമായി മുന്നോട്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ അതില്‍നിന്ന് പുറത്തുവന്നു. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ ഞാന്‍ വിവാഹം ചെയ്തു. ഒരു മുസ്!ലിം ആയി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്” – ഹാദിയ പറയുന്നു. മാതാപിതാക്കള്‍ക്ക് ഈ പുനര്‍വിവാഹത്തെ കുറിച്ച് അറിയാമെന്നും ഹാദിയ പറഞ്ഞു.

മകളെക്കുറിച്ച് വിവരമില്ലെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാദിയ (അഖില)യുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകന്‍ ആരോപിക്കുന്നു.

ബിഎച്ച്എംഎസ് പാസായ മകള്‍ വിവാഹ ശേഷം മലപ്പുറത്ത് ക്ലിനിക്ക് ആരംഭിച്ചിരുന്നു എന്ന് അശോകന്‍ ഹര്‍ജിയില്‍ പറയുന്നു. എ എസ് സൈനബ എന്ന വ്യക്തിയും മര്‍ക്കാസുല്‍ ഹിദായ, സത്യശരണി എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ക്ലിനിക്ക് സ്ഥിതിചെയ്തിരുന്നത്.

താനും ഭാര്യയും ഹാദിയയെ ഇടയ്ക്കിടെ ബന്ധപ്പെടുകയും ക്ലിനിക്കില്‍ നേരിട്ട് പോയി കാണുകയും ചെയ്തിരുന്നു. ഷഫീനുമായി ഇപ്പോള്‍ തനിക്കു യാതൊരു ബന്ധവുമി ല്ലെന്നും ഷഫീന്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നും അമ്മയോട് അവള്‍ പറഞ്ഞിരുന്നു എന്നും അതുകൊണ്ടു തന്നെ ഹാദിയയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടെന്നും അശോകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു മാസമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 3 ന് മകളുടെ ക്ലിനിക്കില്‍ എത്തി. അത് പൂട്ടിക്കിടക്കുകയായിരുന്നു. സമീപവാസികളോട് തിരക്കിയെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇത് തന്റെ ഭയം ഇരട്ടിയാക്കി യതായും അശോകന്‍ പറയുന്നു. സൈനബയുടെയും ഷഫീന്‍ ജഹാന്റെയും തടവില്‍ ആണ് തന്റെ മകളെന്നു സംശയിക്കുന്നതായും അശോകന്‍ പറയുന്നു.


Read Previous

നവകേരള സദസില്‍ സിപിഎം പ്രവര്‍ത്തകന് ആളുമാറി മര്‍ദനം; പാര്‍ട്ടി അന്വേഷിക്കും; സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് റയീസ്

Read Next

നൂറാം വയസിൽ കന്നിമല ചവിട്ടി അയ്യനെ തൊഴുത് പാറുക്കുട്ടിയമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular