അതിഥികള്‍ക്ക് ചേതോഹര നൈവേദ്യം; അബുദാബി ശിലാക്ഷേത്ര ഉദ്ഘാടത്തിന് നൂറിലധികം കുരുന്നുകള്‍ വരച്ച കല്ലുകൊണ്ടൊരു സമ്മാനം; നാളെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും


അബുദാബി: മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായി പണികഴിപ്പിച്ച ഹൈന്ദവ ശിലാക്ഷേത്രം ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നാളെ നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളെ കാത്തിരിക്കുന്നത് എന്നു മോര്‍മിക്കാനുള്ള വിശിഷ്ടമായൊരു സമ്മാനം. യുഎഇയിലെ നൂറിലധികം ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ ചിത്രങ്ങള്‍ വരച്ച ചെറിയ കല്ലുകളാണ് നല്‍കുന്നത്.

ശിലാക്ഷേത്ര നിര്‍മാണത്തിനും കൊത്തുപണികള്‍ക്കുമിടെ ക്ഷേത്രപരിസരത്ത് അവശേഷിക്കുന്ന കല്ലുകളും ചെറിയ പാറകളും ശേഖരിച്ച് കുട്ടികള്‍ തയ്യാറാക്കിയ ‘ശിലാ നിധി’ അതിഥികള്‍ക്ക് എല്ലാ കാലത്തേക്കുമുള്ള ചേതോഹര നൈവേദ്യമായി മാറും. മൂന്ന് മാസമായി എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രത്തില്‍ ‘കല്ല് സേവ’ അര്‍പ്പിക്കുന്ന കുട്ടികള്‍ ‘ചെറിയ നിധികള്‍’ എന്നാണ് സമ്മാനത്തെ വിശേഷിപ്പിക്കുന്നത്.

ഓരോ കല്ലിന്റെയും ഒരുവശത്ത് പ്രചോദനാത്മക ഉദ്ധരണികള്‍ രേഖപ്പെടുത്തുന്നു. മറുവശത്താണ് ക്ഷേത്രത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെ ചിത്രം വരച്ചു ചേര്‍ക്കുന്നത്. കുട്ടികള്‍ തന്നെയാണ് ഗിഫ്റ്റ് ബോക്സുകളില്‍ കല്ലുകള്‍ പാക്ക് ചെയ്യുന്നതും. കുഞ്ഞു കൈകള്‍ കൊണ്ട് നിര്‍മിക്കുന്നതിനാലാണ് സമ്മാനത്തിന് ‘ചെറിയ നിധി’ എന്ന് ഞങ്ങള്‍ പേരിട്ടതെന്നും കുട്ടികള്‍ പറഞ്ഞു.

മഹത്തായ ക്ഷേത്രത്തിലേക്കുള്ള അവരുടെ ആദ്യ സന്ദര്‍ശനത്തെ എക്കാലവും ഓര്‍മിപ്പിക്കാന്‍ ഉതകുന്നതാണ് കല്ലുകൊണ്ടുള്ള ഈ സമ്മാനം. ആഴ്ചയില്‍ ഒരു ദിവസം പുറത്തിറങ്ങി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുരുന്നുകള്‍ മാതാപിതാക്കളുടെ കരംപിടിച്ച് ഇവിടെയത്തുന്നത്.

കല്ലുകളില്‍ വരച്ചിരിക്കുന്ന ഡിസൈനുകള്‍ പ്രചോദനാത്മകവും സമാധാനം, സ്‌നേഹം, ഐക്യം എന്നിവയെ പ്രതീകവത്കരിക്കുന്നതുമാണെന്ന് 11 കാരനായ ആര്‍ണവ് താക്കര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഒരു ചെറുരൂപമായി കാഴ്ചപ്പുറത്ത് വര്‍ഷങ്ങളോളം നിലനില്‍ക്കുന്നതാണിവ. ക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം കുറച്ചുകാലം കൂടി ‘കല്ല് സേവ’ തുടരാനാണ് കുട്ടികളുടെ തീരുമാനം. ആദ്യ മാസങ്ങളിലെ സന്ദര്‍ശകര്‍ക്ക് സമ്മാനം നല്‍കുന്നതിനാണിത്.

ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അല്‍ റഹ്ബയ്ക്ക് സമീപം അബു മുറൈഖയില്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ച 27 ഏക്കര്‍ സ്ഥലത്താണ് ബോചസന്‍വാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (BAPS) ക്ഷേത്രം നിര്‍മിച്ചത്. നാളെ വൈകീട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും.

ദുബായില്‍ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. വിശാലമായ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ബാപ്‌സ് മന്ദിര്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലുതാണ്. ശിലാ വാസ്തുവിദ്യയില്‍ മേഖലയില്‍ നിര്‍മിച്ച ആദ്യ ക്ഷേത്രവുമാണിത്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കരകൗശല വിദഗ്ധര്‍ 25,000ത്തിലധികം ശിലകളാല്‍ രൂപകല്പന ചെയ്ത ക്ഷേത്രത്തിന്റെ നിര്‍മിതി അത്യന്തം ആകര്‍ഷകമാണ്. മണല്‍ക്കല്ലിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച അതിമനോഹരമായ മാര്‍ബിള്‍ കൊത്തുപണികള്‍ ക്ഷേത്രത്തിന്റെ മുഖച്ഛായയില്‍ കാണാം. വടക്കന്‍ രാജസ്ഥാനില്‍ നിന്നാണ് പിങ്ക് മണല്‍ക്കല്ലുകള്‍ പ്രധാനമായും അബുദാബിയിലേക്ക് എത്തിച്ചത്. 40,000 ക്യുബിക് അടി മാര്‍ബിള്‍ ഉപയോഗിച്ചാണ് അകത്തളങ്ങള്‍ നിര്‍മിച്ചത്.


Read Previous

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 13-ന് അവധി

Read Next

നിയന്ത്രിത മരുന്ന കെെവശം വെച്ചു: 22 ദിവസത്തെ തടവ്; സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മോചിതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular