വ്യാജരേഖ കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു


വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തക ർക്ക് ഇടക്കാല ജാമ്യം. അബി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിനു വേണ്ടിയാണ് ജാമ്യം നല്‍കിയത്. നാളെ രാവിലെ വരെ ഉപാധികളോടെയാണ് നാലുപ്രതികള്‍ക്കും ഇടക്കാല ജാമ്യം നല്‍കിയത്. നാളെ 11 മണിക്ക് നാല് പ്രതികളും കോടതിയില്‍ ഹാജരാകണം.

അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം സംസ്ഥാന നേതാക്കളിലേക്കും. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. കൂടുതൽ ജില്ലകളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസിൽ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി എന്നിവരാണ് നേരത്തെ പിടിയിലായത്. അഭി വിക്രം യൂത്ത് കോൺ​ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് പിടിയിലായത്.

പിടിയിലായവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോ​ഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ. ‌


Read Previous

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; ആര്യാടന്‍ ഷൗക്കത്തിന് വിലക്കുമായി കോണ്‍ഗ്രസ്

Read Next

കനയ്യ ലാലിന്റെ ഘാതകരെ തൂക്കിലേറ്റേണ്ട സമയം കഴിഞ്ഞു: അന്വേഷണം മന്ദഗതിയിൽ: വിമർശിച്ച് അശോക് ഗെലോട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular