ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം: ശാരദക്കുട്ടി


ശോഭന എന്നാൽ മലയാളികൾക്ക് അതൊരു വികാരമാണ്. ശോഭന എന്ന പേരു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. ഗംഗ നാഗവല്ലി യായി മാറുന്നതും ‘ഇന്നേക്ക് ദുർഗാഷ്ടമി നാൾ’ എന്നു തുടങ്ങുന്ന ഡയലോഗും എല്ലാം മലയാളി പ്രേക്ഷകർക്ക് ഇന്നും ഒരു വികാരമാണ്.

സിനിമയില്‍ നിന്നും കുറച്ചകലം പാലിച്ച് നില്‍ക്കുകയാണ് ശോഭന ഇപ്പോൾ. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ നടി അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും അത്ര സജീവമായില്ല. അതേ സമയം നൃത്തലോകത്ത് മാത്രമായി നിന്നിരുന്ന നടി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതു മായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരി ക്കുന്നത്.

‘സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം’, എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശോഭനയെ കണ്ടതോടെയാണ് ഇത്തരമൊരു പ്രചരണം ഉണ്ടായത്. എന്നാല്‍ മല്ലികാ സാരാഭായിയെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭനയെന്ന് പറയുകയാണ് എഴുത്തുകാരി കൂടിയായ ശാരദക്കുട്ടി. ഫേസ്ബുൽ പങ്കുവച്ച കുറിപ്പിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം ;

‘നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളില്‍ പോലും അവര്‍ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവര്‍ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല. അവരുടെ വേദികള്‍, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയില്‍ കിട്ടുന്ന വേദി ആയി മാത്രമാണ് അവര്‍ കാണുന്നത്. നവകേരളസദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവര്‍ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്.

രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവര്‍ പറയും. രാഷ്ട്രീയ ബോധത്തില്‍ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല. നാളെ ഗവര്‍ണ്ണറുടെ വേദിയിലും കോണ്‍ഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകള്‍ വഹിക്കാന്‍ സംഘാടകര്‍ തയ്യാറെങ്കില്‍. എഴുതിക്കൊണ്ടുവന്ന പ്രസംഗം അവര്‍ തപ്പിയും തടഞ്ഞും വായിക്കും. അവരുടെ സംഘി ചായ്‌വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് ഐ ഡോന്റ് കെയര്‍ ഭാവമായിരിക്കും അവരുടേത്.

എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്. മല്ലികാ സാരാഭായിയെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന. ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവര്‍ വായിച്ചു തീര്‍ത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം’. എസ്. ശാരദക്കുട്ടി.


Read Previous

റിയാദ് വയനാട് ജില്ലാ കെഎംസിസി മുസ്ലിം ലീഗ് നേതാക്കൾക്ക് സീകരണവും, കെഎംസിസി ഭാരവാഹികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

Read Next

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയം ‘അതിവേഗം’; പരമ്പര സമനിലയാക്കി ഇന്ത്യ, താരങ്ങളായി സിറാജും ബുമ്രയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular