‘ഒരിക്കല്‍ സഹായിച്ചാ മതിയാ, എപ്പൊഴും സഹായിക്കാനാകോ…’; പൂർവവിദ്യാർഥികളുടെ വേറിട്ട ആശയവും, ചുവടുവെപ്പും


കാഞ്ഞങ്ങാട്: ‘ഒരിക്കല് സഹായിച്ചാ മതിയാ. എപ്പൊഴും ഇങ്ങനെ സഹായിക്കാനാകോ…’ ഒപ്പം പഠിച്ചവരിൽ ഒന്നിലേറെപ്പേർക്ക് ഒന്നുമില്ലെന്നറിഞ്ഞ് പണം സ്വരുക്കൂട്ടുന്നതിനിടെ കൂട്ടത്തിലൊരാളുടെ വാക്കുകളിൽ പിറന്നത് പുതിയൊരു വ്യവസായസംരംഭം. തലപുകയ്ക്കേണ്ടിവന്നില്ല, സ്റ്റാർട്ടപ്പിന് പേരുമിട്ടു – ‘ടെൻ-സി’. ഈ ബ്രാൻഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഉത്പന്നങ്ങളെത്തിച്ചുതുടങ്ങിയതോടെ സഹപാഠികൾ ശരിക്കും വ്യവസായികളായി.
കാഞ്ഞങ്ങാടിന് വടക്ക് ചിത്താരി ജമാ അത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥികളുടെതാണ് വേറിട്ട ആശയവും പുതിയ ചുവടുവെപ്പും. പത്തിലെ പഠനം കഴിഞ്ഞ് സ്കൂളിന്റെ പടിയിറങ്ങി 17 വർഷത്തിനുശേഷമാണ് ഇവരുടെ ഒത്തുചേരൽ. 4000 രൂപ ഓഹരി മൂലധനമായി നിശ്ചയിച്ചാണ് സ്റ്റാർട്ടപ്പ് തുടങ്ങിയത്. താത്പര്യമുള്ളവർക്ക് സംരംഭത്തിൽ പങ്കാളികളാകാമെന്ന തീരുമാനത്തോട് 30-ലധികം പേർ യോജിച്ചു.

വിവിധതരത്തിലുള്ള അച്ചാർ, കേക്ക്, തേൻ തുടങ്ങി മുടികെട്ടുന്ന റിബൺവരെ ‘ടെൻ-സി’ ബ്രാൻഡിൽ പുറത്തിറങ്ങുന്നു. മൂന്നുമാസമായതേയുള്ളൂ. ഈ ബ്രാൻഡ് അറിഞ്ഞവർ, പ്രത്യേകിച്ച് കാസർകോട് ജില്ലക്കാർ ഓർഡർ ചെയ്ത് തുടങ്ങിയെന്ന് സംരംഭത്തിന്റെ മുഖ്യ മേൽനോട്ടക്കാരൻ ചിത്താരിയിലെ അമീർ അലി പറഞ്ഞു. അന്നത്തെ ക്ലാസ്‌മേറ്റ്‌സിൽ സ്വയംതൊഴിൽ ചെയ്യുന്നവരെയെല്ലാം സംരംഭത്തിൽ പങ്കാളികളാക്കിയിട്ടുണ്ട്.

റൈഹാനയാണ് കമ്പനി സി.ഇ.ഒ. മഡിയനിലെ നുസ്രിനയും ഫസീലയുമാണ് അച്ചാറുകളുണ്ടാക്കുന്നത്. കേക്കുണ്ടാക്കുന്നത് ബി. ഫാത്തിമയും കടലപ്പമുണ്ടാക്കുന്നത് കെ. മറിയയും. എം.എസ്. മൗസിൻ പ്രത്യേകതരം മസാലയുണ്ടാക്കി കൈമാറുന്നു. അതിനും ആവശ്യക്കാരേറെ. കുട്ടികളുടെ മുടിയിൽ കെട്ടുന്ന റിബൺ പല നിറങ്ങളിൽ പുറത്തിറക്കുന്നത് സി.എച്ച്. സുമയ്യയാണ്. കർഷകരിൽനിന്ന്‌ ശേഖരിച്ച് ചെറുകുപ്പികളിലാക്കിയാണ് തേൻ വിൽപന. സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഗൾഫിലും ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണിവർ. ഓഹരിയെടുക്കാൻ സാധിക്കാത്ത, നിർധനരായ സഹപാഠികൾക്കാണ് ഈ ഔട്ട്‌ലെറ്റുകളിൽ ജോലിനൽകുക.


Read Previous

3 പേര്‍ മരിച്ചെന്നറിഞ്ഞിട്ടും കൂസലില്ലാതെ മാര്‍ട്ടിന്‍

Read Next

 മലയാളത്തില്‍ സ്വന്തം പേര് പോലും എഴുതാനറിയാതെ യുവതലമുറ

Leave a Reply

Your email address will not be published. Required fields are marked *

Most Popular