3 പേര്‍ മരിച്ചെന്നറിഞ്ഞിട്ടും കൂസലില്ലാതെ മാര്‍ട്ടിന്‍


അത്താണി: കളമശ്ശേരി സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചെന്ന് അറിഞ്ഞിട്ടും കുലുക്കമില്ലാതെ മാര്‍ട്ടിന്‍ ഡൊമിനിക്. അത്താണിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ച കാര്യം പോലീസ് സൂചിപ്പിച്ചത്. എന്നാല്‍, ഒരു ഭാവഭേദവുമുണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തല കുമ്പിട്ടുള്ള നില്‍പ്പായിരുന്നു മറുപടി. ഏഴു മണിക്കൂര്‍ നേരത്തെ തെളിവെടുപ്പിനിടെ ഒരു ഭാവമാറ്റവും മാര്‍ട്ടിനുണ്ടായിരുന്നില്ല.

അത്താണിയിലെ ഫ്‌ളാറ്റിലെ പെയിന്റിങ് ജോലികള്‍ ഏര്‍പ്പാട് ചെയ്യാന്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. വാടക തുക കൂട്ടുന്നതു സംബന്ധിച്ചും ചിലരുമായി സംസാരിച്ചതായി പറയുന്നു. എന്നാല്‍, ഈ ദിവസങ്ങളില്‍ മാര്‍ട്ടിന്‍ വന്നത് ബോംബ് നിര്‍മിക്കാനാണെന്നാണ് പോലീസ് വിലയിരുത്തല്‍.

അത്താണിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് മൂന്ന് മുറികളില്‍ താമസിച്ചിരുന്നത്. ഇവര്‍ ശനിയാഴ്ച ജോലി കഴിഞ്ഞാല്‍ വൈകീട്ട് നാട്ടിലേക്ക് പോകും. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് ജോലിക്കെത്തുക. ഈ സന്ദര്‍ഭം മുതലാക്കിയാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഫ്‌ളാറ്റിലെ മുകളിലെ മുറി ബോംബുണ്ടാക്കാന്‍ മാര്‍ട്ടിന്‍ ഉപയോഗപ്പെടുത്തിയതെന്നാണ് സൂചന. മാര്‍ട്ടിന്റെ ബൈക്കിലാണ് പെട്രോളും ഗുണ്ടുകളും ബാറ്ററികളും വെള്ളിയാഴ്ച ഫ്‌ലാറ്റില്‍ കൊണ്ടുവന്നത്. ശനിയാഴ്ച ഫ്‌ളാറ്റില്‍ തങ്ങി ബോംബുണ്ടാക്കിയെന്നാണ് സൂചന. രാത്രിയോടെ തമ്മനത്തുള്ള വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാവിലെ വീണ്ടും ഫ്‌ളാറ്റിലെത്തിയാണ് സ്‌ഫോടനം നടത്താന്‍ ബോംബുകളെടുത്ത് കളമശ്ശേരിയിലേക്ക് പോയത്.

കളമശ്ശേരി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ഡൊമിനിക്കുമായി നെടുമ്പാശ്ശേരി അത്താണിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് തെളിവെടുത്തു. ബോംബ് നിര്‍മിച്ചെന്നുകരുതുന്ന ടെറസില്‍നിന്ന് അതിനുപയോഗിച്ച വയര്‍, ബാറ്ററി എന്നിവയും പെട്രോള്‍നിറച്ച കുപ്പികളും കണ്ടെടുത്തു.

ബാറ്ററി, റിമോട്ടുകള്‍ എന്നിവ വാങ്ങിയത് കൊച്ചിയിലെ കടയില്‍നിന്നാണെന്ന് പ്രതി ആവര്‍ത്തിച്ചു. കുട്ടികള്‍ക്ക് പരീക്ഷണത്തിനാണെന്ന് കടക്കാരോട് പറഞ്ഞിരുന്നു. ബോംബ് നിര്‍മിച്ചതെങ്ങനെയെന്നും മാര്‍ട്ടിന്‍ വിശദീകരിച്ചു. യഹോവയുടെ സാക്ഷികളുടെ വിശ്വാസം തകര്‍ക്കുക, കണ്‍വെന്‍ഷന്‍ മുടക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ആവര്‍ത്തിച്ചു.

അത്താണി മേയ്ക്കാട് റോഡില്‍ കെ.ബി. ആശുപത്രിക്ക് 30 മീറ്ററോളം കിഴക്കുമാറിയാണ് പ്രതിയുടെ രണ്ടുനിലയുള്ള അപ്പാര്‍ട്ട്‌മെന്റ്. 10 വര്‍ഷംമുമ്പാണ് സ്ഥലം വാങ്ങി നിര്‍മിച്ചത്. നാലുമുറികളാണുള്ളത്. മൂന്നിലും താമസക്കാരുണ്ട്. ടെറസില്‍ ചെറിയമുറിയും ശൗചാലയവുമുണ്ട്. ഫ്‌ളാറ്റില്‍ താമസിക്കുന്നവരുമായോ അയല്‍ക്കാരുമായോ മാര്‍ട്ടിന് അടുത്തബന്ധമില്ല. അതിനാല്‍ അയല്‍ക്കാരെ ചോദ്യംചെയ്തിട്ടില്ല.

ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍, ബോംബ് നിര്‍വീര്യ സ്‌ക്വാഡ് അടക്കം വിവിധ ഏജന്‍സികളും പരിശോധന നടത്തി.


Read Previous

ഒമാന്‍,വിസാ നിയമങ്ങളില്‍ മാറ്റങ്ങള്‍; ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ഇനി പുതിയ വിസ നല്‍കില്ല

Read Next

‘ഒരിക്കല്‍ സഹായിച്ചാ മതിയാ, എപ്പൊഴും സഹായിക്കാനാകോ…’; പൂർവവിദ്യാർഥികളുടെ വേറിട്ട ആശയവും, ചുവടുവെപ്പും

Leave a Reply

Your email address will not be published. Required fields are marked *

Most Popular