വ്രത ശുദ്ധിയുടെ നിറവിൽ ഇസ്ലാം മതവിശ്വാസികൾ


വീണ്ടുമൊരു ചെറിയ പെരുന്നാളിനെ കൂടി വരവേൽക്കകുയാണ് നാടും നഗരവും. ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ടാനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ടാണ് ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റമസാൻ അല്ലെങ്കിൽ റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാൽ മാസത്തിൻ്റെ ആദ്യ ദിനത്തിലാണ് മുസ്ലീങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

മാനവരാശിയുടെ വഴികാട്ടിയായി വിശുദ്ധ ഖുർ ആൻ അവതരിച്ചത് റമദാൻ മാസത്തിലാണ്. അതുകൊണ്ടാണ് ഇസ്ലാമിൽ റമാദാൻ മാസത്തിൽ വ്രതം നിർബന്ധ മാക്കപ്പെട്ടിട്ടുള്ളത്. ഇസ്ലാമിലെ അഞ്ച് വ്യവസ്ഥകളിൽ ഒരെണ്ണമാണ് റമദാൻ. പാപങ്ങളെ എരിയിച്ചു കളയുന്ന മാസം എന്നും റമദാൻ മാസത്തെ പറയുന്നു. പ്രഭാതം മുതൽ പ്രദോഷംവരെ നോമ്പു നോറ്റ് ആത്മസൗഭാഗ്യം കൈവരിക്കുന്ന വ്യക്തിയുടെ മനസും ദേഹവും പ്രവൃത്തിയുമെല്ലാം അനുഗ്രഹങ്ങൾക്ക് ഉടമയാവുന്നു. അയാൾ ദൈവത്തിന്റെ നല്ല അടിമയായിത്തീരുകയും ചെയ്യുന്നു.

ഈദ് ഉൽ ഫിത്തർ എന്നാൽ ‘നോമ്പ് തുറക്കുന്നതിന്റെ ഉത്സവം (Festival of breaking fast) എന്നാണ് അർത്ഥം. വിശ്വാസികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാനും പട്ടിണി കിടക്കുന്നവൻറെ വില അറിയാനും വേണ്ടിയാണ് റമദാനിൽ നോമ്പ് എടുക്കുന്നത്. ഭൗതികമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് ദൈവത്തിലേക്ക് അടുക്കാൻ സമയം മാറ്റി വെക്കുന്നതാണ് റമാദാൻ മാസം. ഇത്തരത്തിൽ ഒരുമാസത്തെ വൃതാനുഷ്ടാനത്തിന് ശേഷമാണ് പെരുന്നാൾ ആഘോഷം എത്തുന്നത്.

റമദാൻ മാസത്തിൽ ചന്ദ്രനെ എപ്പോൾ കാണും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ചെറിയ പെരുന്നാൾ. അതിനാൽ തന്നെ പെരുന്നാൾ ആഘോഷിക്കുന്ന തീയതിയും സമയവും എല്ലാം എല്ലാ രാജ്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. റമദാന് 29 ദിവസം അല്ലെങ്കിൽ 30 ദിവസം കഴിഞ്ഞ് ചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെടുമ്പോഴാണ് ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

ചെറിയ പെരുന്നാൾ ദിവസം എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. നമസ്‌കാരത്തിനു മുൻപ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്വർ സകാത് നൽകും. പെരുന്നാളാഘോഷിക്കേണ്ട ഒരാളും ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടരുത് എന്നതാണ് ഫിത്വർ സകാതിന്റെ ലക്ഷ്യം. പുതിയ വസ്ത്രം അണിഞ്ഞും മൈലാഞ്ചിയിട്ടും കൈത്താളമിട്ടുള്ള പാട്ടുകൾ ചൊല്ലിയുമാണ് പെരുന്നാൾ ആഘോഷം ഉന്നതിയിലെത്തുന്നത്.

ഫിത്വർ സകാത്ത്

പെരുന്നാൾ നമസ്‌കാരത്തിന് മുമ്പ് വീട്ടിലുള്ളവർക്ക് കഴിക്കാനുള്ള ഭക്ഷണം മാറ്റിവെച്ച് ബാക്കിയുളളത് മുഴുവൻ ധർമ്മം ചെയ്യുക എന്നതാണ് ഈ ചടങ്ങ് കൊണ്ട് ഉദേശിക്കുന്നത്. സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത്.

കേരളത്തിൽ അരിയാണ് നൽകാറുള്ളത്. വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യം വിതരണം ചെയ്യണം. വീട്ടിൽ പുതുതായി ജനിച്ച കുഞ്ഞിന് ഉൾപ്പെടെ ഇത്തരത്തിൽ ധർമ്മം ചെയ്യണം എന്നാണ് ചടങ്ങ്.

പ്രധാന ചടങ്ങുകൾ

ഈദ് നമസ്‌കാരമാണ് ഈ ദിനത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഫജർ നമസ്‌കാരത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം ആരംഭിക്കും. നമസ്‌കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുബങ്ങളെയും ആലിംഗനം ചെയ്തും മധുരം നൽകിയും ആഘോഷത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. കുടുംബ വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതാണ് പ്രധാനമായും പെരുന്നാളിന്റെ ഒരു രീതി. അതിഥികളെ സ്വീകരിക്കാൻ ആതിഥേയർ മധുരവും ഭക്ഷണവുമൊരുക്കി കാത്ത് നിൽക്കുന്നതും പതിവ് കാഴ്ചയാണ്…


Read Previous

ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും കൈവരട്ടെ: ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്

Read Next

നഗര കാഴ്ച്ചകള്‍ കണ്ട് ഒരു മെട്രോ ബസ്‌ സെൽഫി!

Leave a Reply

Your email address will not be published. Required fields are marked *

Most Popular