നിതീഷിൻ്റെ വിലപേശൽ വർദ്ധിക്കും; നാല് സംസ്ഥാനങ്ങളില്‍ കോൺഗ്രസിൻ്റെ തോല്‍വി `ഇന്ത്യാ സഖ്യ´ത്തിൽ കൊണ്ടുവരുന്നത് വലിയ മാറ്റങ്ങൾ24512


നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്ന സാഹചര്യത്തിൽ കനത്ത ആഘാതമാണ് കോൺഗ്രസ് പാർട്ടിക്ക് നേരിട്ടിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മനസ്സിൽ കണ്ട് പല പദ്ധതികളും അട്ടിമറിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസമാണ് ഇവിടെ തകർന്നിരിക്കുന്നത്.

ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താം എന്നും അങ്ങനെ ഒറ്റയ്ക്ക് നേടിയെടുക്കുന്ന വിജയത്തിൻറെ ക്രെഡിറ്റ് എന്തിനാണ് ഇന്ത്യ സഖ്യത്തിലെ മറ്റു പങ്കാളികൾക്ക് നൽകുന്നതെന്നും കോൺഗ്രസിന് തോന്നിയിരിക്കാം. ഈ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതോടെ ഇന്ത്യ സഖ്യത്തിലെ ഏറ്റവും പ്രബലമായ പാർട്ടിയായി കോൺഗ്രസ് മാറുമെന്നും മുതിർന്ന നേതാക്കൾ കണക്കു കൂട്ടിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം എത്തിയപ്പോൾ കോൺഗ്രസിൻ്റെ വിലയിരുത്തൽ അമ്പേ പാളുകയായിരുന്നു. ഹിന്ദി ഹൃദയ ഭൂമിയിൽ പാർട്ടി ശിഥിലമായി മാറി. കോൺഗ്രസിനെ ഏറെ പ്രതീക്ഷയുണ്ടായിരുന്ന മധ്യപ്രദേശിൽ പാർട്ടിയുടെ കണക്കുകൂട്ടൽ പരാജയപ്പെടുക മാത്രമല്ല രാജസ്ഥാൻ നഷ്ടപ്പെടുകയും ചെയ്തു. ഛത്തീസ്ഗഡിൽ കൂടി പരാജയമടഞ്ഞതോടെ ഈ തിരഞ്ഞെടുപ്പ് കോൺഗ്രസ് ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായി മാറുകയായിരുന്നു.

ഇന്ത്യ സഖ്യത്തിലെ പങ്കാളികൾ കോൺഗ്രസിന് എത്രത്തോളം പ്രധാനമാണ് എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ ധാർഷ്ട്യത്തിനെതിരെ ആഞ്ഞടിച്ച് ആദ്യം രംഗത്ത് എത്തിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ബിജെപിയെ പോലുള്ള ഒരു രാഷ്ട്രീയ ശത്രുവിനെ നേരിടാൻ കോൺഗ്രസ് സംയുക്ത പോരാട്ടം നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള യാതൊരു പ്രവർത്തികളും കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ് തന്നെ തങ്ങൾ വിജയിച്ചു എന്ന് അവർ കരുതി. തങ്ങൾക്ക് വലിയ ശക്തിയുണ്ടെന്നും ആർക്കും വെല്ലുവിളിക്കാനാകില്ലെന്നും കോൺഗ്രസിന് തോന്നി. ആർക്കും തങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് തന്നെ അവർ വിചാരിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിൻ്റെ ഈ ചിന്താഗതിയാണ് അവരുടെ പരാജയത്തിന് ആക്കംകൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ മധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടിയും അഖിലേഷ് യാദവിൻ്റെ സമാജ് വാദി പാർട്ടിയും വെവ്വേറെയാണ് മത്സരിച്ചത്. മതപ്രദേശിലെ 74 സീറ്റുകളിൽ അഖിലേഷ് യാദവ് തൻ്റെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. മധ്യപ്രദേശിൽ സീറ്റ് ചർച്ച വേളയിൽ അധ്യക്ഷതവും കോൺഗ്രസിനോട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തങ്ങളുടെ അമിത ആത്മവിശ്വാസം കാരണം കോൺഗ്രസ് ഒരു സീറ്റ് പോലും സമാജ് വാദി പാർട്ടിക്ക് നൽകാൻ തയ്യാറായിരുന്നില്ല. കോൺഗ്രസിൻ്റെ ഈ ഏകാധിപത്യ നിലപാടിനോട് അതൃപ്തി അറിയിച്ച അഖിലേഷ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കണോ വേണ്ടയോ എന്ന് ആലോചിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അഖിലേഷിൻ്റെ പാർട്ടി ഒരു നിർണായക ശക്തിയായി മാറുകയായിരുന്നു എന്നു തന്നെ പറയാം. മധ്യപ്രദേശിൽ എസ്︋പിയുടെ കടന്നുവരവ് പല സീറ്റുകളിലും കോൺഗ്രസിന് നഷ്ടമുണ്ടാക്കി. അക്കൂട്ടത്തിലാണ് നിവാരി നിയമസഭാ മണ്ഡലവും. പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് ഇന്ത്യാ അലയൻസിന്റെ സഖ്യത്തിലാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു എന്ന് ഉറപ്പായിരുന്നു.

കോൺഗ്രസിന്റെ അമിത ആത്മവിശ്വാസത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ സഖ്യത്തോടുള്ള കോൺഗ്രസിൻ്റെ സമീപനം ഉദാസീനമാണെന്ന് ഇടതുപക്ഷ റാലിയെ അഭിസംബോധന ചെയ്യവേ നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ തിരക്കിലാണ് കോൺഗ്രസ് എന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാണ് അവർ പറയുന്നതെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തിയിരുന്നു.

നിലവിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യൻ സഖ്യത്തിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും കോൺഗ്രസ് പാർട്ടി രംഗത്ത് എത്തിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ഡിസംബർ 6 ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിൻ്റെ യോഗം വിളിച്ചെങ്കിലും അത് നടക്കില്ല എന്ന് ഉറപ്പായി ഡിസംബര്‍ 17 ന് ചേരുമെന്നാണ് ലാലു പ്രസാദ് യാദവ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇപ്പോൾ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ സഖ്യത്തിൽ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ഇന്ത്യാ സഖ്യത്തിനു നൽകുന്ന സന്ദേശം എന്താണ്?

ഈ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ സഖ്യത്തിൽ എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്ന ചോദ്യത്തിൻ്റെ ലളിതമായ ഉത്തരം ഇന്ത്യാ സഖ്യത്തിൻ്റെ അടുത്ത യോഗത്തിൽ നിതീഷ് കുമാറിൻ്റെ വിലപേശൽ ശക്തി വർദ്ധിക്കുമെന്നുള്ളതാണ്. ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വം നിതീഷ് കുമാറിനെ ഏൽപ്പിക്കണമെന്ന ശബ്ദങ്ങളും ഉയരും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നിതീഷ് കുമാർ സ്വയം പുറത്തായെങ്കിലും സഖ്യത്തെ നയിക്കുന്നതിൽ അദ്ദേഹം തൽപരനാണ്.

ജെഡിയുവിൽ നിന്നും ഇത്തരം ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിട്ടുമുണ്ട്. ജെഡിയു നേതാവ് നിഖിൽ മണ്ഡലും ഇക്കാര്യത്തിൽ തൻ്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ സഖ്യം ഇനി നിതീഷ് കുമാറിനെ പിന്തുടരണമെന്നാണ് നിഖിൽ മണ്ഡൽ ട്വീറ്റ് ചെയ്തത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ തിരക്കിലായതിനാൽ കോൺഗ്രസിന് ഇന്ത്യാ സഖ്യത്തെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടു, ഫലവും പുറത്തുവന്നു. ഒരു കാര്യം ഓർക്കുക. ഇന്ത്യാ സഖ്യത്തിൻ്റെ ശില്പിയാണ് നിതീഷ് കുമാർ. അദ്ദേഹത്തിന് മാത്രമേ ഈ ബോട്ട് അക്കരെ കടത്തുവാൻ കഴിയുകയുള്ളൂ- ട്വീറ്റിൽ നിഖിൽ മണ്ഡൽ പറയുന്നു.

ആദ്യം ഹിമാചൽ പ്രദേശിലും പിന്നീട് കർണാടകയും നേടിയ വിജയം കോൺഗ്രസിൻ്റെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല വർദ്ധിപ്പിച്ചത്. നിലവിലെ കോൺഗ്രസ് നേതൃത്വ ത്തിന് വടക്കും തെക്കും സ്വീകാര്യതയുണ്ടെന്ന് ഈ വിജയത്തോടെ കരുതിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഈ തിരഞ്ഞെടുപ്പ് ഫലം ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്ന് പാർട്ടിയെ തുടച്ചു നീക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിൻ്റെ സ്വീകാര്യത സംബന്ധിച്ച് ചർച്ചകൾ ഉയരും. മമത ബാനർജി, ശരദ് പവാർ, അരവിന്ദ് കെജ്‌രിവാൾ, അഖിലേഷ് തുടങ്ങിയ നേതാക്കൾ ഇന്ത്യ സഖ്യത്തെ നയിക്കാനുള്ള കോൺഗ്രസിൻ്റെ കഴിവിനെ ചോദ്യം ചെയ്തേക്കും. 

ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളായ ടിഎംസി, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവർ 2024 ലെ പൊതു തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള സീറ്റ് ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തിരക്കിലായിരുന്നു കോൺഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം, സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളാകാം എന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. നിലവിലെ സാഹചര്യത്തിൽ സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസോ സഖ്യകക്ഷികളോ പരസ്പരം ലോക്‌സഭാ സീറ്റുകൾ വിട്ടുകൊടുക്കേണ്ടിവരുന്ന നിരവധി സംസ്ഥാനങ്ങളുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയവ അവയിൽ ചിലതാണ്.

ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയും പശ്ചിമ ബംഗാളിൽ മമത ബാനർജിയും കോൺഗ്രസും തമ്മിൽ സീറ്റ് വിഭജനവും നടക്കാനുണ്ട്. അതുപോലെ അഖിലേഷ് യാദവിനും കോൺഗ്രസിനും ഉത്തർപ്രദേശിൽ സീറ്റ് പങ്കിടേണ്ടി വരും. മഹാരാഷ്ട്രയിലും കോൺഗ്രസിന് സീറ്റ് വിഭജനം കീറാമുട്ടിയാകും.

ഇന്ത്യൻ സഖ്യത്തിലെ നിതീഷ് കുമാർ, അഖിലേഷ്, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കൾ ജാതി സെൻസസിനെ പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവന്ന നാല് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ വ്യത്യസ്തമായ കഥയാണ് പറയുന്നത്. ജാതിക്കണക്കുകൾളൊന്നും അറിയാൻ നിലവിൽ പൊതുജനങ്ങൾക്ക് താൽപ്പര്യമില്ലെന്നാണ് ഈ ഫലങ്ങൾ വ്യക്തമാക്കുന്നത്. പകരം, സർക്കാർ പദ്ധതികളുടെ വിതരണം, സ്ത്രീ വോട്ടർമാരുടെ വിശ്വാസം, ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയ വിഷയങ്ങൾക്കാണ് പൊതുജനങ്ങൾ വോട്ട് ചെയ്തപ്പോൾ പ്രാധാന്യം നൽകിയത്. ഈ സാഹചര്യത്തിൽ തങ്ങളുടെ അജണ്ടയിൽ ജാതി സെൻസസിന് എത്രമാത്രം പ്രാധാന്യം നൽകണമെന്നും ഇന്ത്യാ സഖ്യം ചിന്തിക്കേണ്ടതുണ്ട്.

ഫലം പ്രഖ്യാപിച്ച നാല് സംസ്ഥാനങ്ങളിലും വോട്ടർമാരെ ആകർഷിക്കുന്നതിൽ സൗജന്യ പദ്ധതികൾക്ക് വലിയ പങ്കുണ്ടായിരുന്നു. കോൺഗ്രസ് വിജയിച്ച തെലങ്കാന യിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ എത്തിയാൽ 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. രാജസ്ഥാനിലും ഇതേ വാഗ്ദാനമാണ് കോൺഗ്രസ് നൽകിയത്. എന്നാൽ ഇവിടെ 450 രൂപയ്ക്ക് സിലിണ്ടറുകൾ നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം.

ഇത് കൂടാതെ തെലങ്കാനയിൽ സൗജന്യ ബസ് യാത്ര, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് വീട് പണിയാൻ ഭൂമി എന്നിവ കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വയോജനങ്ങൾക്ക് പ്രതിമാസം 4,000 രൂപ പെൻഷൻ നൽകുമെന്നും പാർട്ടി ഉറപ്പു നൽകിയിട്ടുണ്ട്. ഇന്ത്യൻ സഖ്യവും തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഇത്തരം പദ്ധതികൾ ചൂണ്ടിക്കാട്ടിയാകും. ന്യായ് പദ്ധതി പ്രകാരം യുവാക്കൾക്ക് പ്രതിമാസം 6,000 രൂപ വീതം നൽകണമെന്ന നിലപാട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു.


Read Previous

ഇന്ത്യ മുന്നണി യോഗം ഡിസംബർ 17 ന് ചേരുമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്

Read Next

തൃശൂർ ജില്ലാ സൗഹൃദവേദി’ 2024 ലെ അംഗത്വ ക്യാമ്പയിന് റിയാദില്‍ തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular