കൈക്കൂലി ആരോപണ കേസിൽ തനിക്കെതിരെ തെളിവുകളില്ല: മഹുവ മൊയ്‌ത്ര


ബിജെപി എംപിയുടെ കൈക്കൂലി ആരോപണം പരാജയപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര പറഞ്ഞു. കേസിൽ തെളിവുകളൊന്നു മില്ലെന്നും, അദാനിക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങാനുള്ള അനുമതി എങ്ങനെ ലഭിച്ചുവെന്നും മൊയ്ത്ര ചോദിച്ചു. എക്സിലൂടെയായിരുന്നു മൊയ്ത്രയുടെ പ്രതികരണം.

“ആദ്യം ബിജെപി പറഞ്ഞത് ചോദ്യങ്ങൾ ചോദിക്കാൻ പണം കൈപ്പറ്റിയെന്നാണ്. എന്നാൽ ഈ വ്യാജ ആരോപണത്തിന് തെളിവില്ലാത്തതിനാൽ അത് പരാജയപ്പെട്ടു. ഇപ്പോൾ ദേശീയ സുരക്ഷയാണ് അവർ പറയുന്നത്. ഓരോ എംപി ടീമിലെയും 10 പേർ ദിവസേന ആക്‌സസ് ചെയ്യുന്ന ചോദ്യോത്തര പോർട്ടലല്ല ഇവിടുത്തെ വിഷയം, നമ്മുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങാൻ എഫ്പിഐയുടെ ഉടമസ്ഥതയിലുള്ള അദാനിക്ക് എംഎച്ച്എ അനുമതി ലഭിക്കുന്നത് എങ്ങനെയാണ്.” – എക്‌സിലെ ഒരു പോസ്റ്റിൽ മൊയ്‌ത്ര ചോദിച്ചു.

പാർലമെന്ററി പോർട്ടൽ ലോഗിൻ വിശദാംശങ്ങൾ ആരുമായും പങ്കിടുന്നത് നിയമലംഘനമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ എക്‌സിൽ കുറിച്ചതിന് പിന്നാലെയാണ് മൊയ്ത്രയുടെ പ്രതികരണം. അജ്ഞാത വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) അദാനി ഗ്രൂപ്പിന്റെ ഓഹരികൾ സ്വന്തമാക്കുന്നത് വലിയ ദേശീയ സുരക്ഷാ പ്രശ്‌നമാണെന്നും മൊയ്ത്ര പറഞ്ഞു. ടിഎംസി നേതാവിന്റെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയിൽ നിന്ന് ലഭിച്ച കത്തിനെ ഉദ്ധരിച്ച് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയതോടെയാണ് കൈക്കൂലി ആരോപണ കേസ് ആരംഭിക്കുന്നത്.

അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മൊയ്‌ത്ര കൈക്കൂലി വാങ്ങിയെന്ന പരാതി ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി നിലവിൽ പരിശോധിക്കുകയാണ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര ഒരു വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് എംപിയായ നിഷികാന്ത് ദുബെയാണ് ആരോപിച്ചത്. പിന്നാലെ എംപിക്കെതിരായ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ സമിതി രൂപീകരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെടുകയും ചെയ്തു. അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ മൊയ്ത്രയുമായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകൻ പങ്കുവെച്ചിരുന്നുവെന്ന് ദുബെ പറഞ്ഞു.

അടുത്തിടെ അവർ ലോക്‌സഭയിൽ ചോദിച്ച 61 ചോദ്യങ്ങളിൽ 50ഉം ശ്രദ്ധ കേന്ദ്രീകരിച്ചത് അദാനി ഗ്രൂപ്പിനെയായിരുന്നുവെന്ന് ഓം ബിർളയ്ക്ക് അയച്ച കത്തിൽ ദുബെ അവകാശപ്പെട്ടു. ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ നിർണായക റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആരോപണങ്ങൾ എല്ലാം ഉയർന്നത്. ഇതിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങളും സർക്കാരിന്റെ നയങ്ങളും ചർച്ച ചെയ്യാനുള്ള മറ്റ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് മൊയ്ത്ര നടത്തിയത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ മൊയ്ത്രയ്ക്ക് പ്രമുഖ വ്യവസായി പണവും സമ്മാനങ്ങളും കൈമാറിയെന്നും ദുബെ ആരോപിച്ചു.

മൊയ്ത്രയും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയും തമ്മില്‍ കൈക്കൂലി ഇടപാട് നടന്നുവെന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട ദുബെ സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുടെ കത്തും ഉദ്ധരിച്ചു. എന്നാല്‍ ഇതിനെതിരെ എക്‌സ് പോസ്‌റ്റിലൂടെ മഹുവ മൊയ്ത്ര തിരിച്ചടിച്ചു. “സത്യവാങ്മൂലം വെള്ളകടലാസിലാണ് ഔദ്യോഗിക ലെറ്റര്‍ഹെഡിലല്ല, അതിലെ ഉള്ളടക്കം തമാശയാണ്” എന്നുമായിരുന്നു ടിഎംസി എംപിയുടെ മറുപടി.

സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ ഹിരാനന്ദാനി നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും തന്നെ ലക്ഷ്യം വച്ചുള്ള നീക്കത്തിന് പിന്നിൽ പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും (പിഎംഒ) അവർ അവകാശപ്പെട്ടു. അദാനി വിഷയത്തില്‍ ഏത് വിധേനയും തന്നെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും അവര്‍ കത്തില്‍ ആരോപിച്ചു.

റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ മുഖ്യ എതിരാളിയായ അദാനി ഗ്രൂപ്പിനെക്കുറിച്ച് സഭാ നടപടികള്‍ക്കിടയില്‍ പ്രത്യേകം ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അനന്ത് ദേഹാദ്രായി ആരോപിച്ചിരുന്നു. എന്നാല്‍ ഹിരാനന്ദായി ഗ്രൂപ്പ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തങ്ങള്‍ രാഷ്ട്രീയകച്ചവടത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും, ജനതാല്‍ പ്പര്യത്തില്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നുമാണ് ഹിരാനന്ദായി ഗ്രൂപ്പ് വ്യക്തമാക്കിയത്.


Read Previous

കെ ആര്‍ ഗൗരിയമ്മയുടെ മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കിയത് ഇ എം എസ് അല്ല, വി എസ് അച്യുതാനന്ദന്‍,അവര്‍ പട്ടികളാണെന്നും സമയം കഴിഞ്ഞപ്പോള്‍ എന്നെ വേണ്ട എന്ന് ഗൗരിയമ്മ വളരെ ദേഷ്യത്തോടെ പറഞ്ഞു.: തുറന്നു പറഞ്ഞ് പ്രൊഫസർ എംകെ സാനു.

Read Next

കിയ’ സലീഷ് ഭാസ്ക്കരന് യാത്രയയപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular