പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തൃശ്ശൂരില്‍ പൊടിപ്പാറും; മോദിയെ ഇറക്കി കളിക്കുന്ന ബി ജെ പിക്ക് മറുപടിയുമായി കോണ്‍ഗ്രസ്‌; സംസ്ഥാനത്തെ  25177  ബൂത്തുകളില്‍ നിന്ന് ബൂത്ത്  പ്രസിഡന്റ്,   വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും  മണ്ഡലം മുതല്‍  എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും  ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും


തൃശ്ശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റുന്ന മണ്ഡലങ്ങളില്‍ ഒന്നാകും തൃശൂര്‍. കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ പറ്റാത്ത ബിജെപി ഇത്തവണ വളരെ വീറോടെ തൃശൂര്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ്. നടന്‍ സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തിത്തന്നെയാണ് ഇത്തവണയും ഇവിടെ പോര് കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തൃശ്ശൂര്‍ അങ്ങനെ വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് കോണ്‍ഗ്രസ്. ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി കളം പൊലിപ്പിക്കുമ്പോള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്സ്.

ബിജെപി മോദിയെ ഇറക്കി ഒരു മഹാസമ്മേളനത്തോടെ പ്രചരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വീണ്ടുമെത്തും. ഇതിന്റെയെല്ലാം ലക്ഷ്യം തെരഞ്ഞെടുപ്പു തന്നെയായതിനാല്‍ വിട്ടുകൊടുക്കാതെ തൃശൂരില്‍ തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസ്. പൊതുപ്രവര്‍ത്തനവും സാമൂഹ്യസേവനവും ദാന ധര്‍മ്മങ്ങളുമായി സുരേഷ് ഗോപിയ്ക്കും അത്യാവശ്യം ജനപ്രീതി തൃശൂരിലുണ്ട്. സിറ്റിംങ്ങ് എംപി ടിഎന്‍ പ്രതാപന്‍ തൃശൂരില്‍ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവും ഏവര്‍ക്കും ഏത് സമയത്തും സ്വീകാര്യനുമാണ്.  അതുകൊണ്ട് തന്നെ ഇത്തവണ തൃശൂര്‍ കടുത്ത പോരിന് സാക്ഷ്യം വഹിക്കും.

ഇതിന് മുന്നോടിയായി കേരളത്തിലെ കോണ്‍ഗ്രസിന്റെ  അവസാനഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാവുകയാണ്. സംസ്ഥാനത്തെ  25177  ബൂത്തുകളില്‍ നിന്ന് ബൂത്ത്  പ്രസിഡന്റ്,   വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും  മണ്ഡലം മുതല്‍  എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും  ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ശനിയാഴ്ച്ച വൈകുന്നേരം 3.30ന് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം.

സമ്മേളനം വന്‍ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു. ബൂത്ത് ശാക്തീകരണത്തിലൂടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന്   സമ്മേളനം തുടക്കം കുറിക്കും.എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബൂത്ത് പ്രസിഡന്‍മാരും വനിതാ വൈസ് പ്രസിഡന്റും ബി.എല്‍.എമാരുമായി നേരിട്ട് സംവാദം നടത്തും എന്നതാണ് തൃശ്ശൂര്‍ നടക്കുന്ന മഹാസമ്മേളനത്തിന്‍റെ   പ്രത്യേകത.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി സംവദി ക്കുന്ന മഹാസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.

ക്രൈസ്തവര്‍ ഏറെയുള്ള തൃശൂരില്‍ മണിപ്പൂര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക മാധ്യമമായ കത്തോലിക്കാ പത്രം മണിപ്പൂര്‍ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെപ്പറ്റി സുരേഷ് ഗോപി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇത് സുരേഷ് ഗോപിക്ക് തിരിച്ചടിയാകുമെന്നുമാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍ ക്രൈസ്തവരെ വേണ്ടാത്തയാളെ ക്രൈസ്തവര്‍ക്കും വേണ്ടെന്നായിരുന്നു വിമര്‍ശനം. പിന്നീട് സഭാ നേതൃത്വത്തെ കണ്ട ബിജെപി നേതാക്കള്‍ അനുനയ നീക്കവും നടത്തിയിരുന്നു.

ഇന്ന്‍ തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന് സുരേഷ് ഗോപി സ്വര്‍ണക്കിരീടവും സമര്‍പ്പിച്ചിരുന്നു. വികാരിയം ട്രസ്റ്റിമാരും അംഗീകാരം നല്‍കിയതോടെയാണ് ഇന്ന് കുടുംബസമേതം എത്തി കിരീടം സമര്‍പ്പിച്ചത്. അടുത്ത കുടുംബാംഗങ്ങളും ബിജെപി ജില്ലാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. മകളുടെ വിവാഹത്തിനുള്ള ഒരുക്കമായാണ് നേര്‍ച്ച സമര്‍പ്പിച്ചത്. ഇടവക വികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സുരേഷ് ഗോപിയും മകളും ചേർന്നാണ് മാതാവിന്റെ തിരു രൂപത്തിൽ കിരീടം ചാർത്തിയത്. ഇതെല്ലാം തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തവണ ടിഎന്‍ പ്രതാപന്‍ സുരേഷ് ഗോപിക്കുമേല്‍ 121267 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുമായി. പ്രതാപനം 415089 വോട്ടും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ രാജാജി മാത്യു തോമസിന് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്.


Read Previous

വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പ്, ശ്രീരാമനെ ആര്‍എസ്എസിന്‍റെ വകയായി കാണേണ്ടതില്ല’; ചിത്രയെ ചീത്തവിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ശ്രീകുമാരന്‍ തമ്പി

Read Next

പ്രോസിക്യൂഷന്റെ എതിര്‍പ്പ് കോടതി അംഗീകരിച്ചില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular