ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ മെയ്‌ 15 വരെ; ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം


മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ ഹജ്ജിനുള്ള അപേക്ഷകള്‍ നല്‍കാമെന്നും മന്ത്രാലയം വ്യക്തമാക്കി. സീറ്റുകളുടെ ലഭ്യതയനുസരിച്ചായിരിക്കും പുതിയ അപേക്ഷകര്‍ക്ക് ഹജ്ജ് അനുമതി പത്രങ്ങള്‍ നല്‍കുക.

ഹജ്ജ് പെര്‍മിറ്റ് ലഭിച്ചതായി അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ അബ്ഷിര്‍ പ്ലാറ്റ് ഫോമില്‍ നിന്നും സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പെര്‍മിറ്റുകള്‍ പ്രിന്റ് ചെയ്ത് എടുക്കാം. യോഗ്യരായ തീര്‍ത്ഥാടകരും ഹജ്ജ് തൊഴിലാളികളും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

തങ്ങളുടെ ഹജ്ജ് പെര്‍മിറ്റുകള്‍ ഇതിനകം ലഭിച്ചു തുടങ്ങിയതായി ആഭ്യന്തര തീര്‍ഥാടകര്‍ അറിയിച്ചു. നേരത്തെ രജിസട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണമടച്ചവര്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിച്ചു തുടങ്ങിയത്. പെര്‍മിറ്റുകള്‍ അനുവദി ക്കപ്പെടുന്ന മുറയ്ക്ക് പെര്‍മിറ്റ് നമ്പര്‍ അപേക്ഷകര്‍ക്ക് എസ്എംഎസായി ലഭിക്കും. അതിന് ശേഷം അബ്ഷിര്‍ പ്ലാറ്റ് ഫോമില്‍ നിന്നും ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്നും പെര്‍മിറ്റുകള്‍ പ്രിന്റ് ചെയ്യാവുന്നതാണ്. തങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചോ ഇല്ലയോ എന്നറിയാന്‍ നുസുക്ക് ആപ്ലിക്കേഷനിലെ ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിച്ചാല്‍ അറിയാന്‍ കഴിയും.

പുതുതായി അപേക്ഷ നല്‍കുന്നവരില്‍ ഇതിനു മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഈ വര്‍ഷം ജൂണില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗദി അറേബ്യ ഇ-രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. 4099 റിയാല്‍, 8100 റിയാല്‍, 10,400 റിയാല്‍, 13,265 റിയാല്‍ എന്നിങ്ങനെ നാല് പാക്കേജുകളാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളിലായി ഇവ അടയ്ക്കാമെന്ന് നേരത്തേ അറിയിച്ചിരുന്നു. ആദ്യം തുകയുടെ 20 ശതമാനവും രണ്ടും മൂന്നും ഘട്ടങ്ങ ളില്‍ 40 ശതമാനം വീതവുമാണ് അടക്കേണ്ടത്. മക്കയിലെത്താനുള്ള യാത്രാ ചെലവുകള്‍ക്ക് പുറമെയാണിത്.

കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 1.8 ദശലക്ഷം തീര്‍ഥാടകര്‍ ഹജ്ജ് തീര്‍ഥാടനം നിര്‍വഹിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. വിദേശ തീര്‍ഥാടകര്‍ക്കായി സൗദി അറേബ്യ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.


Read Previous

തൃശൂരും തിരുവനന്തപുരവും ബിജെപി, 18 സീറ്റില്‍ എല്‍ഡിഎഫ്; ഇതാണ് അന്തര്‍ധാരയെന്ന് മുരളീധരന്‍

Read Next

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular