പ്രധാനമന്ത്രിക്കെതിരായ പരാമർശം: അതൃപ്തി അറിയിച്ച് ഇന്ത്യ, മാലദ്വീപ് സ്ഥാനപതിയെ വിളിച്ചുവരുത്തി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരിഹാസ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ചതിനു പിന്നാലെ മാലദ്വീപ് സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാലദ്വീപ് സ്ഥാനപതി ഇബ്രാഹിം ഷഹീബിനോട് പ്രധാനമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വിദ്വേഷപരാമര്‍ശത്തോടുള്ള രാജ്യത്തിന്റെ അതൃപ്തി അറിയിച്ചു.

പരാമര്‍ശം വിവാദമായതിനു പിന്നാലെ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന, അബ്ദുള്ള മഹ്‌സൂം മജീദ്, മല്‍ഷ ഷരീഫ് എന്നീ മന്ത്രിമാരെ മാലദ്വീപ് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രധാനമന്ത്രിക്കെതിരെയുണ്ടായ പരാമര്‍ശം വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും രാജ്യത്തിന്റെ നയമല്ലെന്നും ഭരണകൂടം ഔദ്യോഗികപ്രസ്താവനയില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട അധികാരികള്‍ മടിക്കില്ലെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനു പിന്നാലെയായിരുന്നു മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തത്.

പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്‌സില്‍ നിന്ന് ഇത് നീക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്‌സ് പ്ലാറ്റ് ഫോമില്‍ പറഞ്ഞിരുന്നു. രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സില്‍ കുറിച്ചു. ഈ പോസ്റ്റും പിന്നീട് വലിയ വിവാദമായി.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്.


Read Previous

ഇന്ത്യൻ സമുദ്രങ്ങളിൽ ആരൽ ‘ചാകര’

Read Next

ഹയാ മിയാസാകിക്ക് 83-ാംവയസ്സിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular