ഇന്ത്യൻ സമുദ്രങ്ങളിൽ ആരൽ ‘ചാകര’


കോഴിക്കോട്: ജൈവവൈവിധ്യത്തിന്റെ വിസ്മയമാണ് ഇന്ത്യൻ സമുദ്രങ്ങളെന്ന് വീണ്ടും വ്യക്തമാക്കി രണ്ടുവർഷത്തിനിടെ ഗവേഷകർ കണ്ടെത്തി വർഗീകരിച്ചത് 12 പുതിയ ആരൽ (ഈൽ) മത്സ്യ ഇനങ്ങളെ. ഇതിൽ അഞ്ചെണ്ണം കേരള തീരത്തുനിന്നും അഞ്ചെണ്ണം തമിഴ്നാട് തീരത്തുനിന്നുമാണ് ശേഖരിച്ചത്. വാണിജ്യമൂല്യമുള്ള, ഭക്ഷ്യയോഗ്യമായ ഇനങ്ങളെ കേരളതീരങ്ങളിൽനിന്ന് ലഭിച്ചത് മത്സ്യവിപണനമേഖലയിൽ പ്രതീക്ഷ പകരുന്നു.

അരിസൊമ മൗറൊസ്റ്റിഗ്മ, അരിസൊമ ഇൻഡികം, മാക്രൊസെഫൻഷ്യസ് സുമൊദി, ഒഫിഷ്യസ് നിഗ്രൊവെൻട്രാലിസ്, റൈൻകോംഗർ ബൈകൊളൊരാറ്റസ് എന്നിവയാണ് കേരളതീരത്തുനിന്ന് കണ്ടെടുത്ത പുതിയ സ്പീഷിസുകൾ. ജിംനൊതൊറാക്സ് തമിഴ്നാടുയെൻസിസ്, ഒഫിഷസ് നെയ്‌വസ്, അരിയൊസൊമ മെലാനൊസ്പിലൊസ്, അരിയൊസൊമ അൽബിമാകുലാതും, കൊൻഗർ മെലാനൊപെട്രസ് എന്നിവയാണ് തമിഴ്‌നാട്ടിൽനിന്നുള്ള ഇനങ്ങൾ.

ഇന്ത്യയിൽ ലഭിക്കുന്ന ഭൂരിഭാഗം ആരൽ ഇനങ്ങളെയും ഭക്ഷണത്തിനായി ഉപയോഗപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് വാണിജ്യമൂല്യം കുറവാണ്. ഇവ വളർത്തുമൃഗങ്ങൾക്കുള്ള തീറ്റനിർമാണത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാൽ, പുതുതായി കണ്ടെത്തിയ ചില ഇനങ്ങൾ ഭക്ഷ്യയോഗ്യമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അരിസോമ, റൈൻകോംഗർ ജനുസിൽപ്പെട്ടവ ഭക്ഷ്യയോഗ്യമാണ്. ഫിഷ്ബോൾസ്, ഫിഷ് ക്രാക്കേഴ്സ്, ബർഗർ, കോൺഗ്രിഡ് ഗ്രിൽസ് തുടങ്ങിയവ വിഭവങ്ങളുണ്ടാക്കാൻ ഉപയോഗപ്പെടുത്താം. പടിഞ്ഞാറൻ പസഫിക് രാജ്യങ്ങളിൽ ഏറെ പ്രിയമുള്ള വിഭവങ്ങളാണിവ. അതുകൊണ്ട് മത്സ്യക്കയറ്റുമതിക്ക് സാധ്യത തുറക്കുന്നു.

കൊച്ചി സെന്റർ ഫോർ പെനിസുലാർ അക്വാറ്റിക് ജെനിറ്റിക്സ് റിസോഴ്സസ് തലവൻ ഡോ. ടി.ടി. അജിത് കുമാർ, ഗവേഷണവിദ്യാർഥി പി. കോടീശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളിലാണ് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്. ഇവയുടെ പോഷകമൂല്യത്തെക്കുറിച്ച് പഠനം തുടങ്ങിയിട്ടുണ്ട്. പഠനഫലത്തിന്റെ അടിസ്ഥാനത്തിൽ ആരലുകളെ ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ തയ്യാറാക്കുമെന്ന് ഡോ. അജിത് കുമാർ പറഞ്ഞു. ലോകത്ത് എല്ലാപ്രദേശങ്ങളിലും കാണപ്പെടുന്ന മത്സ്യ ഇനമാണ് ആരൽ(ഈൽ).

നിലവിൽ 26 കുടുംബങ്ങളിൽപ്പെട്ട 1110 ഇനം ആരൽമത്സ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ പ്രജനനത്തെക്കുറിച്ചും ജീവശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും വളരെക്കുറവ് അറിവുമാത്രമേ ശാസ്ത്രലോകത്തിനുള്ളൂ.


Read Previous

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

Read Next

പ്രധാനമന്ത്രിക്കെതിരായ പരാമർശം: അതൃപ്തി അറിയിച്ച് ഇന്ത്യ, മാലദ്വീപ് സ്ഥാനപതിയെ വിളിച്ചുവരുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular