റിപ്പബ്ലിക് ദിന പരേഡ്: കര്‍ണാടകത്തിന്റെ നിശ്ചല ദൃശ്യത്തിനും അനുമതിയില്ല


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കര്‍ണാടകത്തിന്റെ നിശ്ചല ദൃശ്യത്തിനും അനുമതിയില്ല. ഭാരത്ത് പര്‍വില്‍ ടാബ്ലോ ഉള്‍പ്പെടുത്താമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു.

നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരെ പഞ്ചാബ്, പശ്ചിമബംഗാള്‍ ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. തങ്ങളെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ബിജെപി സര്‍ക്കാര്‍ നല്‍കിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കര്‍ണാടകയ്ക്ക് പരേഡില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയി രുന്നു. 13 വര്‍ഷത്തിന് ശേഷം ആദ്യമായി നിശ്ചല ദൃശ്യം തള്ളിയതിനെതിരെ അന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്ന് നിശ്ചല ദൃശ്യത്തിന് അനുമതി നല്‍കിയത്.

വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം. ഇത്തവണ കര്‍ണാടകയുടെ ചരിത്രവും ബംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല. ക്ഷാമത്തില്‍ വലയുന്ന കന്നഡ ജനതയ്ക്ക് സഹായം നല്‍കാത്തത് മുതല്‍ ടാബ്ലോയില്‍ അനുമതി നല്‍കാത്തതിന് പിന്നില്‍ വരെ രാഷ്ട്രീയമാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയങ്ങളില്‍ കേരളം സമര്‍പ്പിച്ച നിശ്ചല ദൃശ്യ മാതൃകകളാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. ലൈഫ് മിഷന്‍ അടക്കമുളള പദ്ധതികള്‍ ഉള്‍പ്പെടുത്തിയായിരുന്നു കേരളം മുന്നോട്ട് വച്ച മാതൃകകള്‍. കേരളം പത്ത് മാതൃകകളാണ് നല്‍കിയിരുന്നത്.


Read Previous

ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനം; അമേരിക്കയിൽ വീണ്ടും ജഡ്ജിയായി ചരിത്രം സൃഷ്ടിച്ച് തിരുവല്ലക്കാരി ജൂലി മാത്യു

Read Next

വാഹനത്തിന് കേടുപാട് സംഭവിച്ചത് മലയാളി ഡ്രൈവറുടെ തലയിൽ; ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിലായ പ്രവാസി ഒടുവിൽ നാട്ടിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular