ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനം; അമേരിക്കയിൽ വീണ്ടും ജഡ്ജിയായി ചരിത്രം സൃഷ്ടിച്ച് തിരുവല്ലക്കാരി ജൂലി മാത്യു


ടെക്സസ്: അമേരിക്കൻ നീതിപീഠത്തിലേക്ക് രണ്ടാമതും ജഡ്ജിയായി തിരുവല്ലക്കാരി ജൂലി മാത്യു. തിരുവല്ലയിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറുമ്പോൾ നിയമ പഠനം എന്നത് ജൂലി മാത്യുവിന്റെ ലക്ഷ്യമായിരുന്നില്ല. ജൂലി ഉള്‍പ്പെടെ മൂന്ന് പേരാണ് ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി സ്ഥാനമേറ്റത്.

കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഓണ്‍ലൈനിൽ ആയിരുന്നു ജൂലി സത്യപ്രതിജ്ഞ ചെയ്തത്. 15 വര്‍ഷം അറ്റോണിയായിരുന്നു. ഭര്‍ത്താവ് ജിമ്മി മാത്യു യു.എസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്.

ടെക്‌സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ വനിത ജഡ്ജ് എന്ന നിലയിൽ ശ്രദ്ധേയയാണ് ജൂലി. 2018ലെ ചരിത്രം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ജൂലി മാത്യു മത്സരിക്കാൻ ഇറങ്ങിയത്. 15 വർഷത്തെ നിയമ പരിജ്ഞാനവും നാലു വർഷത്തെ പ്രവർത്തി പരിചയവും ജൂലിക്ക് കരുത്തായി. അങ്ങനെ പുതിയ ചരിത്രവും രചിച്ചു.

ഫിലാഡൽഫിയയിൽ എത്തിയ ജൂലി അവിടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പെൻസ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് അണ്ടർ ഗ്രാജുവേറ്റ് ബിരുദം നേടി. പെൻ സ്റ്റേറ്റ് സർവ്വകലാശാല, ഡെലവൊർലോ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. തുടർന്ന് 15 വർഷം അഭിഭാഷകയായി പ്രവർത്തിച്ചു. 2018 ലാണ് ജൂലി ആദ്യമായി ജഡ്ജിയാകുന്നത്. അഭിഭാഷകയായി പ്രവർത്തിച്ച കാലയളവിലെ മികവും മത്സരപരീക്ഷകളിലെ മികവുമാണ് ഇവരെ ഈ സ്ഥാനത്തെത്തിച്ചത്.

നാലു വർഷമാണ് കാലാവധി. കൗണ്ടി മൂന്നാം നമ്പർ കോർട്ടിൽ വെള്ളക്കാരിയല്ലാത്ത ആദ്യ ജഡ്ജിയാവും ജൂലി മാത്യു. അലീന, എവ, സോഫിയ എന്നിവർ മക്കളാണ്. കോടതികൾ സാധാരണക്കാർക്കു വേണ്ടിയാവട്ടെ എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. കഴിഞ്ഞ കാലങ്ങളിലെ ജൂലിയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നുവെന്നതും അനുകൂല ഘടകമായി ഇത്തവണ.

ലുലാക് എന്ന സ്പാനിഷ് സംഘടന, ഹ്യൂസ്റ്റൺ ലോയർ അസോസിയേഷൻ, ടെക്സാസ് ഡെമോക്രാറ്റിക് വിമൻ, ഏഷ്യൻ അമേരിക്കൻ ഡെമോക്രാറ്റ്സ് ഓഫ് ടെക്സാസ് എന്നീ സംഘടനകൾ ജൂലിയെ എൻഡോഴ്സ് ചെയ്തു പിന്തുണ പ്രഖ്യാപിച്ചിരുന്നു.


Read Previous

യു.എ.ഇ പ്രസിഡന്റിന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം; പ്രധാനമന്ത്രി മോഡിക്കൊപ്പം അഹമ്മദാബാദില്‍ റോഡ്‌ഷോ

Read Next

റിപ്പബ്ലിക് ദിന പരേഡ്: കര്‍ണാടകത്തിന്റെ നിശ്ചല ദൃശ്യത്തിനും അനുമതിയില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular