കൂടുതൽ ആയുധങ്ങൾ വാങ്ങാൻ 45,000 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം


ന്യൂഡൽഹി: യുദ്ധവിമാനങ്ങളുൾപ്പെടെ കൂടുതൽ ആയുധങ്ങൾ വാങ്ങാൻ 45,000 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി). 12 എസ്‌യു–30 എംകെഐ ഫൈറ്റർ ജെറ്റുകൾ, ദ്രുവാസ്ത്ര മിസൈൽ, ഡ്രോണിയർ എയർ ക്രാഫ്റ്റ് തുടങ്ങിയവയാണ് സൈന്യത്തിന്റെ ഭാഗമാകുക.

12 എസ്‌യു–30 എംകെഐ വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ആണ് നിർമിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയായിരിക്കും വിമാനങ്ങൾ നിർമിക്കുന്നത്. വിമാനത്തിന്റെ 60 ശതമാനം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ചതായിരിക്കും.

ഇന്ത്യൻ നേവിക്കായി നെക്സ്റ്റ് ജെനറേഷൻ സർവെ വെസലുകൾ വാങ്ങുന്നതിനും അംഗീകാരം നൽകി. ലൈറ്റ് ആർമഡ് മൾട്ടി പർപസ് വെഹിക്കിൾ (എൽഎംവി), ഇന്റഗ്രേറ്റഡ് സർവയലൻസ് ആൻഡ് ടാർഗെറ്റിങ് സിസ്റ്റം (ഐഎസ്എടി–എസ്) എന്നിവയും സേനയുടെ ഭാഗമാകും. ഹൈഡ്രോഗ്രാഫിക് ഓപ്പറേഷൻസ് ഉൾപ്പെടെ നടത്താൻ സാധിക്കുന്നവയാണ് വാങ്ങുന്നത്. 9 പദ്ധതികൾക്കാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി അംഗീകാരം നൽകിയത്. 

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്ത് പകരുന്നതിന് ഇന്ത്യൻ നിർമിത വസ്തുക്കൾ ഉപയോഗിച്ചായിരിക്കും നിർമാണം. 50 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കൾ എന്നത് 65 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. 


Read Previous

ഇന്ത്യ–കാനഡ ബന്ധം വഷളാകുന്നു; സ്വതന്ത്രവ്യാപാരക്കരാർ ചർച്ചകൾ നിർത്തിവച്ചു

Read Next

റീൽ നായകൻ ബിജോയ് കണ്ണൂർ, നായകനാകുന്ന വള്ളിച്ചെരുപ്പ് 22 ന് എത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular