കല്ലാർ ആളിറങ്ങാനു ണ്ടോ”..”ആളിറങ്ങാനുണ്ട്


കല്ലാർ ആളിറങ്ങാനുണ്ടോ”……… “ആളിറങ്ങാനുണ്ട്” മുകളിൽ വച്ചിരുന്ന ബാഗ് വലിച്ചെടുത്ത് തിടുക്കത്തിൽ ബസ്സിൽ നിന്ന് ഇറങ്ങി.

‌നേരം വെളുത്തിരിക്കുന്നു , വീട് ലക്ഷ്യമാക്കി നടക്കവെ മനസ്സിൽ ഒരായിരം നൊമ്പരങ്ങൾ മുള പൊട്ടി. ” ദേവിക ” അവൾ ഒരു വിങ്ങലായി ഓർമ്മയിൽ ആണ്ടിരിക്കുന്നു.‌ ഓഫീസ് സംബന്ധമായ കാര്യങ്ങൾക്ക് തൃശ്ശൂരിൽ ആയിരുന്ന തന്നെ കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛൻ ഫോൺ വിളിച്ച് പറയുമ്പോൾ ആണ് അവൾ എന്നന്നേക്കുമായി ഈ ലോകത്തു നിന്ന് വിട പറഞ്ഞത് അറിയുന്നത്.
അപ്പോൾ തന്നെ വണ്ടി കയറിയതാണ്.

ഞങ്ങളുടെ അഗാഥമായ പ്രേമത്തെ ഒരു സുപ്രഭാതത്തിൽ ഒരു കാരണവും ഇല്ലാതെ തള്ളിപ്പറഞ്ഞ അവളോടുള്ള വെറുപ്പിന് ശമനം വന്നത് അവൾ ഒരു മാറാരോഗത്തിന് അടിമയാണെന്ന് അറിഞ്ഞ പ്പോൾ മാത്രമാണ്. തുടർച്ചയായുള്ള ആശുപത്രിയിൽ പോക്കും ശരീരത്തിന്റെ ക്ഷീണവും കണ്ട് സംശയം തോന്നിയപ്പോൾ പെങ്ങൾ പാറുവിന്റെ വിതുമ്പലിന് മുന്നിൽ അവൾക്ക് ആ നഗ്നസത്യം പറയേണ്ടതായി വന്നു.

പാറു ഏങ്ങലോടെ വിളിച്ചു പറഞ്ഞ വിവരം അറിഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയ എനിക്ക് സമനില വീണ്ടെടുക്കാൻ വളരെയേറെ സമയം എടുക്കേണ്ടി വന്നു.‌ ഒന്ന് കാണണമെന്ന മോഹത്തിൽ രണ്ടാഴ്ച മുമ്പ് അവളുടെ വീട്ടിൽ എത്തിയപ്പോൾ അവളുടെ അമ്മ പറഞ്ഞാണ് പഴയ കഥയുടെ പച്ചയായ യഥാർത്യം തിരിച്ചറിഞ്ഞത്. ‌

പെട്ടെന്നുണ്ടായ ശക്തമായ ഒരു പനിയിൽ നിന്നായിരുന്നു തുടക്കം. വളരെ നിർബന്ധിച്ചപ്പോൾ അവൾ അടുത്തുള്ള ആശുപത്രിയിൽ പോകാൻ തയ്യാറായി. സംശയം തോന്നിയ ഡോക്ടർ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തു.

അവിടുത്തെ വിശദമായ ടെസ്റ്റുകൾക്ക് ശേഷം ഒരാഴ്ച കഴിഞ്ഞ് വീണ്ടും ചെല്ലാൻ നിർദ്ദേശിച്ചു. തത്ക്കാലം കഴിക്കാനുള്ള മരുന്നുകളും നൽകി . ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോഴാണ് അവൾ ഡോക്ടറിൽ നിന്ന് ആ സത്യം തിരിച്ചറിഞ്ഞത് .

അതെ ഒരു മാറാരോഗം അവന്റെ അവസാന ആണിയും അടിക്കാൻ തയ്യാറായി നിൽക്കുന്നു. ” വളരെ താമസിച്ചു പോയി ഏറിയാൽ മൂന്നു മാസം”. ഡോക്ടർ പറഞ്ഞത് കേട്ട് സർവ്വ ജീവനാഡിയും തകർന്ന് ഇരുന്ന അച്ഛനെ ആശ്വസിപ്പിച്ച് വീട്ടിൽ കൊണ്ടുവരാനുള്ള മനസ്സുറപ്പ് അവൾക്കുണ്ടായി. വീട്ടിൽ എത്തിയ ഉടൻ മുറിയിൽ കയറി വാതിൽ അടച്ച് തലയിണയിൽ മുഖം പൊത്തി വാവിട്ട് കരയുമ്പോഴും ശ്രീമോന്റെ മുഖം അവളിൽ ഒരു വിങ്ങലായി നിന്നു.

സാവകാശം അവൾ ഒരു തീരുമാനത്തിൽ എത്തി.അച്ഛനെക്കൊണ്ടും അമ്മയെക്കൊണ്ടും അവൾ നിർബന്ധിച്ച് സത്യം ചെയ്യിച്ചു.ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന് പ്രത്യേകിച്ചും ശ്രീമോൻ. ശ്രീയേട്ടൻ എന്നെ ഓർത്ത് ജീവിതം കളയരുത്. അതിന് എന്നെ വെറുക്കണം. അവൾ ഉറച്ച ഒരു തീരുമാനത്തിൽ എത്തി. ‌

അങ്ങനെയായിരുന്നു ഒരു ത്രിസന്ധ്യയ്ക്ക് പറങ്കിമാവിന്റെ ചുവട്ടിൽ വച്ചുള്ള ആ കാഴ്ച്ചയിൽ അവൾ മുഖത്തടിച്ചതു പോലെ ആ വാക്കുകൾ പറഞ്ഞത്” ശ്രീയേട്ടൻ എന്നോട് ക്ഷമിക്കണം നമ്മൾ തമ്മിൽ ഇനി കാണുകയോ സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുത് എനിക്ക് നല്ലൊരു വിവാഹാലോചന വന്നിട്ടുണ്ട് ബാങ്ക് മാനേജർ ആണ് എനിക്ക് ആളെ ഇഷ്ടമായി വിവാഹം ചിങ്ങത്തിൽ നടത്താനും തീരുമാനിച്ചു.‌

എന്നാൽ ശരി എന്റെ ഈ സൗഭാഗ്യത്തിന് ചേട്ടൻ എതിര് നിൽക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നും പറഞ്ഞ് എന്റെ പ്രതികരണത്തിന് പോലും നിൽക്കാതെ ഓടിപ്പോയ അവളെ പിന്നീട് കണ്ടത് രണ്ടാഴ്ച മുമ്പായിരുന്നു. ആ കാഴ്ച താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

ഒരു പനിനീർപ്പൂവിന്റെ നൈർമല്യത്തോടെ വിടർന്ന കണ്ണും, കടഞ്ഞെടുത്ത വെണ്ണ പോലുള്ള വടിവൊത്ത ശരീരവും, കുട്ടിത്തം തുളുമ്പുന്ന മുഖവുമായി തുള്ളിച്ചാടി നടന്നിരുന്ന എന്റെ ദേവി വാടിക്കരിഞ്ഞ കരിയില കണക്കെ കിടക്കുന്നു.. എല്ലാം അറിഞ്ഞെന്നറിഞ്ഞ അവൾ ഒരു അഗ്നിപർവ്വത സ്പോടനത്തിന്റെ തീവ്രതയെ വെല്ലുന്ന സങ്കടം കടിച്ചമർത്തി മുഖം തിരിച്ചു കിടന്നു.

ആ അവസ്ഥയിൽ എന്തു ചെയ്യണമെന്ന് അറിയാതെ അവളുടെ ചാരെ കരം ഗ്രഹിച്ചു കൊണ്ട് ഏറെ നേരം നിർനിമേഷനായി ഇരുന്നു. അവസാനം അവളുടെ മൂർദ്ധാവിൽ ഒരു സ്നേഹചുംബനവും നൽകി പോകുന്നതിന് മുൻപ് ഇത്രമാത്രം പറഞ്ഞു ” നിന്റെ നല്ല മനസ്സ് കാണാൻ എനിക്ക് കഴിയാതെ പോയി ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകി നിന്റെ രോഗം വേഗം സുഖപ്പെടുത്തും.എന്റെ മനസ്സിൽ നിനക്ക് എന്നും സ്ഥാനം ഉണ്ടാകും നല്ലത് വരട്ടെ” ഒരു വിധത്തിൽ പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെയും വിറക്കുന്ന കാലുകളോടെയും അവിടുന്ന് ഇറങ്ങുമ്പോൾ അവളോടുണ്ടായിരുന്ന പ്രേമവും ദേഷ്യവും എല്ലാം ആരാധനയ്ക്ക് വഴിമാറി.

‌”എന്റെ മനുഷ്യ നിങ്ങളിനിയും എഴുനേറ്റില്ലേ ദേ ഞാൻ കുളിപ്പിക്കാൻ നിങ്ങടെ പുന്നാര മകള് സമ്മതിക്കുന്നില്ല. എനിക്കാണെങ്കിൽ അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട് ഒന്ന് എഴുനേറ്റു വരുന്നുണ്ടോ? ” ദേവി യുടെ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് സ്ഥലകാലബോധം വീണ്ടെടുത്തപ്പോൾ ആണ് താൻ കണ്ട സ്വപ്നത്തിന്റെ ആഴം ഒരു ദീർഘനിശ്വാസമായി പരിസമാപ്തിയിൽ എത്തിയത്.

പ്രിയേഷ് S പെരുമ്പളം……..


Read Previous

മാറുന്ന കുട്ടികളും മാറേണ്ട അദ്ധ്യാപകരും

Read Next

അവഗണിക്കപ്പെടുന്നിടത്ത് തുടരുന്നതിൽ അർത്ഥമില്ല വിട”

Leave a Reply

Your email address will not be published. Required fields are marked *

Most Popular