ഇറ്റാലിയൻ എഴുത്തുകാരൻ അലസാൻ ഡ്രോ ബാരിക്കോയുടെ “സിൽക്ക് സുന്ദരിയുടെ കഥ”.


വായിക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങൾ തേടി വരുന്ന അപൂർവ്വ അനുഭവം എനിയ്ക്ക് പലപ്പോഴു മുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം വായനാ കുറിപ്പുകൾ എഴുതി വെയ്ക്കുന്ന നോട്ടുബുക്ക് തുറന്ന് നോക്കിയപ്പോഴാണ് നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ പഴയ പുസ്തക തെരുവിൽ നിന്ന് സിൽക്ക് ലഭിച്ചതും അത് വായിച്ച അനുഭൂതിയും മുന്നിൽ വന്നത്. വായനാ വേളകളെ താലോലി ക്കുമ്പോൾ കൊഴിഞ്ഞു പോകുന്ന സമയത്തെ തൊട്ടുന്ന പോലെ ആറ്റികുറുക്കിള്ള എഴുത്ത് മനസ്സിൽ വലിയ വാങ്മയ ചിത്രങ്ങൾ തീർക്കും. അത്തരം രചനാ ശൈലിയുള്ള എഴുത്തുകാരനാണ് അലസാൻ ഡ്രോ ബാരിക്കോ എന്ന ഇറ്റാലിയൻ എഴുത്തുകാരൻ.

ഫ്രാൻസിലെ ഒരു ചെറു പട്ടണത്തിലെ പട്ടുനൂൽ വളർത്തൽ കേന്ദ്രത്തിന്റെ ഉടമയാണ് ഹെർവ് ജോൺക്വാർ . പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി പട്ടുനൂൽ പ്പുഴുക്കളെ ഒന്നാകെ കൊന്നൊടുക്കി. ഈജിപ്തിലും സിറിയയിലും അലഞ്ഞതിന് ശേഷം പട്ടുനൂൽപ്പുഴുക്കളെ തേടി ജപ്പാനിലെത്തുകയാണ് ജോൺക്വാർ . ദീർഘമായ സാഹസിക യാത്ര. ആഭ്യന്തര പ്രശ്നങ്ങളിൽ കുഴഞ്ഞുമറിയുന്ന ജപ്പാനിൽ ഹരാ കീ എന്ന അധോലോക ജന്മിയാണ് ഹെർവിന്റെ ഡീലർ.

വ്യാപാര ചർച്ചകൾക്കിടയിൽ ഡീലറുടെ സുന്ദരിയായ വെപ്പാട്ടിയുമായി പ്രഥമ ദർശനത്തിൽ തന്നെ ജോൺ ക്വാർ പ്രണയത്തിലാവുന്നു. കിഴക്കിന്റെ സൗന്ദരമത്രയും ഒപ്പിയെടുത്ത ആ സുന്ദരിയിൽ യഥാർത്ഥ സിൽക്ക് ഹെർവ് കണ്ടെത്തുന്നു . വീട്ടിൽ കാത്തിരിക്കുന്ന ഭാര്യയെ പോലും മറന്നു. ഇരുവരും മൗനമായ പ്രണയത്തിൽ വീഴുന്നെങ്കിലും ഒരു ചുംബനം പോലും നൽകാതെ ഹെർവിന് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. സിൽക്കിന്റെ ഓർമ്മകളുമായി ഗ്രാമത്തിൽ ജീവിയ്ക്കുന്ന അയാൾക്ക് നിറയെ ജാപ്പനീസ് അക്ഷരങ്ങളുള്ള ഒരു കത്ത് ലഭിക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.

പലപ്പോഴും കവിതയോട് ചേർന്ന് നിൽക്കുന്ന ആഖ്യാനമാണ് ബാരിക്കോയുടേത്. വളരെ ചെറിയ നോവലിൽ മൗനത്തിന്റെ മുഴക്കങ്ങൾ കൊണ്ട് ഈ നോവൽ മാജിക്ക് തീർക്കുന്നു.

@ ജേക്കബ് ഏബ്രഹാം

നിരവധി സമകാലീന പ്രസിദ്ധികരണങ്ങളില്‍ എഴുതുകയും നിരവധി അംഗികാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുള്ള ജേക്കബ് എബ്രഹാം കഥാകൃത്ത്, നോവലിസ്റ്റ്, കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്ക്കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്ക്കാരം, മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥാ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഇപ്പോൾ കേരള സർക്കാർ മലയാളം മിഷൻ റേഡിയോ മലയാളം പ്രൊജക്ട് ഹെഡ് ആയി ജോലിചെയ്യുന്നു”.


Read Previous

Read Next

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular