ആറു ജയവും ആറു തോല്‍വിയും; മുരളിയുടെ സ്‌ട്രൈക്ക് റേറ്റ് 50, ഒരിടത്തും ജയിക്കാതെ പദ്മജ, തെരഞ്ഞെടുപ്പു പ്രകടനം ഇങ്ങനെ


തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന്റെ പേരില്‍ സഹോദരി പദ്മജ വേണു ഗോപാലിനോടു കൊമ്പു കോര്‍ത്തു നില്‍ക്കുകയാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍. പദ്മജയ്ക്കു പാര്‍ട്ടി ഒട്ടേറെ അവസരങ്ങള്‍ നല്‍കിയെന്നും അതെല്ലാം മറന്നാണ് ബിജെപി പ്രവേശനമെന്നുമാണ് മുരളി പറയുന്നത്. എന്നാല്‍ അവഗണന സഹിക്കാനാവാതെയാണ് കോണ്‍ഗ്രസ് വിട്ടതെന്ന് പദ്മജയും പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ അതികായനായിരുന്ന കെ കരുണാകരന്റെ മക്കള്‍ ഇങ്ങനെ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ഇവരുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രകടനം എങ്ങനെയെന്നു നോക്കാം.

ഇതുവരെ 12 തെരഞ്ഞെടുപ്പുകളാണ് മുരളീധരന്‍ മത്സരിച്ചത്. ഏഴു തവണ ലോക്‌സഭയിലേക്കും അഞ്ചു വട്ടം നിയസഭയിലേക്കും. കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്, എന്‍സിപി എന്നിങ്ങനെ മൂന്നു പാര്‍ട്ടികളില്‍ ആയിട്ടായിരുന്നു മുരളിയുടെ മത്സരങ്ങള്‍. ഇതില്‍ ആറെണ്ണത്തില്‍ ജയിക്കുകയും ആറെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തതു. പദ്മജയാവട്ടെ രണ്ടു വട്ടം നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. മൂന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി ആയിരുന്നെങ്കിലും ഒരു തവണ പോലും ജയിക്കാനായില്ല.

1989ല്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലായിരുന്നു മുരളീധരന്റെ കന്നിയങ്കം. അന്ന് സിപിഎമ്മിലെ ഇമ്പിച്ചിബാവയെ തോല്‍പ്പിച്ച മുരളി, 1991ല്‍ ജനതാ ദളിലെ എംപി വീരേന്ദ്രകുമാറിനെതിരെ മത്സരിച്ച് വീണ്ടും ലോക്‌സഭയിലെത്തി. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മുരളിക്ക് അടി തെറ്റി, വീരേന്ദ്ര കുമാറിനോടായിരുന്നു 96ലെ പരാജയം.

1998ല്‍ തൃശൂരിലേക്കു മാറിയ മുരളിയെ സിപിഐയിലെ വിവി രാഘവന്‍ അടിയറവു പറയിച്ചു. 99ല്‍ തിരികെ കോഴിക്കോട്ടെത്തിയ മുരളി ജനതാ ദളിലെ സിഎം ഇബ്രാഹി മിനെ തോല്‍പ്പിച്ച് ജയം തിരിച്ചുപിടിച്ചു.2004ല്‍ വടക്കാഞ്ചേരിയില്‍നിന്നായിരുന്നു നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടം. നിയമസഭാംഗമല്ലാതെ ആന്റണി മന്ത്രി സഭയില്‍ വൈദ്യുതി മന്ത്രിയായ മുരളി, കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വടക്കാഞ്ചേരിയില്‍ വി ബാലറാമിനെ രാജിവയ്പ്പിച്ചാണ് സ്ഥാനാര്‍ഥിയായത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്തെ വാശിയേറിയ മത്സരത്തില്‍ തോല്‍വിയായിരുന്നു മുരളീധരനെ കാത്തിരുന്നത്. ചരിത്രത്തില്‍ ആദ്യമായി വടക്കാഞ്ചേരി കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ മന്ത്രിയായിരിക്കെ മത്സരിച്ചു തോറ്റ ആദ്യത്തെയാളെന്ന പേരുദോഷവും മുരളിക്കു സ്വന്തമായി. സിപിഎമ്മിലെ എസി മൊയ്തീനാണ് 3715 വോട്ടിനു മന്ത്രിയായിരിക്കെ മുരളിയെ വീഴ്ത്തിയത്.

2006ല്‍ യുഡിഎഫ് സഖ്യത്തില്‍ ഡിഐസി സ്ഥാനാര്‍ഥിയായി കൊടുവള്ളിയില്‍ മത്സരിച്ച മുരളീധരന്‍ എല്‍ഡിഎഫിലെ പിടിഎ റഹീമിനോടു തോറ്റു. 2009ല്‍ എന്‍സിപിയില്‍ എത്തിയ മുരളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയായെങ്കിലും മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുരളി 2011ല്‍ വട്ടിയൂര്‍കാവില്‍നിന്നു ജയിച്ചു നിയമസഭാംഗമായി. ചെറിയാന്‍ ഫിലിപ്പിനെ 16,167 വോട്ടിനാണ് മുരളി തറപറ്റിച്ചത്. 2016ല്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മുരളി മണ്ഡലം നിലനിര്‍ത്തി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുരളിയെ കോണ്‍ഗ്രസ് വടകരയില്‍ നിയോഗിച്ചു. സിപിഎമ്മിലെ പി ജയരാജനെ മലര്‍ത്തിയടിച്ച മുരളി മിന്നുന്ന ജയമാണ് സ്വന്ത മാക്കിയത്. സിറ്റിങ് എംപിയായിരിക്കെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുരളിയെ നേമത്തെ സ്ഥാനാര്‍ഥിയാക്കി. 1982ല്‍ പിതാവ് കരുണാകരന്‍ ജയിച്ചുകയറിയ മണ്ഡലത്തിലെ ത്രികോണ മത്സരത്തില്‍ മൂന്നാമത് എത്താനേ മുരളിക്കായുള്ളു.

കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മുകുന്ദപുരത്താണ് പദ്മജ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു ഹരിശ്രീ കുറിച്ചത്. കന്നിയങ്കത്തില്‍ പക്ഷേ, സിപിഎമ്മിലെ ലോനപ്പന്‍ നമ്പാടനോട് 1,17,097 വോട്ടിനു തോല്‍ക്കാനായിരുന്നു യോഗം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഐയിലെ വിഎസ് സുനില്‍ കുമാറിനോടു 2021ല്‍ പി ബാലചന്ദ്രനോടും പദ്മജ തോറ്റു.


Read Previous

കെഎസ്‌ഐഡിസിക്ക് തിരിച്ചടി; ഒന്നും ഒളിച്ചുവയ്ക്കരുത്; എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Read Next

പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി; പുതുചരിത്രമെന്ന് വി ശിവന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular