ഒരു വര്‍ഷമായി കാണാതായ തായ്‌ലന്റ് മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍!മരണത്തില്‍ ദുരുഹത ആരോപിച്ച് കുടുംബം രംഗത്ത്.


മനാമ: ബഹ്റൈനിലായിരിക്കെ ഒരു വര്‍ഷം മുമ്പ് കാണാതായ തായ്ലന്‍ഡ് മോഡല്‍ കൈകാന്‍ കയെന്നകത്തിന്റെ മൃതദേഹം ഇവിടത്തെ ഒരു ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. അവരുടെ കാലിലുണ്ടായിരുന്ന പ്രത്യേക രീതിയിലുള്ള ടാറ്റൂ വഴിയാണ് അധികൃതര്‍ അവരെ തിരിച്ചറിഞ്ഞതെന്ന് ദി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരു കാലത്ത് തായ്ലന്‍ഡിലെ അറിയപ്പെട്ട മോഡലായിരുന്നു 31കാരിയായ കൈകാന്‍. മോഡലിംഗിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തിയിരുന്ന അവര്‍, പിന്നീട് ഈ രംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ ബഹ്‌റൈനിലേക്ക് ജോലി തേടി വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവിടത്തെ ഒരു റെസ്റ്റോറന്റിലായിരുന്നു തുടക്കത്തില്‍ ജോലി ചെയ്തിരുന്നത്.

ഇവര്‍ ബഹ്‌റൈനിലെ തന്റെ വിശേഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ 2023 ഏപ്രിലിനു ശേഷം മോഡലിനെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. പൊടുന്നനെ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിര്‍ത്തിയ അവര്‍ അതിനു ശേഷം കുടുംബവുമായോ സുഹൃത്തികളുമായോ ബന്ധപ്പെട്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കുടുംബത്തെ ഏറെ ആശങ്കയിലാഴ്ത്തി.

അവരെ കണ്ടെത്താന്‍ കുടുംബം ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനായി ബഹ്‌റൈനിലെ തായ് എംബസിയുടെയും പ്രാദേശിക തായ് സംഘടനകളുടെയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലുണ്ടായില്ല. അതിനിടയിലാണ് ഈ വര്‍ഷം ഏപ്രില്‍ 18ന് ബഹ്‌റൈനിലെ ഒരു ആശുപത്രി മോര്‍ച്ചറിയില്‍ കൈകാന്റേതെന്ന് സംശയിക്കുന്ന ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി കുടുംബത്തിന് അറിയിപ്പ് ലഭിച്ചത്.

തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കൈകാന്റേതാണെന്ന് തിരിച്ചറിഞ്ഞത്. അവരുടെ ശരീരത്തിലുണ്ടായിരുന്ന പ്രത്യേക ലെഗ് ടാറ്റൂവാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ സഹായിച്ചതെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്ന് കണ്ടെത്തിയതായും പോലിസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

മോഡലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. അതുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ അധികൃതരായി ചര്‍ച്ച ചെയ്യുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. മോഡലിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതേസമയം, മരണത്തില്‍ ദുരൂഹത ആരോപിച്ച് കൈകന്റെ സഹോദരി സുതിദ ജെര്‍ന്താവോണ്‍ രംഗത്തെത്തിയിട്ടുണ്ട്. മോഡലിന്റെ മൃതദേഹത്തില്‍ ചതവുകളുടെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി അവര്‍ പറഞ്ഞു. നേരത്തേ സഹോദരി തനിക്ക് അയച്ചു തന്ന ഫോട്ടോകളിലൊന്നില്‍ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്ന തായി അവര്‍ ഓര്‍ത്തു. എംബസുമായി സഹകരിച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താനും കേസന്വേഷണം പുനരാരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാനാണ് സുതിദയുടെ ശ്രമം.

ബഹ്‌റൈനിലെത്തിയ ശേഷം രണ്ടോ മൂന്നോ വര്‍ഷം മുമ്പ് തന്റെ സഹോദരി ബഹ്റൈനില്‍ ജോലി ആരംഭിക്കുകയും ഒരു അറബ് പങ്കാളിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ ഇതുമായി അവരുടെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കഴിഞ്ഞ വര്‍ഷം ഏപ്രിലിനു ശേഷം അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു


Read Previous

ഒഴിഞ്ഞ് കിടക്കുന്നത് 30 ലക്ഷം തസ്തികകള്‍’: തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്നത് മോഡി സര്‍ക്കാരിന് കീഴിലെന്ന് പ്രിയങ്ക ഗാന്ധി

Read Next

കേരളത്തിൽ യു. ഡി എഫ് മികച്ച വിജയം നേടും: ഒ ഐ സി സി റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular