സൗദിയില്‍ പെയ്ഡ് പാര്‍ക്കിങുകളില്‍ ആദ്യത്തെ 20 മിനിറ്റ് സൗജന്യമാക്കി


റിയാദ്: സൗദി അറേബ്യയില്‍ പെയ്ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ആദ്യത്തെ 20 മിനിറ്റ് സൗജന്യമാക്കി. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച വ്യവസ്ഥകള്‍ക്ക് മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അംഗീകാരം നല്‍കി.

വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ പ്രവേശിച്ച് 20 മിനിറ്റ് കഴിഞ്ഞ ശേഷമുള്ള സമയത്തിന് മാത്രമാണ് ഇനി ഫീസ് നല്‍കേണ്ടത്. അംഗപരിമിതര്‍ക്ക് പാര്‍ക്കിങ് പൂര്‍ണമായും സൗജന്യമാണ്. വ്യാപാര സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പാര്‍ക്കിങുകളില്‍ ഇത് ബാധകമാണ്. പെയ്ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹന പാര്‍ക്കിങ് ഫീസ് സ്വീകരിക്കാന്‍ ക്യാഷ്, ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങള്‍ നിര്‍ബന്ധമാണെന്നും വ്യവസ്ഥയുണ്ട്. വാണിജ്യ സ്ഥാപനങ്ങളില്‍ എത്തുന്ന ഉപയോക്താക്കള്‍ക്ക് പാര്‍ക്കിങുകള്‍ ലഭ്യമാക്കുന്നതിനും പെയ്ഡ് പാര്‍ക്കിങ് മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അതിന് അനുയോജ്യമായ അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നത്.

അംഗപരിമിതരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അടയാളപ്പെടുത്തി നിശ്ചയിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ വാഹനം നിര്‍ത്തിയിടരുത്. നിയമം ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കും. കഴിഞ്ഞ സപ്തംബര്‍ വരെ ഈ നിയമലംഘനത്തിന്റെ പേരില്‍ സൗദി അറേബ്യയിലുടനീളം 1,790 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ട്രാഫിക് കാമ്പെയ്ന്‍ നടത്തിയിരുന്നു.

അംഗപരിമിതരുടെ സ്ഥലങ്ങളില്‍ അനധികൃത പാര്‍ക്കിങ് നടത്തിയതിന് 500 മുതല്‍ 900 സൗദി റിയാല്‍ വരെ പിഴ ചുമത്തിയതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. നിശ്ചിത കാലാവധിക്കുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും. പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ പാലിക്കുക, അംഗപരിമിതര്‍ക്ക് സൗകര്യമൊരുക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുക എന്നീ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് ബോധവല്‍ക്കരണം.


Read Previous

2011 ന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരല്ലെന്ന് സര്‍ക്കാര്‍; പ്രതിഷേധവുമായി ദുരിതബാധിതര്‍

Read Next

സ്മാർട്ടാകാനൊരുങ്ങി മസ്കറ്റ് വിമാനത്താവളം ; മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകൾ വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular