പൊട്ടിയ നിലയില്‍ കൊളുത്ത്, ഒമ്പതു പവന്റെ സ്വര്‍ണമാല കാണാനില്ല; വ്യാപാരിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പൊലീസ്


പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ്. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. രണ്ടു കൈലിമുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത് എന്നും, ഇതു കണ്ടെടുത്തതായും പത്തനംതിട്ട എസ്പി വി അജിത് പറഞ്ഞു.

ശരീരത്തില്‍ മുറിവുകളോ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. വ്യാപാരിയുടെ കഴുത്തില്‍ ഒമ്പതുപവന്റെ മാലയുണ്ടായിരുന്നു. ഇതു നഷ്ടപ്പെട്ടിട്ടുണ്ട്. പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്നും പത്തനംതിട്ട എസ്പി സൂചിപ്പിച്ചു. 

കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല വലിച്ചു പൊട്ടിച്ചിട്ടുണ്ട്. മാലയുടെ കൊളുത്ത് പൊട്ടിയ നിലയില്‍ മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ആന്തരിക ക്ഷതമേറ്റിട്ടുണ്ടോയെന്ന് പോസ്റ്റ് മോര്‍ട്ടത്തിലേ വ്യക്തമാകൂ. രണ്ടു മണിക്കും ആറു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്പി പറഞ്ഞു.

സംഭവസ്ഥലത്തു നിന്നും മണം പിടിച്ച പൊലീസ് നായ മേക്കഴൂര്‍ പാതയില്‍ താമസമില്ലാത്ത ഒരു വീട്ടിലെത്തി. ആ വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തി. കടയുടെ അകത്തെ മുറിയിലാണ് ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയത്. മേശവലിപ്പ് തുറന്ന നിലയിലും നോട്ടുകള്‍ ചിതറിക്കിടക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്.

കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളിൽ ജോർജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. ജോർജ് ആരോ​ഗ്യവാനായ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഇയാളെ കീഴ്പ്പെടുത്തി കൈകാലുകൾ കെട്ടണമെങ്കിൽ ഒന്നിലേറെ പേർ സംഘത്തിൽ ഉണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അന്വേഷണത്തിനായി എസ്പിയുടെ കീഴിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.


Read Previous

മാറ്റിവെച്ച നവകേരള സദസ്സ് നാളെ മുതല്‍; പുതിയ മന്ത്രിമാര്‍ പങ്കെടുക്കും

Read Next

കിയ ക്രിസ്തുമസ്-പുതുവത്സര ആഘോഷം “വിന്റെര്‍ ഫെസ്റ്റ്‌ 2023” സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular