രാഷ്ട്രപതിയെ പുതിയ പാർലമെന്‍റ് മന്ദിരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന ചടങ്ങിലേയ്ക്ക് ക്ഷണിച്ചില്ല; ഗോത്രവർഗത്തിൽ നിന്നുള്ളയാളും,വിധവയുമായതുകൊണ്ടെന്ന്, ഉദയനിധി സ്റ്റാലിൻ


ന്യൂ‍ഡല്‍ഹി: പഴയ പാർലമെന്റ് മന്ദിരത്തിൽനിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിലേക്ക് രാഷ്ട്രപതി ദൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെ ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. വിധവയും ഗോത്രവർഗത്തിൽ നിന്നുള്ളയാളായതും കൊണ്ടാണ് രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ഉദയനിധി ആരോപിച്ചു. ഇതിനെയാണ് നമ്മൾ സനാതന ധർമം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

‘പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്കും രാഷ്ട്രപതിയെ ക്ഷണിച്ചില്ല. കഴിഞ്ഞ ദിവസം ചില ഹിന്ദി നടിമാരെ പുതിയ പാർലമെന്റിലേക്ക് കൊണ്ടുപോയി. പക്ഷേ ഞങ്ങളുടെ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്തുകൊണ്ട്?. കാരണം ദ്രൗപദി മുർമു ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്. വിധവയാണ്. ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നത്’’– ഉദയനിധി പറഞ്ഞു. മധുരയിൽ നടന്ന ഡിഎംകെ യൂത്ത് വിങ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞു. നേരത്തെ സനാതന ധർമത്തെ ഉത്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമർശം വിവാദമായിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ പരാമർശം.

പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങിൽ രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നതിനെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു. ഇതൊരു ഗംഭീരമായ മന്ദിരമാണ്, എന്നാൽ ഈ ചടങ്ങിൽ രാഷ്ട്രപതിയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘‘ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ളയാണ് രാഷ്ട്രപതി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശനത്തിലും അവർ പങ്കാളിത്തം വഹിക്കുന്നത് ഉചിതമായിരിക്കും. ഈ പ്രക്രിയയിൽ രാഷ്ട്രപതി പങ്കെടുക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു’’– ലോക്സഭയിൽ, വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.


Read Previous

തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിക്കൊന്നു

Read Next

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന കാറിൽവച്ച് ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular