‘വി മുരളീധരന്റെ തറവാട്ടുസ്വത്തല്ല ചോദിച്ചത്; അദ്ദേഹത്തിന് സ്വന്തം നാട് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന വികൃത മനസ്സ്’


തിരുവനന്തപുരം: കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി വി മുരളീധരനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. കഴിഞ്ഞദിവസം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മി- കുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നതെന്ന് പറഞ്ഞ മുഹമ്മദ് റിയാസ്, ഇന്ന് കേരളത്തിന് അര്‍ഹമായ തുക കേന്ദ്രമന്ത്രി വി മുരളീധരന്റെ തറവാട്ടു സ്വത്തില്‍ നിന്ന് തരാന്‍ അല്ല ആവശ്യപ്പെട്ട തെന്ന് മറുപടി നല്‍കിയാണ് വീണ്ടും പോര്‍മുഖം തുറന്നത്. കേരളത്തിന്റെ അവകാശമാണ് ചോദിച്ചത്. നികുതിയായി കൊടുത്ത പണം തിരിച്ചു തരാന്‍ ആണ് പറഞ്ഞത്. അത് എന്തോ ഔദാര്യം പോലെയാണ് അദ്ദേഹം കണക്കാക്കുന്നത്. തന്റെ തറവാട്ടു സ്വത്തില്‍ നിന്ന് എടുത്തു തരാന്‍ പറ്റില്ല എന്ന രീതിയിലാണ് അദ്ദേഹം പറയുന്നതെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കേരളത്തിന്റെ എന്തെങ്കിലും വികസന പ്രശ്‌നം വന്നാല്‍ കേന്ദ്രമന്ത്രി അത് മുടക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ കേരള സംസ്ഥാന വികസനം മുടക്കു വകുപ്പ് മന്ത്രി എന്ന് വിളിച്ചത്.

ജനാധിപത്യത്തെക്കുറിച്ച് മുരളീധരന്‍ അധികം പറയേണ്ട . അദ്ദേഹം പറഞ്ഞ അതേ രീതിയില്‍ മറുപടി പറയാന്‍ എന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ല.  നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ അദ്ദേഹം ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വന്തം നാട് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന വികൃത മനസ്സുള്ള വ്യക്തിയായി മുരളീധരന്‍ മാറുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കായംകുളത്ത് നവകേരള സദസ്സില്‍ പങ്കെടുക്കവേയാണ് മുരളീധരനെതിരെ റിയാസ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. സാമ്പത്തിക വിഷയങ്ങളില്‍ ഉള്‍പ്പടെ കേന്ദ്രമന്ത്രി നിരന്തരം അസത്യം പ്രചരിപ്പിക്കുകയാണെന്നായിരുന്നു റിയാസിന്റെ വിമര്‍ശനം. മുഹമ്മദ് റിയാസ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അമ്മായിയച്ഛന്‍ മുഖ്യമന്ത്രി യായതുകൊണ്ടു മന്ത്രിയായ ആളല്ല താനെന്നുമായിരുന്നു മുരളീധരന്റെ മറുപടി.

”മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയില്‍ കൊടുത്ത 95 കോടി എന്തു ചെയ്‌തെന്നാണു ടൂറിസം മന്ത്രി ആദ്യം പറയേണ്ടത്. ദേശീയപാത വികസനം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നു. വഴിയില്‍ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോര്‍ഡ് വച്ചിട്ട് ഇതു മുഴുവന്‍ ഞാനാണു നടത്തിയതെന്നു പറയുന്നതുപോലത്തെ വികസ നത്തിനു ഞാന്‍ ശ്രമിച്ചിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനം കേരളത്തിന്റെ നന്മയ്ക്കു വേണ്ടി ചെയ്തിട്ടുണ്ട്.”-  വി.മുരളീധരന്‍ പറഞ്ഞു.


Read Previous

ഇടശ്ശേരി പുരസ്‌കാരം ദേവദാസ് വിഎമ്മിന്

Read Next

ഫാറൂഖ് ഇഎസ്ഐ ആശുപത്രിയിലെ ഇസിജി റൂമിൽ മൂർഖൻ പാമ്പ്: ഭയന്നോടി രോ​ഗികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular