‘സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നത്’, അരവണ പമ്പയില്‍ വിതരണം ചെയ്താല്‍ തിരക്ക് കുറയ്ക്കാം; മന്ത്രി


പത്തനംതിട്ട: മകരവിളക്കിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനസൗകര്യം സുഗമമായിരിക്കുമെന്നും പൊലീസ് ബസ് തടയുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസിനു മുകളില്‍ കയറിയിരുന്നുള്ള അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ലെന്നും സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അരവണയും അപ്പവും പമ്പയില്‍ വിതരണം ചെയ്താല്‍ സന്നിധാനത്തെ തിരക്കു കുറയ്ക്കാനാകുമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘മകരവിളക്കിന് വാഹനത്തിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. പത്തനംതിട്ടയില്‍ നിന്ന് ബസ് തടയാന്‍ പാടില്ല. കെഎസ്ആര്‍ടിസി ബസുകളെ ഓരോ പൊലീസ് കോണ്‍സ്റ്റബിളും വന്ന് തടഞ്ഞിടുന്നത് പറ്റില്ല. കെഎസ്ആര്‍ടിസിയെ കടത്തിവിട്ടാല്‍ മാത്രമേ ജനങ്ങള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. ബസിന്റെ മുന്നില്‍ കയറിയിരുന്ന് സമരമൊന്നും നടത്തരുത്. അതും തെറ്റാണ്. നമ്മളൊക്കെ ദൈവ വിശ്വാസികളാണ്. അത് പറയാന്‍ മടിയില്ലാത്ത ആളാണ് ഞാന്‍.

ഏറ്റവും കൂടുതല്‍ തവണ ശബരിമലയില്‍ പോയിട്ടുള്ള ആളായിരിക്കും ഞാന്‍. ആദ്യകാലങ്ങളിലൊക്കെ എല്ലാം മാസവും ഞാന്‍ പോകുമായിരുന്നു. അന്ന് ഇതുപോലെ വെളിച്ചവും കോണ്‍ക്രീറ്റ് റോഡുമൊന്നുമില്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് തേക്കിന്റെ ഇലയ്ക്കകത്ത് മെഴുകുതിരി കത്തിച്ചുവെച്ച് തനിച്ച് പോയിട്ടുണ്ട് ഞാന്‍. സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നത്. അസൗകര്യമുണ്ടാവില്ല. ബസുകള്‍ നിറയുന്നതനുസരിച്ച് ആളുകളെ വിടും. വ്രതമെടുക്കുന്നത് മനഃശുദ്ധിക്കും മനഃശക്തിക്കും വേണ്ടിയാണ്. ശരണം വിളിക്കുന്നതിന് പകരം ബസിനു മുകളില്‍ കയറിയിരുന്ന് അസഭ്യം പറയുകയല്ല വേണ്ടത്. അതൊന്നും ഞാനനുവദിക്കില്ല’ -മന്ത്രി പറഞ്ഞു.

അരവണയും അപ്പവും പമ്പയില്‍വെച്ച് വിതരണം ചെയ്യണം. അരവണയും അപ്പവും മൂന്ന് മാസം മുമ്പേ ഉണ്ടാക്കിവെക്കുന്നതാണ്. ഭഗവാന് നിവേദിക്കുന്ന പ്രസാദമായി ഞാനതിനെ കാണുന്നില്ല. ഭഗവാന് മുന്നില്‍ കൊണ്ടുവെച്ച് പൂജിച്ച് നിവേദിച്ചു തരുന്നതാണ് പ്രസാദം. ഇത് മൂന്ന് മാസം മുമ്പേ ഉണ്ടാക്കി വെക്കുന്ന ഉത്പന്നം താഴെ വിറ്റാല്‍ മതി. പത്തു പേര്‍ ഒരുമിച്ച് ശബരിമലയില്‍ പോകുമ്പോള്‍ രണ്ടുപേര്‍ പോയി ക്യൂനിന്ന് അപ്പവും അരവണയും വാങ്ങുമായിരിക്കും. എട്ട് പേര്‍ അവിടെ കാത്തിരിക്കുകയാണ്. അപ്പോള്‍ സന്നിധാനം നിറയുകയാണ്. അതേസമയം, പമ്പയിലാണ് അത് വിതരണം ചെയ്യുന്നതെങ്കില്‍ അവര്‍ ബാങ്ക് വഴിയാണ് അത് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് താഴെനിന്ന് അത് വാങ്ങി പോകാമല്ലോ എന്നും മന്ത്രി പറഞ്ഞു.


Read Previous

മുഖ്യമന്ത്രി മരിക്കാന്‍ വെള്ളമൊഴിച്ചും വിളക്കുകത്തിച്ചും പ്രാകുന്നു’: അസൂയക്കാരുടെ എണ്ണം കൂടിയെന്ന് സജി ചെറിയാന്‍

Read Next

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഫണ്ട് തേടി ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular