ഈ അമ്മയെ ദൈവം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കണം’; വികാര നിര്‍ഭരമായ കുറിപ്പുമായി ആലപ്പുഴ കളക്ടര്‍


ആലപ്പുഴ: സ്വന്തം മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടു മ്പോഴും സഹോദരിയുടെ രണ്ട് മക്കളുടെയും ഫീസിലോ പഠനത്തിലോ ഇതുവരെ ഒരു മുടക്കവും വരുത്താത്ത ഒരു അമ്മയെ കുറിച്ചുള്ള കുറിപ്പുമായി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ.

എന്തുകൊണ്ടാണ് സ്വന്തം മകളുടെ ഫീസ് അടയ്ക്കാതെ സഹോദരിയുടെ മക്കളുടെ ഫീസ് അടച്ചതെന്ന് ചോദിച്ചപ്പോള്‍ ‘ഈ മക്കളെ പൊന്നുപോലെ നോക്കുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട് സാറെ എന്ന മറുപടിയാണ് അമ്മയില്‍ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ അമ്മയെ ദൈവം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലെന്നും കളക്ടര്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കളക്ടറുടെ വാക്കുകളിലേക്ക്….

ദൈവം എന്നല്ലാതെ ഈ അമ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്ക് അറിയില്ല. അത്രയും വലിയ മനസുള്ള അമ്മയെയാണ് നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ക്രിസ്തുമസ് കാലത്താണ് ഈ അമ്മയെ ഞാന്‍ ആദ്യമായി കാണുന്നത്. സാമ്പത്തിക പ്രയാസം കാരണം മകളുടെ നഴ്‌സിംഗ് പഠനം മുന്നോട്ട് കൊണ്ടു പോകാനാവുന്നില്ലെന്ന സങ്കടവുമായാണ് ഈ അമ്മ എന്നെ കാണാനായി വരുന്നത്.

ഈ അമ്മയുടെ സഹോദരിയും ഭര്‍ത്താവും നേരത്തെ കോവിഡ് ബാധിച്ച് മരിച്ച് പോയെന്നും അവരുടെ മക്കളെ ഈ അമ്മയാണ് നോക്കുന്നതെന്നും അമ്മയുടെ അപേക്ഷയില്‍ ഉണ്ടായിരുന്നു. ആ മക്കളുടെ ഫീസ് അടച്ചോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവരുടെ മുഴുവന്‍ ഫീസും അടച്ചിട്ടുണ്ടെന്നാണ് അമ്മ എന്നോട് പറഞ്ഞത്. ഇതെന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തി.

എന്തുകൊണ്ടാണ് സ്വന്തം മകളുടെ ഫീസ് അടയ്ക്കാതെ സഹോദരിയുടെ മക്കളുടെ ഫീസ് അടച്ചതെന്ന് ചോദിച്ചപ്പോള്‍ ‘ഈ മക്കളെ പൊന്നുപോലെ നോക്കുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട് സാറെ’- എന്നാണ് നിറകണ്ണുകളോടെ ഈ അമ്മ എന്നോട് പറഞ്ഞത്. സ്വന്തം മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും സഹോദരിയുടെ രണ്ട് മക്കളുടെയും ഫീസിലോ പഠനത്തിലോ ഇതുവരെ ഒരു മുടക്കവും ഈ അമ്മ വരുത്തിയിട്ടില്ല.

ഈ അമ്മയെ ദൈവം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല. ഈ അമ്മയുടെ മകളുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവും നമ്മുടെ നാട്ടിലെ ഒരു വ്യക്തി ഏറ്റെടുത്തിട്ടുണ്ട്. പ്രതിഫലേച്ഛയില്ലാതെ നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ ദൈവം ഉറപ്പായും നമ്മുടെ കൂടെയുണ്ടാകും എന്നതിന് ഇതില്‍ കൂടുതല്‍ തെളിവായി എന്താണ് വേണ്ടത്…ഈ പ്രിയപ്പെട്ട അമ്മയ്ക്കും സാമ്പത്തിക സഹായം നല്‍കി സഹായിച്ച വലിയ മനുഷ്യനും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍…’ഇത്രയൊക്കെ ഉണ്ട് മനുഷ്യന്‍.


Read Previous

മന്ത്രി യോഗം വിളിച്ചാല്‍ കൊമ്പന്‍ കാട് കയറുമോ? വനം മന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്റെ കുറ്റസമ്മതമെന്ന് വി.ഡി സതീശന്‍

Read Next

ഈയാഴ്ച സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular