വോട്ടുചെയ്യാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്നെത്തിയത് 2500 പേര്‍


അഗര്‍ത്തല: പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ത്രിപുരയില്‍ വോട്ടുചെയ്യാന്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികടന്ന് 2500 പേരെത്തി. വെസ്റ്റ് ത്രിപുര മണ്ഡലത്തിലെ വോട്ടര്‍മാരാണ് ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്തു ജീവിക്കുന്നത്.

മുള്ളുവേലിക്കപ്പുറവും ഇപ്പുറവുമായി ജീവിക്കുന്ന ബന്ധുജനങ്ങളുടെ കഥയാണ് ഇവര്‍ക്കുപറയാനുള്ളത്. അന്താരാഷ്ട്ര അതിര്‍ത്തി തിരിച്ച് മുള്ളുവേലി കെട്ടിയപ്പോള്‍ ഒന്നിച്ചുജീവിച്ചവരില്‍ കുറച്ചുപേര്‍ അപ്പുറവും കുറച്ചുപേര്‍ ഇപ്പുറവുമായിപ്പോയി. എല്ലാ അന്തര്‍ദേശീയ അതിര്‍ത്തികളിലും നൂറുമീറ്റര്‍ നോമാന്‍സ് ലാന്‍ഡ് എന്നാണറിയപ്പെടുക.

ഒരു രാജ്യത്തിന്റേതുമല്ലാത്ത ഭൂമി. എന്നാല്‍, കാലങ്ങളായി തങ്ങളുടെ സ്വന്തമായ ആ ഭൂമിയില്‍ വീടുവെച്ചും കൃഷിചെയ്തും ജീവിക്കുന്നവരുണ്ട്. രാജ്യങ്ങളെ വേര്‍തിരിച്ച മുള്ളുവേലിയാല്‍ രണ്ടാക്കപ്പെട്ട മനുഷ്യര്‍.

പക്ഷേ, തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ത്രിപുരയിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ക്കുവേണ്ടി രാവിലെമുതല്‍ അതിര്‍ത്തികവാടങ്ങള്‍ തുറന്നിരുന്നു. കനത്തസുരക്ഷയ്ക്കിടയില്‍ ഇവര്‍ അതിര്‍ത്തി കടന്നുവന്ന് വോട്ടുചെയ്തു.

എല്ലാദിവസവും ഇവിടെ അതിര്‍ത്തികടന്ന് ആളുകള്‍ രണ്ടുരാജ്യത്തേക്കും സഞ്ചരിക്കാറുണ്ട്. അധികാരികളില്‍നിന്ന് എല്ലാവിധ സഹകരണവും ലഭിക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് തടസ്സമില്ലാതെ വോട്ടുചെയ്യാനായെന്നും അവര്‍ പറഞ്ഞു. തന്റെ ഗ്രാമത്തിലെ 19 കുടുംബങ്ങളിലെ 50 വോട്ടര്‍മാരും വോട്ടുചെയ്യാന്‍ എത്തിയെന്ന് ബംഗ്ലാദേശ് ഭാഗത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരനായ ഹഫിസുര്‍ റഹ്‌മാന്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ബി.എസ്.എഫ്. ജവാന്മാര്‍ എല്ലാ ദിവസവും വേലി മുറിച്ചുകടക്കേണ്ട ഗ്രാമീണരുടെ തിരിച്ചറിയല്‍കാര്‍ഡുകള്‍ പരിശോധിച്ചാണ് അവരെ കടത്തിവിടുന്നത്. ജയനഗര്‍ മേഖലയില്‍ വനിതാ ബി.എസ്.എഫ്. ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഈ വേലിക്കരികില്‍ താമസിക്കുന്ന, വെസ്റ്റ് ത്രിപുര പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 2500 ആണെന്നും വേലിക്കുമുന്നിലുള്ള എല്ലാഗ്രാമങ്ങളും പശ്ചിമ ത്രിപുര പാര്‍ലമെന്റ് മണ്ഡലത്തിന്റെ അധികാരപരിധിയില്‍പ്പെടുന്നതാണെന്നും റിട്ടേണിങ് ഓഫീസര്‍ ഡോ. വിശാല്‍ കുമാര്‍ പറയുന്നു.


Read Previous

പാകിസ്ഥാനില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍

Read Next

മദ്യപിച്ച് ജോലി ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി; 97 പേർക്ക് സസ്പെൻഷൻ, 40 പേരുടെ ജോലി പോയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular