താമസസ്ഥലത്തും സ്വദേശിവത്കരണം! സ്വദേശി പാര്‍പ്പിട മേഖലയില്‍ പ്രവാസികള്‍ക്ക് വിലക്ക്, തിരിച്ചടി ബാച്ചിലേഴ്‌സിന്


കുവൈറ്റില്‍ സ്വദേശി പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലേഴ്സിന് വലിയ തിരിച്ചടി. ഫാമിലി റെസിഡന്‍ഷ്യല്‍, പ്രൈവറ്റ് ഹൗസിംഗ് ഏരിയകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാരെ വിലക്കുന്ന നിയമം വരുന്നു. ഇത്തര ക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഭവന നിയമവുമായി ബന്ധപ്പെട്ട കരട് നിര്‍ദ്ദേശം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചു. മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ ഷൂലയാണ് മന്ത്രിസഭയുടെ അനുമതിക്കായി കരട് നിയമം സമര്‍പ്പിച്ചത്. നേരത്തെ ഈ നിയമത്തിന് ഫത്വ ആന്റ് ലെജിസ്ലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കിയിരുന്നു.

നിയമം നടപ്പാകുന്നതോടെ കുവൈറ്റിലെ മുഴുവന്‍ സ്വദേശി പാര്‍പ്പിട മേഖലകളിലും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികള്‍ ഒഴിയേണ്ടി വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ചുരുങ്ങിയത് ആയിരം ദിനാര്‍ മുതല്‍ അയ്യായിരം ദിനാര്‍ വരെ പിഴ ചുമത്തും. തൊഴിലിടങ്ങളിലെ സ്വദേശിവത്കരണം മൂലം തിരിച്ചടി നേരിട്ട പ്രവാസി സമൂഹത്തിന് താമസസ്ഥലത്തെ ഈ വിലക്കും ദോഷകരമായി ബാധിക്കും.

അതേസമയം ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരാന്‍ വൈകില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ പുതിയ തീരുമാനം അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്നേക്കും. നേരത്തെ ഈ നിര്‍ദേശത്തിന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം ഏകകണ്ഠമായി അംഗീകാരം നല്‍കിയിരുന്നു. ഇതോടെ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഈ സൗകര്യം ഉടന്‍ പ്രാബല്യത്തില്‍ വരും.

പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അറിയിച്ചു. ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകും. വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യ മുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിന് ഡിസംബര്‍ വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്.

യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ ഒറ്റ വിസയില്‍ യാത്ര നടത്താനാകൂ. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ ഓരോ അംഗരാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ പ്രത്യേകം വിസയ്ക്ക് അപേക്ഷിക്കണം. ചില രാജ്യക്കാര്‍ക്ക് വിസ-ഫ്രീ അല്ലെങ്കില്‍ വിസ-ഓണ്‍-അറൈവല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.

ഇതിനിടെ സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നൽകി. ഒരു വര്‍ഷത്തേക്കാണ് രാജ്യത്ത് വാഹനം ഓടിക്കുന്നതിന് വിദേശികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെടുന്ന തീയതി വരെയോ വാഹനം ഓടിക്കാമെന്നാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ അറിയിപ്പ്. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സോ വിദേശ ലൈസന്‍സോ കൈവശമുള്ള സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് തടസമില്ല. വിദേശ സന്ദര്‍ശകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് വമ്പന്‍ മാറ്റങ്ങളാണ് സൗദി മുന്നോട്ട് വെയ്ക്കുന്നത്. സൗദി വിഷന്‍ 2030 എന്ന പേരിലാണ് ഈ പദ്ധതിയുടെ നടത്തിപ്പ്. നേരത്തെ ഒട്ടേറെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദി ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നു. ഈ വര്‍ഷം 2.5 കോടി വിദേശ വിനോദസഞ്ചാരികളെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം പത്ത് കോടിയാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഈ സാഹചര്യത്തില്‍ വിസിറ്റ് ഇലക്ട്രോണിക് വിസ സംവിധാനം അടക്കമുള്ള സൗകര്യങ്ങളൊരുക്കി ടൂറിസം രംഗത്ത് ഊര്‍ജ്ജമേകുക യാണ് സൗദി ഭരണകൂടം.


Read Previous

വിവാദമായ മഹാദേവ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്തു; നടപടിയുമായി കേന്ദ്രം

Read Next

ഗാസയില്‍ വെടിനിര്‍ത്തല്‍ തേടി അറബ് രാജ്യങ്ങള്‍, യുഎസില്‍ സമ്മര്‍ദ്ദം ചെലുത്തി; തള്ളിക്കളഞ്ഞ് ഇസ്രായേല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular