അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ഭോഷ്‌ക്’; പിന്തുണച്ച് എംഎ ബേബി


തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതി വിവേചന പരാതിയില്‍, ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്ന് ബേബി പറഞ്ഞു. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് ഭോഷ്‌കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എംഎ ബേബിയുടെ കുറിപ്പ്:

കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ കുറച്ചു വിദ്യാര്‍ത്ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു വരികയാണ്. ദൃശ്യമാധ്യമങ്ങളില്‍ വിദ്യാഭ്യാസ ത്തിനും പഠനത്തിനും ഇന്ത്യക്കാകെയും സംഭാവന നല്‌കേണ്ടുന്ന ഒരു സ്ഥാപനമാണ് കെആര്‍എന്‍ഐവിഎസ്എ. പൂണെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപന ങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്റെ വര്‍ഗീയ രാഷ്ട്രീയത്താല്‍ തകര്‍ക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്റെ നിലനില്പും വളര്‍ച്ചയും രാഷ്ട്രീയപ്രാധാന്യവും നേടുന്നു. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാല കൃഷ്ണന്‍ ആണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷന്‍. മഹാനായ ചലച്ചിത്രകാരന്‍ എന്നത് കൂടാതെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷതയടക്കമുള്ള ചുമതലകള്‍ വഹിച്ചിട്ടുള്ള സ്ഥാപനനായകനുമാണ് അദ്ദേഹം.

അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളു. തന്റെ ജീവിതചുറ്റുപാടുകള്‍ക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അദ്ദേഹം. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണ്. മലയാളസിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അടൂര്‍ തന്റെ അമ്പത് വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ മാറിനിന്നു. തന്റെ പ്രതിഭയുടെ മികവ് കൊണ്ടുമാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി പോവേണ്ട സാഹചര്യം അടൂരിന് ഉണ്ടാവാതിരുന്നത്. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്.

ഇന്നത്തെ ഇന്ത്യയിലെ മനുവാദ അര്‍ധ ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ നിരന്തരം ഉയര്‍ന്ന ശബ്ദങ്ങളില്‍ ഒന്ന് അടൂരിന്റേതാണെന്നത് ചെറിയ കാര്യമല്ല. വെറും മൗനം കൊണ്ടു മാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികള്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ അധ്യക്ഷസ്ഥാനം ഒന്നും അല്ല. ജീവിതകാലം മുഴുവന്‍ അടൂര്‍ ഒരു മതേതരവാദിയായി രുന്നു. വര്‍ഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിര് നിന്നു. സ്വയംവരം നിര്‍മിച്ചതി ന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേള അടൂരിന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് ആദരവര്‍പ്പിക്കേണ്ടതാണ്. ഓരോ മാധ്യമപ്രവര്‍ ത്തകര്‍ അദ്ദേഹത്തെ പ്രകോപിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം തിരിച്ചടി ക്കുന്ന ഉത്തരങ്ങളല്ല അടൂര്‍. അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂര്‍.


Read Previous

സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കൊളീജിയത്തിലല്ല, സെര്‍ച്ച് കമ്മിറ്റിയില്‍: വിശദീകരണവുമായി കേന്ദ്രം

Read Next

‘രക്തം വാര്‍ന്ന് പോയിട്ടും വേണ്ട ചികിത്സ ലഭിച്ചില്ല, ഐസിയു ആംബുലന്‍സ് കിട്ടിയില്ല’; ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Most Popular