9 വിക്കറ്റുകള്‍ പിഴുത് ദീപ്തി; ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; ടെസ്റ്റില്‍ കൂറ്റന്‍ ജയം


മുംബൈ: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റില്‍ 347 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഇംഗ്ലണ്ടിനു മുന്നില്‍ 479 റണ്‍സിന്റെ ലക്ഷ്യം വച്ച ഇന്ത്യ സന്ദര്‍ശകരുടെ പോരാട്ടം വെറും 131 റണ്‍സില്‍ അവസാനിപ്പിച്ചാണ് ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടത്താന്‍ ഇന്ത്യന്‍ വനിതകള്‍ അനുവദിച്ചില്ല. വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ കളി അവസാനി പ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.

രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനം അതേ സ്‌കോറില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 136 റണ്‍സില്‍ അവസാനിച്ചിരുന്നു. 292 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് 478 റണ്‍സാണ് ആകെ ലീഡ്. 

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മ തന്നെ രണ്ടാം ഇന്നിങ്‌സിലും ഇഗ്ലണ്ടിന്റെ അടിവേരിളക്കി. താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ മൊത്തം വിക്കറ്റ് നേട്ടം ഒന്‍പതില്‍ എത്തിച്ചാണ് താരം തിളങ്ങിയത്. പൂജ വസ്ത്രാകര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റുകളും രേണുക സിങ് ഒരു വിക്കറ്റും പോക്കറ്റിലാക്കി. 

രണ്ടാം ഇന്നിങ്‌സില്‍ 21 റണ്‍സെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റാണ് ടോപ് സ്‌കോറര്‍. ചാര്‍ലി ഡീന്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (44), പൂജ വസ്ത്രാകറുമായിരുന്നു (17) ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ഇന്ത്യ പതറിയിരുന്നു. 133 റണ്‍സിനെ ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് ഏഴാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും പൂജയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഷെഫാലി വര്‍മ (33), സ്മൃതി മന്ധാന (26) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യസ്തിക ഭാട്ടിയ (9), ജെമിമ റോഡ്രിഗസ് (27), ദീപ്തി ശര്‍മ (20), സ്‌നേഹ് റാണ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.  ഇംഗ്ലണ്ടി നായി ചാര്‍ലി ഡീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സോഫി എക്ലസ്‌റ്റോണിനാണ് ശേഷിച്ച രണ്ട് വിക്കറ്റുകള്‍. 

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മയുടെ മികവാണ് ഇംഗ്ലണ്ടി ന്റെ നടുവൊടിച്ചത്. 59 റണ്‍സെടുത്ത നാറ്റ് സീവര്‍ മാത്രമാണ് ചെറുത്തു നിന്നത്. മറ്റൊരാള്‍ക്കും കാര്യമായി തിളങ്ങാനായില്ല. 5.3 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് ദീപ്തി അഞ്ച് വിക്കറ്റുകള്‍ പിഴുതത്. നാലോവറുകള്‍ മെയ്ഡനായിരുന്നു. സ്‌നേഹ് റാണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രേണുക സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. നേരത്തെ സതീഷ് ശുഭ (69), ജെമിമ റോഡ്രിഗസ് (68), യസ്തിക ഭാട്ടിയ (66), ദീപ്തി ശര്‍മ (67) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49) തിളങ്ങി.


Read Previous

ഏതോ മരുന്ന് കഴിക്കാന്‍ മറന്നുപോകുന്നുണ്ട്; മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ അത് ശ്രദ്ധിക്കണം; പരിഹസിച്ച് സതീശന്‍

Read Next

ഇതൊന്നും ഓര്‍ക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട’; കേരളത്തില്‍ ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച സ്ഥിതിയെന്ന് വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular