ഇ.പി ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നു’: മകന്റെ സന്ദേശവും ഡല്‍ഹി ടിക്കറ്റും പുറത്തു വിട്ട് ശോഭാ സുരേന്ദ്രന്‍


ആലപ്പുഴ: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണി മൂലമാണ് അദേഹം പിന്‍മാറിയതെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന്‍.

ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകന്‍ അയച്ച വാട്സാപ്പ് സന്ദേശവും പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലേക്ക് പോകുന്നതിനായി ദല്ലാള്‍ നന്ദകുമാര്‍ എടുത്തു നല്‍കിയ ടിക്കറ്റും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

‘2023 ഏപ്രില്‍ 24 ന് ശോഭാ സുരേന്ദ്രന് ഡല്‍ഹിയിലേക്ക് പോകാന്‍ നന്ദകുമാര്‍ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന്‍ എന്തിനാണ് എന്റെ വാട്സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാന്‍ കാണുന്നത് 2023 ജനുവരി 18 നാണ്.

എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് ഞാന്‍ കണ്ടത്. ടി.ജി രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയില്‍ ചേരാന്‍ വന്നാലും എട്ട് സംസ്ഥാനങ്ങളുടെ ചുമതലക്കാരിയായിട്ടുള്ള എനിക്ക് ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ട്. അത് ഇനിയും തുടരും’- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ജയരാജന്‍ കേരളത്തില്‍ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി എന്തും ചെയ്യാന്‍ മടിയില്ലാത്ത നേതാവാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്രയും കാലം പറയാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ വാര്‍ത്താ സമ്മേള നത്തില്‍ വ്യക്തിഹത്യ നടത്തിയ ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒരു സ്ത്രീയെ വ്യക്തിപരമായി അങ്ങേയറ്റം അപമാനി ക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാര്‍ ശ്രമിച്ചത്.

തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഡിജിപിക്കടക്കം നന്ദകുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് മുന്നേറ്റമുണ്ടാകുമെന്നും സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തനിക്കെതിരെയുള്ള വേട്ടയാടലുകള്‍. ഇതിന് പിന്നില്‍ ഗോകുലം ഗോപാലന്റെ കരങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചു. അതിലൊന്നും പേടിച്ച് പിന്‍മാറുന്നയാളല്ല താനെന്നും അവര്‍ വ്യക്തമാക്കി.


Read Previous

തൃശൂരില്‍ ബിജെപി വോട്ടിന് 500 രൂപ നല്‍കി’; പരാതിയുമായി ശിവരാമപുരം കോളനി നിവാസികള്‍

Read Next

നാളെ വോട്ടെടുപ്പ് നില തത്സമയം അറിയാം; വോട്ടര്‍ ടേണ്‍ഔട്ട് മൊബൈല്‍ ആപ്പ് റെഡി, സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോള്‍ അറിയാനാവും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular