ബൂത്തുകളിൽ നീണ്ട നിര; മൂന്ന് മണിക്കൂറിൽ 19.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി, കൂടുതൽ ആറ്റിങ്ങൽ മണ്ഡലത്തിൽ, തിരൂരിലെ ആദ്യ വോട്ടർ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു


തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ആകെ പോളിംഗ് ശതമാനം 19.27 ശതമാനം രേഖപ്പെടുത്തി. രാവിലെ 10.15 വരെയുള്ള കണക്കാണിത്. ആറ്റിങ്ങൽ (20.55) മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് (16.68) ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും തമ്മിലുള്ള ഉഗ്രമായ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ്.

10.15 മണിവരെയുള്ള പോളിംഗ് ശതമാനം മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കുടി-19.79
11. തൃശൂര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79

പല ബൂത്തുകളിലും യന്ത്രത്തകരാർ ഉണ്ടാവുകയും അത് പരിഹരിക്കപ്പെടുകയും ചെയ്‌തു. ഇക്കാരണത്താൽ വോട്ടിംഗ് വൈകിയ ബൂത്തുകളുണ്ട്. ചിലയിടത്ത് വിവിപാറ്റ് മെഷീനും തകരാറിലായി. ഇക്കാരണത്താൽ വൃദ്ധരടക്കം നിരവധിപേരാണ് നീണ്ട ക്യൂവിൽ ഏറെ സമയം കാത്തുനിന്നത്. പിന്നീട് പകരം വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ച് പ്രശ്‌നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിരുന്നു.

രാഷ്ട്രീയ പ്രവർത്തകരും സിനിമാ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ അതിരാവിലെ വോട്ട് ചെയ്യാൻ ബൂത്തുകളിലെത്തി. വൈകിട്ട് ആറ് മണിവരെ വോട്ടെടുപ്പ് നീളും. രാവിലെ 5.30നാണ് ബൂത്തുകളിൽ മോക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2,77,49,159 വോട്ടർമാരാണ് ആകെയുള്ളത്. മലപ്പുറം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്‌ന സാദ്ധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തിര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

തിരൂരിലെ ആദ്യ വോട്ടർ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു

തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാ പകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാ ഞ്ഞിരം സ്കൂളിലെ 130 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് മരണപ്പെട്ടത്. ഭാര്യ:ഫാത്തിമ. മക്കൾ: മുനീർ (ദുബായ് ), ആയിഷ, ലുക്മാൻ (ദുബായ് ),സാബിറ. മരുമക്കൾ : ഗഫൂർ (സൗദിഅറേബ്യ), ഷറഫുദ്ദീൻ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയിൽ).


Read Previous

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍

Read Next

സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ പിയെ കരുവാക്കി ഒന്നാംപ്രതിയായ മുഖ്യമന്ത്രി തടിതപ്പുന്നു: വി ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular