മുംബൈയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; ഏജന്‍സിക്ക് ആറു ലക്ഷം നല്‍കി കപ്പലില്‍ ജോലിതേടി മുംബൈയിലെത്തിയത് രണ്ട് ദിവസം മുന്‍പ്, മരണത്തില്‍ ദുരൂഹതയെന്ന് വീട്ടുകാര്‍


തിരുവനന്തപുരം: മുംബൈയില്‍ കപ്പല്‍ ജോലിക്കുപോയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല വന്യക്കോട് കോട്ടവിള വീട്ടില്‍ രാഹുല്‍ രാജന്‍ (21) ആണ് മരിച്ചത്.


താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍നിന്നു വീണു മരിച്ചെന്നാണു വീട്ടുകാര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. ചൊവ്വാഴ്ച വെളുപ്പിന് മൂന്നരയോടെയാണ് രാഹുല്‍ അപകടത്തില്‍പ്പെട്ട വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. ലോഡ്ജ് ജീവനക്കാരാണ് വിവരം വിളിച്ച് പറഞ്ഞത്.

കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത സ്ഥാപനത്തിന്റെ നിര്‍ദേശപ്രകാരം ഞായറാഴ്ചയാണ് രാഹുല്‍ മുംബൈയ്ക്ക് ട്രെയിന്‍ കയറിയത്. തിങ്കളാഴ്ച രാത്രി നവി മുംബൈയില്‍ എത്തിയ രാഹുല്‍ രാത്രി 11 വരെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും സംസാരിച്ചു.

രാത്രി ഒന്നേമുക്കാലോടെ നാലാം നിലയില്‍നിന്നു താഴെവീണു കിടക്കുന്ന നിലയില്‍ രാഹുലിനെ കണ്ടെത്തുകയായിരുന്നു എന്നാണ് രാഹുല്‍ താമസിച്ചിരുന്ന ലോഡ്ജിലെ ജീവനക്കാരുടെ മൊഴി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും രാഹുലിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

ആറ് ലക്ഷം രൂപ വാങ്ങിയാണു കുഴിത്തുറയിലെ സ്ഥാപനം രാഹുലിനു ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയത്. വസ്തു വിറ്റാണ് ഈ തുക വീട്ടുകാര്‍ കണ്ടെത്തിയത്. രാഹുലിന്റെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പാറശാല പൊലീസില്‍ പരാതി നല്‍കി.


Read Previous

ബിജെപി ലക്ഷ്യമിടുന്നത് 400 സീറ്റോടെ ഹാട്രിക് വിജയം: മറ്റ് പാര്‍ട്ടിയിലെ ജനസമ്മതിയുള്ള നേതാക്കളെ അടര്‍ത്തിയെടുക്കാനും ശ്രമം

Read Next

ബിജെപി-ആര്‍എസ്എസ് പരിപാടി’: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular