ഗോള്‍ ദാഹമടങ്ങി, കോസ്റ്ററിക്കയ്ക്ക് സ്‌പെയിനിന്റെ ‘സെവനപ്പ്’!


ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഗോള്‍ മഴ പെയ്യിച്ച്‌ തുടങ്ങി. ഗ്രൂപ്പ് ഇ മാച്ചില്‍ കോസ്റ്ററിക്കയെയാണ് സ്‌പെയിന്‍ 7-0നു നിഷ്പ്രഭരാക്കിയത്. ആദ്യ പകുതിയില്‍ തന്നെ മൂന്നു തവണ കോസ്റ്ററിക്കന്‍ വലയില്‍ പന്തെത്തിച്ച് സ്‌പെയിന്‍ വിജയമുറപ്പാക്കിയിരുന്നു. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി നേടി അവര്‍ തങ്ങളുടെ ആധിപത്യം പൂര്‍ത്തിയാക്കുകയും ചെയ്തു.

ഡാനി ഓല്‍മോ (11ാം മിനിറ്റ്), മാര്‍ക്കോ അസെന്‍സ്യോ (21), ഫെറാന്‍ ടോറസ് (31) എന്നിവരുടെ ഗോളുകളിലാണ് സ്‌പെയിന്‍ ആദ്യ പകുതിയില്‍ തന്നെ കളി വരുതിയിലാക്കിയത്. രണ്ടാംപകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ടോറസ് (54) നേടിയപ്പോള്‍ ഗാവി (74), കാര്‍ലോസ് സോളാര്‍(90), അല്‍വാറോ മൊറാറ്റ (90+2) എന്നിവരും ആഘോഷത്തില്‍ പങ്കാളികളായി.

സ്‌പെയിന്‍- കോസ്റ്ററിക്ക മല്‍സരത്തില്‍ ആദ്യപകുതിയില്‍ സ്‌പെയിന്‍ മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. തങ്ങളുടെ സ്വതസിദ്ധമായ പാസിങ് ഗെയിമിലൂടെ അവര്‍ കളിക്കളം അടക്കിവാണു. ഗ്രൗണ്ടിലുടനീളം സ്‌പെയിനിന്റെ ചെമ്പട പാസുകളിലൂടെ വല നെയ്‌തെടുത്തപ്പോള്‍ ഇവയ്ക്കു നടുവില്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ കോസ്റ്ററിക്കയ്ക്കായുള്ളൂ.

മിനിറ്റുകളോളം ബോള്‍ ഒന്നു ടച്ച് ചെയ്യാന്‍ പോലും അവര്‍ക്കായില്ല. അത്ര മാത്രം ആധിപത്യമായിരുന്നു സ്‌പെയിന്‍ പുറത്തെടുത്തത്. ആദ്യ ഗോള്‍ മല്‍സരത്തില്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ 11ാം മിനിറ്റില്‍ കോസ്റ്ററിക്കന്‍ വലയില്‍ സ്‌പെയിന്‍ പന്തെത്തിച്ചു. മനോഹരമായ ഒരു നീക്കത്തിനൊടുവില്‍ അതിനേക്കാള്‍ സുന്ദരമായിരുന്നു ഗോള്‍.

ഗാവി ചിപ്പ് ചെയ്ത് ബോക്‌സിനുള്ളിലേക്കിട്ട ബോള്‍ ഓല്‍മയോക്ക്. ബോള്‍ കാലില്‍ സ്വീകരിച്ച ഓല്‍മോ ഒന്നു തിരിഞ്ഞ ശേഷം ബോളില്‍ മുന്നിലേക്കിട്ടു. ഗോളി കെയ്‌ലര്‍ നവാസ് മുന്നോട്ട് കയറി വന്നെങ്കിലും ഓല്‍മോ അത് തലയ്ക്കു മുകളിലൂടെ വലയിലേക്കു ചിപ്പ് ചെയ്തിടുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിനിന്റെ രണ്ടാം ഗോള്‍ കൂടിയാണിത്.

10 മിനിറ്റിനുളളില്‍ അസെന്‍സ്യോ സ്‌പെയിനിന്റെ ലീഡുയര്‍ത്തി. ജോര്‍ഡി ആല്‍ബയുടേതായിരുന്നു അസിസ്റ്റ്. ഇടതു വിങിലൂടെ പറന്നെത്തിയ ആല്‍ബ ബോക്‌സിനകത്തേക്കു ബോള്‍ ചെത്തിയിട്ടു. സെന്ററിലൂടെ ഓടിക്കയറിയ അസെന്‍സ്യേയുടെ കാലിലേക്കാണ് താഴ്ന്ന ക്രോസ് വന്നത്. ഫസ്റ്റ് ടൈം ഇടം കാല്‍ ഹാഫ് വോളിയിലൂടെ അസെന്‍സ്യോ ബോളിനെ വലയിലേക്കു വഴി കാണിക്കുകയും ചെയ്തു.

34ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സ്‌പെയിന്‍ സ്‌കോര്‍ 3-0 ആക്കി. ഈ ഗോളിനു പിറകിലും ആല്‍ബയുടെ സ്പര്‍ശമുണ്ടായിരുന്നു. ആല്‍ബയെ കോസ്റ്ററിക്കന്‍ താരം ഡുവാര്‍ട്ടെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു റഫറി പെനല്‍റ്റി വിധിച്ചത്. മനോഹരമായ പെനല്‍റ്റിയിലൂടെ ടോറസ് ലക്ഷ്യം കാണുകയും ചെയ്തു.

രണ്ടാംപകുതിയിലെ ആദ്യ മിനിറ്റുകൡ കളിയിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോസ്റ്ററിക്കയെയാണ് കണ്ടത്. ഗോള്‍ മടക്കാന്‍ അവര്‍ കൈയ്‌മെയ് മറന്നു പോരാടി. പക്ഷെ കോസ്റ്ററിക്കയുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് 57ാം മിനിറ്റില്‍ ടോറസ് സ്‌പെയിനിന്റെ നാലാം ഗോളും കണ്ടെത്തി. ബോക്‌സിലേക്കു വന്ന പാസ് പിന്തിരിഞ്ഞു നിന്ന് സ്വീകരിച്ച ടോറസ് ഒന്നു ടേണ്‍ ചെയ്ത ശേഷം ബ്ലോക്ക് ചെയ്യാന്‍ നിന്ന കോസ്റ്ററിക്കന്‍ ഡിഫന്‍ഡറെയും തൊട്ടു പിറകിലുണ്ടായരുന്ന ഗോളി നവാസിനെയും കാഴ്ചക്കാരാക്കി വലയിലേക്കു തൊടുത്തു.

അതുകൊണ്ടും സ്‌പെയിന്‍ മതിയാക്കിയില്ല. 74ാം മിനിറ്റില്‍ മൊറാറ്റ ബോക്‌സിലേക്കു നല്‍കിയ ക്രോസില്‍ ഗാവിയുടെ ഇടംകാല്‍ ഗ്രൗണ്ടില്‍ വലതു പോസ്റ്റിലിടിച്ച ശേഷം വലയിലേക്കു കയറുകയായിരുന്നു. 90ാം മിനിറ്റില്‍ റീബൗണ്ട് വലയിലേക്ക് അടിച്ചു കയറ്റി സോളാര്‍ സ്‌കോര്‍ 6-0 ആക്കി. ഇഞ്ചുറിടൈമില്‍ മൊറാറ്റ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി.


Read Previous

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു, തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റി.

Read Next

കാനറികള്‍ ഇന്ന് കളത്തില്‍: ബ്രസീല്‍-സെര്‍ബിയ പോരാട്ടം രാത്രി 12.30ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular