ഈ പാർലമെന്‍റ് സമ്മേളനം നിർണായകം; ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ വച്ചുണ്ടാകും


ന്യൂഡൽഹി: ഈ പാർലമെന്‍റ് സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനമാണ് നടക്കാൻ പോകുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ വച്ചുണ്ടാകും. പുതിയ വിശ്വാസത്തോടെയും ഊർജത്തോടെയും പുതിയ മന്ദിരത്തിലേക്കു പ്രവേശിക്കും. പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ മന്ദിരത്തിൽ പ്രവേശിയ്ക്കണം. നാളെ ഗണേഷചതുർഥിയാണ്. ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്നങ്ങളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്‍റിന്‍റെ 5 ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്നു തുടക്കമാകുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടി വലിയ വിജയമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറി. ചന്ദ്രയാൻ 3 പദ്ധതിയെ പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യൻ പതാക ചന്ദ്രനിൽ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞു. ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെ മുതൽ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും. ഇന്ന് പഴയ മന്ദിരത്തിൽ പാർലമെന്റിന്റെ 75 വർഷം സംബന്ധിച്ച പ്രത്യേകസമ്മേളനം നടക്കും. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി മുതലുള്ള ചരിത്രമാണു വിഷയം. 

നാളെ പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനമുണ്ടാകും. തുടർന്നു പഴയ മന്ദിരത്തിന്റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ്ഫോട്ടോയെടുപ്പ് നടക്കും. സെപ്റ്റംബർ 20 മുതൽ 22 വരെ പുതിയ മന്ദിരത്തിലാണ് സമ്മേളനം. അവിടെയും സഭാംഗങ്ങളുടെ ഫോട്ടോയെടുപ്പുണ്ടാകും. 

പ്രത്യേക സമ്മേളനത്തിൽ തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിപ്പ്. വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ബിജെപിയോടൊപ്പം നിൽക്കുന്ന ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും പിന്തുണച്ചു. 

അദാനി വിഷയം, ചൈനയുടെ കയ്യേറ്റം, മണിപ്പുർ വിഷയം എന്നിവയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.


Read Previous

സിപിഎം നേതാവ് എം.കെ.കണ്ണൻ പ്രസിഡന്റായ ബാങ്കിലും, സായുധ സേനയുമായി തൃശൂരിൽ വ്യാപക റെയ്ഡ്

Read Next

ഒളിച്ചിരിയ്ക്കുന്ന ഭീകരരെ പുറത്തുചാടിയ്ക്കാനുള്ള സുരക്ഷാസേനയുടെ തിരച്ചിൽ ഇന്നലെ 5 ദിവസം പിന്നിട്ടു; ഭീകരർ ജനവാസമേഖലകളിലേയ്ക്കു കടക്കാതിരിയ്ക്കാന്‍ സുരക്ഷ ശക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular